- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്ത് അനുമതിയുള്ള വാക്‌സീൻ ഇന്ത്യയിൽ ഉപയോഗിക്കാം; പരീക്ഷണം നടത്തി അനുമതി വാങ്ങേണ്ടതില്ല; വാക്‌സീൻ നയത്തിൽ മാറ്റം വരുത്തി ഇന്ത്യ; ആദ്യം വാക്‌സിനേഷൻ സ്വീകരിക്കുന്ന നൂറ് പേരെ നിരീക്ഷിക്കും; ആരും പിന്നിലാകില്ലെന്ന് ഉറപ്പാക്കുന്നതാണ് രാജ്യത്തിന്റെ 'വാക്സിൻ മൈത്രി' നയമെന്ന് വിദേശകാര്യമന്ത്രി
ന്യൂഡൽഹി: വാക്‌സിനേഷൻ നയത്തിൽ കാതലായ മാറ്റം വരുത്തി ഇന്ത്യ. വിദേശത്ത് അനുമതിയുള്ള കോവിഡ് വാക്‌സീനുകൾ ഇന്ത്യയിൽ ഉപയോഗിക്കാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ത്യയിൽ പരീക്ഷണം നടത്തി അനുമതി വാങ്ങേണ്ടതില്ല. വാക്‌സീൻ ആദ്യം സ്വീകരിക്കുന്ന 100 പേരെ 7 ദിവസം നിരീക്ഷിക്കുമെന്നും കേന്ദ്രം അറിയിച്ചു.
റഷ്യൻ നിർമ്മിത കോവിഡ് വാക്‌സീൻ സ്പുട്നിക്കിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു. അഞ്ച് വാക്സീനുകൾക്ക് കൂടി ഈ വർഷം അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കോവിഡ് വ്യാപനം രണ്ടാം തരംഗത്തിൽ രാജ്യം പ്രതിസന്ധി നേരുടന്നതിനിടെയാണ് വാക്‌സിനേഷൻ നയത്തിൽ മാറ്റം വരുത്തിയത്. ആഭ്യന്തര ഉപയോഗത്തിനായി വാക്സിൻ ലഭ്യത വിപുലമാക്കുക, കുത്തിവെപ്പ് വേഗത്തിലാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് തീരുമാനം.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള പ്രധാന നടപടികളിലൊന്നായാണ് വാക്സിനേഷനെ കേന്ദ്രം കാണുന്നത്. നിലവിൽ രണ്ടുവാക്സിനുകളാണ് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. റഷ്യയുടെ സ്പുട്നിക് ് നും അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇതേ മാതൃകയിൽ കൂടുതൽ വാക്സിനുകൾക്ക് അനുമതി നൽകാനാണ് കേന്ദ്ര തീരുമാനം.
അടിയന്തര ഉപയോഗത്തിനായി യൂറോപ്പ്, യുഎസ്, യുകെ, ജപ്പാൻ എന്നീ രാജ്യങ്ങൾ അനുമതി നൽകിയിട്ടുള്ളതും അടിയന്തര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടന പട്ടികയിൽ പെടുത്തിയിട്ടുള്ളതുമായ വിദേശ രാജ്യങ്ങളിൽ വികസിപ്പിച്ചടുത്തതും ഉല്പാദിപ്പിക്കുന്നതുമായ വാക്സിനുകൾക്ക് ഇന്ത്യയിൽ അനുമതി നൽകാം എന്ന വിദഗ്ധ സമിതിയുടെ ശുപാർശ സ്വീകരിച്ചുകൊണ്ടാണ് കേന്ദ്രം ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ജോൺസൺ ആൻഡ് ജോൺസൺ (ബയോ ഇ), സിഡസ് കാഡില, സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നോവാവാക്‌സ്, ഭാരത് ബയോടെക്കിന്റെ നാസൽ വാക്‌സീൻ എന്നിവ അതിൽ ഉൾപ്പെടുന്നു.
വാക്സിൻ ലഭ്യതയുടെ കാര്യത്തിൽ ആരും പിന്നിലാകില്ല എന്ന് ഉറപ്പുവരുത്താൻ ശ്രമിക്കുന്നതാണ് ഇന്ത്യയുടെ 'വാക്സിൻ മൈത്രി' നയമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണ വെർച്വലായി നടത്തിയ റെയ്സിന ഡയലോഗിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലോകം മുഴുവൻ ഒരു കുടുംബമായി പരിഗണിക്കുന്ന വസുധൈവ കുടുംബകം എന്ന കാഴ്ചപ്പാടിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തുല്യത ഉറപ്പാക്കുന്ന തരത്തിലാണ് ഇന്ത്യ ആഗോളവത്കരണത്തോടുള്ള പ്രതിബദ്ധത നിറവേറ്റുന്നത്. ഈ കാഴ്ചപ്പാട് അനുസരിച്ച് ലോകം ഇന്ത്യയ്ക്ക് പ്രധാനപ്പെട്ടതാണ്. ലോകത്തിന് ഇന്ത്യയും പ്രധാനപ്പെട്ടതാണ്. ഊർജസ്വലതയോടെ പെരുമാറുക എന്നതും ഇക്കാലത്ത് പ്രധാനപ്പെട്ടതാണ്. മഹാമാരിക്ക് മുമ്പുതന്നെ ജീവകാരുണ്യ രംഗത്തും ദുരന്ത നിവാരണ രംഗത്തും ഇന്ത്യ എല്ലാവർക്കും സഹായങ്ങൾ നൽകിയിരുന്നു. പ്രായോഗികതയെ മുൻനിർത്തിയാണ് ഇന്ത്യ എല്ലാ കാര്യങ്ങളും ചെയ്തത്.
ലോകം മുഴുവൻ ഒരു കുടുംബമാണ് എന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്. ആഗോള രംഗത്തെ സഹകരണം കൊടുക്കൽ വാങ്ങലുകൾ ഉൾപ്പെട്ടതാണ്. ചെറിയ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വാങ്ങാനുള്ള കഴിവും വിപണികൾ കണ്ടെത്താനുള്ള പ്രാപ്തിയും വലിയ പ്രശ്നമാണ്. ഈ ഘട്ടത്തിലാണ് തുല്യതയും ന്യായവും സംബന്ധിച്ച ചർച്ചകൾ ലോകമെങ്ങും നടക്കുന്നത്. ആഗോളവത്കരണത്തോട് ആത്മാർഥമായ സമീപനം സ്വീകരിക്കുന്ന രാജ്യങ്ങൾ തുല്യത ഉറപ്പാക്കുന്ന തരത്തിലാണ് നടപടികൾ സ്വീകരിക്കേണ്ടത്. ആരും പിന്നിലായിപ്പോകില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും വിവിധ ലോകരാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ എത്തിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങളെ സൂചിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു.
ഏപ്രിൽ 13 വരെ ലോകത്തെ 90 രാജ്യങ്ങൾക്കായി 651.184 ലക്ഷം ഡോസ് കോവിഡ് വാക്സിനുകളാണ് ഇന്ത്യ നൽകിയത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടിയെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി രംഗത്തെത്തിയത്. രാജ്യത്തെ പ്രധാന ആഗോള സമ്മേളനങ്ങളിൽ ഒന്നായ റെയ്സിന ഡയലോഗിന്റെ ആറാം എഡിഷൻ ഇന്ന് മുതൽ ഏപ്രിൽ 16 വരെയാണ് വെർച്വലായി നടക്കുന്നത്. 50ലധികം രാജ്യങ്ങളിൽ നിന്നായി 150 പ്രഭാഷകർ 50 ഓളം സെഷനുകളിലായി പങ്കെടുക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക്