- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റുരാജ്യങ്ങൾ വാക്സിൻ വാങ്ങികൂട്ടിയപ്പോൾ ഇന്ത്യ വൈകിപ്പിച്ചു; ഇപ്പോൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് പറയുമ്പോൾ വിപണയിലെ വാക്സിന്റെ ലഭ്യത എത്രത്തോളമുണ്ടെന്ന് ചിന്തിക്കണം; രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമായതോടെ വിമർശനവുമായി മുതിർന്ന വൈറോളജിസ്റ്റ് ഡോ.ഗഗൻദീപ് കാങ്
ന്യൂഡൽഹി: ഇന്ത്യയുടെ വാക്‌സിൻ നയത്തിനെതിരെ വിമർശനവുമായി രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റ് ഡോ.ഗഗൻദീപ് കാങ്. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ആവശ്യമായ വാക്സിൻ വാങ്ങിക്കുന്നതിൽ ഇന്ത്യ വൈകിയെന്നും ഇപ്പോൾ അന്താരാഷ്ട്ര വിപണയിൽ വാക്സിൻ ലഭ്യത കുറഞ്ഞെന്നും ഡോ.ഗഗൻദീപ് കാങ് വ്യക്തമാക്കി. മെഡിക്കൽ ഓക്സിജൻ ലഭ്യതയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ അംഗമാണ് ഡോ.ഗഗൻദീപ് കാങ്. കോവിഡ് വാക്‌സിനേഷൻ ഇന്ത്യയിൽ ഇഴഞ്ഞു നീങ്ങുന്ന ഘട്ടത്തിലാണ് ഈ വിമർശനം പ്രമുഖ വൈറോളജിസ്റ്റ് ഉന്നയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അപകടസാധ്യത മുന്നിൽ കണ്ട് മറ്റു രാജ്യങ്ങൾ ഒരു വർഷത്തോളമായി വാക്സിനുകൾ വാങ്ങിവെക്കുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ നമ്മൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് പറയുമ്പോൾ വിപണയിലെ വാക്സിന്റെ ലഭ്യത എത്രത്തോളമുണ്ടെന്ന് ചിന്തിക്കേണ്ടതാണെന്നും അവർ ചൂണ്ടിക്കാട്ടി.
രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമായതോടെ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി തുടങ്ങിയ നിരവധി സംസ്ഥാനങ്ങൾ വാക്സിനുകൾക്കായി ആഗോള ടെണ്ടറിനുള്ള നടപടികളിലേക്ക് കടക്കുന്നതിനിടെയാണ് ഡോ.ഗഗൻദീപ് കാങിന്റെ വിമർശനം. ആവശ്യമുള്ള വാക്സിൻ ലഭിക്കാതായതോടെ വിവിധ സംസ്ഥാനങ്ങളിൽ വാക്സിനേഷൻ പദ്ധതികൾ താറുമാറായിരിക്കുകയാണ്. പലയിടത്തും വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ നിയലിൽ രാജ്യത്തെ വാക്‌സിനേഷൻ പൂർത്തിയാകാൻ രണ്ട് വർഷമെങ്കിലും എടുക്കുന്ന അവസ്ഥയാണ് ഉള്ളത്.
ഈ വർഷം അവസാനത്തോടെ വാക്സിനുകൾ നിർമ്മിക്കുന്ന സൈഡസ് കാഡില, ബയോളജിക്കൽ ഇ തുടങ്ങിയ എല്ലാ കമ്പനികളേയും സമീപിക്കുക. വിജയകരമായ വാക്സിനാണെങ്കിൽ അവരോട് കൂടുതൽ ഉത്പാദിപ്പിക്കാൻ ആവശ്യപ്പെടണം. അതിലൂടെ കൂടുതൽ വാക്സിൻ ലഭിക്കുമെന്ന് കരുതുന്നുവെന്നും ഗഗൻദീപ് കാങ് പറഞ്ഞു. ഇന്ത്യയുടെ വാക്സിൻ നയത്തിൽ വ്യാപക വിമർശനം നേരിടുന്നതിനിടെയാണ് ഗഗൻദീപ് കാങിന്റെകൂടി വിമർശനം.
വാക്സിനുകളുടെ നിർമ്മാണത്തിന് മുമ്പു തന്നെ ക്ലിനിക്കൽ പരീക്ഷണത്തിനും മറ്റുമായി യുഎസ് അടക്കമുള്ള രാജ്യങ്ങൾ ഈ മേഖലയിൽ കോടികൾ നിക്ഷേപിച്ചിരുന്നു. എന്നാൽ ഇന്ത്യ ഇത്തരത്തിൽ ഒരു നിക്ഷേപം നടത്തിയില്ലെന്ന് മാത്രമല്ല മുൻകൂട്ടി മുൻകൂട്ടി ബൾക്ക് ഓർഡറുകൾ നൽകിയില്ലെന്നുമാണ് വിമർശനങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ