- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിനേഷനിൽ യുഎസിനെ മറികടന്ന് ഇന്ത്യ; ലോകത്ത് ഏറ്റവും വേഗത്തിൽ പ്രതിരോധ കുത്തിവയ്പ് നൽകുന്ന രാജ്യം; ആകെ 8.70 കോടി കവിഞ്ഞു; പ്രതിദിനം ശരാശരി 30,93,861 വാക്‌സീൻ ഡോസുകൾ നൽകുന്നുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
ന്യൂഡൽഹി: കോവിഡ് പ്രതിരോധ കുത്തിവയ്പിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ. ലോകത്ത് ഏറ്റവും വേഗത്തിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന അഭിമാനകരമായ വാർത്തയുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. ഇതുവരെയുള്ള വാക്‌സീൻ ഡോസുകളുടെ എണ്ണം ബുധനാഴ്ച 8.70 കോടി കവിഞ്ഞു.
പ്രതിദിനം ശരാശരി 30,93,861 വാക്‌സീൻ ഡോസുകൾ നൽകുന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.ചൊവ്വാഴ്ചയും ബുധനാഴ്ച രാവിലെയുമായി 33 ലക്ഷത്തിലധികം ഡോസുകളാണു നൽകിയത്. രാജ്യത്തു ദിനംപ്രതി പുതിയ രോഗബാധിതരുണ്ടാകുന്ന പശ്ചാത്തലത്തിലാണ് വാക്‌സിനേഷൻ വേഗത്തിലാക്കുന്നത്.
സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നീ വാക്സിനുകളാണ് വാക്‌സിനേഷനായി നൽകുന്നത്. ജനുവരി 16നാണ് കോവിഡ് വാക്‌സിനേഷന് രാജ്യത്ത് തുടക്കമായത്.
ബുധനാഴ്ച 1,15,736 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം 8,43,473ൽ എത്തി. ആകെ മരണസംഖ്യ 1,66,177 ആയി.
മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണു കേസുകൾ കൂടുതൽ. പുതിയ കേസുകളിൽ 80.70 ശതമാനവും ഈ എട്ട് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.
രാജ്യത്ത് കോവിഡ് വാക്സിൻ ക്ഷാമമില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രി ഹർഷ വർധൻ നേരത്തെ അറിയിച്ചിരുന്നു. ഓരോ സംസ്ഥാനത്തിനും വേണ്ട വാക്സിൻ ലഭിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
മുംബൈ നഗരത്തിലെ വാക്‌സിൻ സ്റ്റോക്ക് അവസാനിച്ചുകൊണ്ടിരിക്കുയാണെന്നും ഒരുലക്ഷത്തിനടുത്ത് കോവിഷീൽഡ് വാക്‌സിൻ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മുംബൈ മേയർ കിഷോറി പെഡ്‌നേക്കർ അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ കൈയിൽ ഇനി ഒരു ലക്ഷത്തോളം കോവിഷീൽഡ് ഡോസുകളാണ് അവശേഷിക്കുന്നതെന്നും വാക്‌സിൻ അപര്യാപ്തതയുണ്ടെന്നുമായിരുന്നു മുംബൈ മേയർ പറഞ്ഞത്.
14 ലക്ഷം കോവിഡ് വാക്സിന്റെ സ്റ്റോക്ക് മാത്രമേ സംസ്ഥാനത്തുള്ളുവെന്നും മൂന്ന് ദിവസത്തേക്ക് മാത്രമേ അത് തികയുകയുള്ളുവെന്നും മഹാരാഷ്ട്ര സർക്കാരും നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു.
പിന്നാലെ ആന്ധ്രാപ്രദേശും വാക്‌സിൻ ക്ഷാമത്തിലുള്ള ആശങ്കയറിയിച്ച് രംഗത്തെത്തി. 3.7 ലക്ഷം വാക്‌സിസിൻ ഡോസുകൾ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു ആന്ധ്ര സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ഹർഷ വർധൻ. ഒരു സംസ്ഥാനത്തും വാക്സിൻ ക്ഷാമം ഉണ്ടാക്കില്ലെന്ന് ഹർഷ വർധൻ ഉറപ്പു നൽകി.
'ഒരു സംസ്ഥാനത്തും നിലവിൽ വാക്സിൻ ക്ഷാമം ഇല്ല. അങ്ങനെ ഒരവസ്ഥ സംജാതമാകാൻ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ അപര്യാപ്തത ഇല്ല. ആവശ്യത്തിനനുസരിച്ചുള്ള വാക്സിൻ വിതരണം തുടരും', ഹർഷ വർധൻ പറഞ്ഞു.
അതേ സമയം കോവിഡ് വാക്സിനുകൾ എല്ലാവർക്കും നൽകി സാർവത്രികപ്രതിരോധശേഷി സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നാണ് ലോക്‌സഭയിൽ കേന്ദ്ര ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നത്.
പ്രാഥമിക പരിഗണന അർഹിക്കുന്ന ആരോഗ്യപ്രവർത്തകർക്കും മുതിർന്ന പൗരന്മാർക്കും 45 നും 59 നും മധ്യേ പ്രായപരിധിയിലുള്ളവർക്കും എന്ന രീതിയിലാണ് ഇപ്പോൾ രാജ്യത്ത് വാക്സിൻ വിതരണം നടപ്പിലാക്കുന്നത്. വരും ദിവസങ്ങളിൽ ഇത് കൂടുതൽ വ്യാപകമാക്കും. ഇന്ത്യയിലെ വിദഗ്ധരുടെ അഭിപ്രായം മാത്രമല്ല ലോകാരോഗ്യസംഘടനയുടെ മാർഗനിർദ്ദേശങ്ങൾ കൂടി പ്രാഥമിക പരിഗണന അർഹിക്കുന്നവരെ സംബന്ധിച്ച് മുഖവിലയ്ക്കെടുത്തതായി ഹർഷവർധൻ അറിയിച്ചു.
ശാസ്ത്രീയമായി, എല്ലാവർക്കും വാക്സിൻ നൽകേണ്ട ആവശ്യകതയില്ല. ലോകത്തിലെ എല്ലാ ജനങ്ങൾക്കും പ്രതിരോധ കുത്തിവെയ്പ് എടുക്കേണ്ട കാര്യമില്ല. പ്രാഥമിക പരിഗണന എന്നത് വ്യത്യാസപ്പെടാം. വൈറസിനും വ്യതിയാനം സംഭവിച്ച് കൊണ്ടിരിക്കുന്നു. എല്ലാ കാര്യങ്ങൾക്കും ശാസ്ത്രീയമായ അടിത്തറയുണ്ട്. ഒരു സംഘം വിദഗ്ധരുടേയും ആരോഗ്യവകുപ്പിലെ ജീവനക്കാരുടേയും കൂട്ടായ കഠിനപ്രയത്നത്തിന്റേയും ശാസ്ത്രീയ പരീക്ഷണങ്ങളുടേയും ഫലമാണ് ഇന്ന് നാം കാണുന്നതെന്നും ഹർഷവർധൻ ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു.
വാക്സിൻ കൊണ്ട് പ്രതിരോധിക്കാവുന്ന രോഗങ്ങൾക്ക് വേണ്ടിയുള്ളതാണ് വാക്സിനുകൾ. വിവിധ ഘട്ടങ്ങളിലെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് വാക്സിൻ നൽകിത്തുടങ്ങുന്നത്. വിദഗ്ധരുടെ വിശദമായ പഠനത്തിന് ശേഷമാണ് വാക്സിൻ വിതരണത്തിന് അനുമതി നൽകുന്നതെന്നും അദ്ദേഹം ലോക്‌സഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ന്യൂസ് ഡെസ്ക്