- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വാക്സിനേഷൻ: ആകെ നൽകിയ വാക്സീൻ ഡോസുകളുടെ എണ്ണത്തിൽ യുഎസിനെ മറികടന്ന് ഇന്ത്യ; ഇതുവരെ നൽകിയത് 32.36 കോടി വാക്സീൻ ഡോസ്
ന്യൂഡൽഹി:കോവിഡ് വാക്സിനേഷൻ ദൗത്യത്തിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ. ആകെ നൽകിയ വാക്സീൻ ഡോസുകളുടെ എണ്ണത്തിൽ ഇന്ത്യ യുഎസിനെ മറികടന്നു. രാജ്യത്ത് ഇതുവരെ 32.36 കോടി വാക്സീൻ ഡോസാണ് നൽകിയത്. അമേരിക്കയിൽ നൽകിയത് 32.33 കോടി ഡോസ്.
എന്നാൽ ഇന്ത്യയിൽ പ്രായപൂർത്തിയായവരിൽ 5.6 ശതമാനത്തിനു മാത്രമാണ് ഇതുവരെ രണ്ട് ഡോസും നൽകിയത്. അമേരിക്കയിൽ 40 ശതമാനത്തോളം പേർക്കു രണ്ട് ഡോസും ലഭിച്ചു കഴിഞ്ഞുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. എല്ലാവർക്കും വാക്സീൻ സൗജന്യമായി എത്രയും വേഗം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ പുതിയ നയം നടപ്പാക്കിയ ശേഷം ഒരാഴ്ചയ്ക്കുള്ളിൽ 3.91 കോടി ഡോസ് വാക്സീനാണു നൽകിയത്. കാനഡ, മലേഷ്യ, സൗദി തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യയേക്കാൾ അധികമാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രായപൂർത്തിയായ എല്ലാവർക്കും വാക്സീൻ നൽകാനായി ഈ വർഷം അവസാനത്തോടെ 188 കോടി ഡോസ് വാക്സീൻ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. 51.6 കോടി ഡോസ് ജൂലൈ 31നകം ലഭ്യമാക്കും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 46,148 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 58,578 പേർ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 5,72,994 ആയി കുറഞ്ഞു. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.89 ശതമാനം മാത്രമാണ്. ഇതുവരെ 2,93,09,607 പേർ രോഗമുക്തരായി. തുടർച്ചയായ 46-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗബാധിതരേക്കാൾ കൂടുതലാണെന്നതും ആശ്വാസമാണ്.
രോഗമുക്തി നിരക്ക് 96.8% ആയി വർധിച്ചു. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 2.94% ആണ്. തുടർച്ചയായ 21-ാം ദിവസമാണ് ടിപിആർ 5 ശതമാനത്തിൽ താഴെയാകുന്നത്.
ന്യൂസ് ഡെസ്ക്