- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് കോവിഡ് വാക്സിൻ ലഭ്യത വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ; നയത്തിൽ മാറ്റം വരുത്തി; മികച്ച വിദേശ വാക്സിനുകൾക്ക് രാജ്യത്ത് പരീക്ഷണമില്ല; ഇറക്കുമതി വേഗത്തിലാക്കാൻ തീരുമാനം
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ അതിതീവ്രവ്യാപനം നേരിടുന്ന രാജ്യത്ത് വാക്സിൻ ലഭ്യത വേഗത്തിലാക്കാൻ നയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ.
വിദേശരാജ്യങ്ങളിൽ കൂടുതൽ ഫലപ്രാപ്തിയുള്ളതും വ്യാപകമായി ഉപയോഗിക്കുന്നതുമായ വാക്സിനുകളെ രാജ്യത്തെ പരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി ഇറക്കുമതി വേഗത്തിലാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.
വാക്സിൻ വിതരണം രാജ്യത്ത് ഉറപ്പാക്കാൻ അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ കേന്ദ്രസർക്കാരുമായി തിരക്കിട്ട ചർച്ചകൾ നടത്തിവരികെയാണ് കേന്ദ്രസർക്കാർ നയത്തിൽ മാറ്റം വരുത്തുന്നത്.
നിലവിൽ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിനം രണ്ടുലക്ഷത്തിന് മുകളിലാണ് രോഗബാധിതർ. മരണസംഖ്യ ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. വ്യാപനം തടയാൻ ഏറ്റവും നല്ല മാർഗം വാക്സിനേഷനാണ്. എന്നാൽ വാക്സിനേഷന് ആവശ്യമായ വാക്സിനുകളുടെ ലഭ്യത പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പേർക്ക് വാക്സിൻ നൽകിയാൽ മാത്രമേ വാക്സിനേഷൻ കൊണ്ട് വിചാരിച്ച പ്രയോജനം ലഭിക്കുകയുള്ളൂ. നിലവിലെ രീതിയിൽ മുന്നോട്ടുപോയാൽ വാക്സിനേഷൻ പൂർത്തിയാകാൻ ഒരു വർഷത്തിന് മുകളിൽ എടുക്കും. ഈ പശ്ചാത്തലത്തിലാണ് വാക്സിൻ നയത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
നിലവിൽ വാക്സിൻ പരീക്ഷണം നടത്തിയ ശേഷമാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്നത്. പകരം വിദേശരാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നതും മികച്ച ഫലപ്രാപ്തിയാണ് നൽകുന്നതെന്ന ട്രാക്ക് റെക്കോർഡുമുള്ള വാക്സിനുകളെ തദ്ദേശീയമായ പരീക്ഷണങ്ങളിൽ നിന്ന് ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇതിലൂടെ കൂടുതൽ വാക്സിൻ ഇറക്കുമതി ചെയ്ത് ലഭ്യത വർധിപ്പിക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.
സ്പുട്നിക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച ആദ്യ വിദേശ വാക്സിൻ. കോവാക്സിൻ ഇന്ത്യൻ നിർമ്മിതമാണ്. കോവിഷീൽഡ് ഇന്ത്യയിൽ നിർമ്മിക്കുന്നത് സിറം ഇൻസ്റ്റിറ്റ്യൂട്ടാണ്.
ന്യൂസ് ഡെസ്ക്