ന്യൂഡൽഹി: രാജ്യത്ത് നാൽപ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഏപ്രിൽ ഒന്നു മുതൽ കോവിഡ് വാക്‌സീൻ നൽകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. ഇതിനായി എല്ലാവരും രജിസ്റ്റർ ചെയ്യണമെന്നും മന്ത്രി പറഞ്ഞു. വാക്‌സിനേഷൻ മൂന്നാം ഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം.

രണ്ടാം ഡോസ് എടുക്കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. നിലവിൽ ആദ്യ ഡോസ് കോവിഷീൽഡ് വാക്‌സീൻ എടുത്തവർ അടുത്ത ഡോസ് എട്ടാഴ്ചയ്ക്കുള്ളിൽ എടുത്താൽ മതി. രാജ്യത്ത് വാക്‌സീനു ക്ഷാമമില്ല, ആവശ്യത്തിനു വാക്‌സീൻ ഡോസുകളുണ്ടെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേകർ വ്യക്തമാക്കി.



പുതിയ റിപ്പോർട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് 'കോവിഷീൽഡ്' വാക്‌സീൻ ഡോസുകൾക്കിടയിൽ മാറ്റം വരുത്താൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്. 4 മുതൽ 8 ആഴ്ചകളുടെ വ്യത്യാസത്തിൽ രണ്ടാം ഡോസ് സ്വീകരിക്കുന്നതിലൂടെ കൂടുതൽ പ്രതിരോധം ലഭിക്കും. 46 ആഴ്ചകളുടെ വ്യത്യാസത്തിൽ വാക്‌സീൻ നൽകാമെന്നായിരുന്നു കോവിഷീൽഡിന് അടിയന്തര ഉപയോഗാനുമതി നൽകുമ്പോൾ വ്യക്തമാക്കിയിരുന്നത്. ഡോസുകൾക്കിടയിലെ മാറ്റം കോവിഷീൽഡിനു മാത്രമാണു ബാധകം. കോവാക്‌സീൻ നൽകുന്നതു നിലവിലെ രീതിയിൽ തുടരും.

നിലവിൽ അറുപതു വയസ്സിനു മുകളിലുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. നാൽപ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ള, മറ്റ് അസുഖങ്ങൾ ഉള്ളവർക്കും വാക്സിൻ ന്ൽകിവരുന്നുണ്ട്.

കോവിഡ് വാക്സിനേഷനുള്ള സമയ പരിധി നേരത്തെ സർക്കാർ നീക്കിയിരുന്നു. ജനങ്ങൾക്ക് ഏതു സമയത്തും വാക്സിൻ സ്വീകരിക്കാം. ദിവസത്തിൽ എപ്പോൾ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച് ജനങ്ങൾക്കു വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞു.

വാക്സിനേഷൻ കേന്ദ്രങ്ങൾ കൃത്യമായ സമയ പരിധി പാലിക്കേണ്ടതില്ല. വാക്സിനേഷൻ സമയം മുന്നോട്ടോ പിന്നോട്ടോ ആക്കാൻ സൗകര്യമൊരുക്കണം. വാക്സിനേഷനു വേഗം വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാനും ഇതിലൂടെ കഴിയും.

കഴിഞ്ഞ മാസം ഒന്നിനാണ് അറുപതു വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിൽ മറ്റു രോഗങ്ങൾ ഉള്ളവർക്കുമുള്ള വാക്സിനേഷന് രാജ്യത്ത് തുടക്കമായത്.

രാജ്യത്ത് ആറ് സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിൽ ശമനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര റിപ്പോർട്ട്. വിവിധ സംസ്ഥാനങ്ങളിലായി പഠനം നടത്തിയ പ്രത്യേക സമിതി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, തമിഴ്‌നാട്, ഛത്തീസ്‌ഗഢ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൽലാണ് കോവിഡ് രോഗികളുടെ എണ്ണം ഇപ്പോഴും ഉയർന്നു നിൽക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80.90ശതമാനം പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം ഒന്നിലധികം തവണ ഈ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുകയും ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരുന്നതുമാണ്.

എന്നാൽ രാജ്യത്തെ മൊത്തം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 40,715 പേർക്കാണ് പുതിയതായി കോവിഡ് ബാധിച്ചിട്ടുള്ളത്. മുമ്പ് ഇത് നാൽപ്പത്തിയാറായിരം പേർക്കായിരുന്നു. മുംബൈയിലും, പുനെയിലുമുൾപ്പടെ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടും മഹാരാഷ്ട്രയിലെ കോവിഡ് ആശങ്കയ്ക്ക് ശമനമില്ല. പഞ്ചാബ്, കേരളം, കർണാടക, തമിഴ്‌നാട്, ഛത്തിസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആയിരത്തിലധികം കേസുകൾ ഉണ്ട്. ഡൽഹിയിലും പ്രതിദിനം 800 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനിടെ രാജ്യത്ത് ഉപയോഗിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനുകൾ സുരക്ഷിതമാണെന്ന് കേന്ദ്ര സമിതി അറിയിച്ചു. വാക്സിൻ കുത്തിവെക്കുന്നവരിൽ ചോര കട്ടപിടിക്കുന്നതുൾപ്പടെയുള്ള പാർശ്വഫലങ്ങളില്ലെന്നുംസംഘം കണ്ടെത്തി. കൊവിഷീൽഡ് കുത്തിവയ്ക്കുന്നവരിൽ രക്തം കട്ടപിടിക്കുന്നുവെന്ന പ്രചരണം ശക്തമായതിനെ തുടർന്നാണ് പാർശ്വഫലങ്ങളെക്കുറിച്ച് പഠിക്കാൻ ആരോഗ്യമന്ത്രാലയം വിദഗ്ധ സംഘത്തെ നിയോഗിച്ചത്.