തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ വാക്‌സിൻ വിതരണം അധികം താമസിയാതെ തന്നെ ആരംഭിക്കും. കേരളത്തിന് ആദ്യഘട്ടത്തിൽ 4,35, 500 വയൽ വാക്സിൻ ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയൽ. ഒരു വയൽ വാക്സിൻ പൊട്ടിച്ചാൽ ആറ് മണിക്കൂറിനുള്ളിൽ ഉപയോഗിച്ച് തീർക്കണം. വാക്സിൻ സൂക്ഷിക്കാനും വിതരണത്തിന് എത്തിക്കാനുമുള്ള സംവിധാനങ്ങൾ കേരളത്തിൽ സജ്ജമാക്കി കഴിഞ്ഞു.

മൂന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ മെഡിക്കൽ വിദ്യാർത്ഥികൾ, ആശ അങ്കണവാടി പ്രവർത്തകർ ഇവർക്കാണ് കേരളത്തിൽ ആദ്യം വാക്സിൻ നൽകുക. ഇതിനൊപ്പം വയോജനങ്ങളേയും കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം വയൽ കോവിഡ് വാക്സിനാണ് ആദ്യഘട്ടത്തിൽ കേരളം ആവശ്യപ്പെട്ടത്.കൊവിഷീൽഡ് തന്നെ ലഭ്യമാക്കണമെന്ന ആവശ്യവും സംസ്ഥാനം ഉന്നയിച്ചിരുന്നു.

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും വാക്സിൻ വിതരണത്തിൽ പ്രഥമ പരിഗണന നൽകണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടിയ കേരളത്തിൽ രോഗ നിയന്ത്രണത്തിന് വാക്സിൻ അനിവാര്യമാണെന്ന കാര്യവും കണക്കുകൾ ഉദ്ധരിച്ച് കേന്ദ്രത്തെ കേരളം രേഖാമൂലം അറിയിച്ചിട്ടുണ്ടായിരുന്നു.

ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമായ കേരളത്തിൽ മരണനിരക്ക് കുറച്ച് നിർത്താനായതും വ്യാപനത്തിന്റെ തോത് വൈകിപ്പിക്കാനായതും ശാസ്ത്രീയമായ മാർഗങ്ങളിലൂടെയാണെന്നും നിലവിലെ അവസ്ഥയിൽ രോഗ വ്യാപനം കൂടുമെന്നുള്ള മുന്നറിയിപ്പും കേന്ദ്രത്തെ കേരളം അറിയിച്ചിട്ടുണ്ട്.

അതേസമയം കോവിഡ് വാക്സിനായ കൊവീഷീൽഡിന്റെ ആദ്യ ലോഡ് പൂണെയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. . ശീതീകരിച്ച മൂന്ന് ട്രക്കുകളിലാണ് വാക്സിൻ കൊണ്ടുപോകുന്നത്. ഇന്ന് പുലർച്ചെയാണ് വാക്സിൻ വിതരണം ആരംഭിച്ചത്. പ്രത്യേക പൂജകൾക്ക് ശേഷമാണ് സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആദ്യ ലോഡ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

പൂണെ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക കാർഗോ വിമാനത്തിലാണ് വാക്സിൻ കയറ്റി അയക്കുന്നത്. ഇന്ന് മാത്രം എട്ട് വിമാനങ്ങളിലായി ഡൽഹി, ചെന്നൈ, ബംഗളൂരൂ, ഗുവാഹത്തി ഉൾപ്പടെ 13 കേന്ദ്രങ്ങളിലെത്തിക്കും. രാജ്യത്ത് ഈ മാസം പതിനാറിനാണ് കുത്തിവയ്‌പ്പ് ആരംഭിക്കുന്നത്.കൊവിഷീൽഡ് വാങ്ങാൻ പൂണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം കരാറുണ്ടാക്കിയിരുന്നു.

ഒരു ഡോസിന് 200 രൂപ നിരക്കിൽ 10 കോടി ഡോസ് വാക്‌സിനാണ് വാങ്ങുന്നത്. ഉടൻതന്നെ കൂടുതൽ വാക്സിനുകൾക്ക് ഓർഡർ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.