ന്യൂഡൽഹി: കേരളത്തിന് അടുത്ത മൂന്നുദിവസത്തിനുള്ളിൽ 1,84,070 ഡോസ് കോവിഡ് വാക്സിൻ കൂടി നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നു രാവിലെ എട്ടുമണിക്ക് എടുത്ത കണക്കു പ്രകാരം 43,852 ഡോസ് വാക്സിൻ കേരളത്തിന്റെ പക്കലുണ്ടെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അടുത്ത മൂന്നുദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് 53.25 ലക്ഷം ഡോസ് കൂടി കേന്ദ്രം നൽകും. ഇതുവരെ 17.49 കോടി ഡോസ് വാക്സിനാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകിയിട്ടുള്ളത്. നേരത്തെ കേരളം ആവശ്യപ്പെട്ട വാക്സിൻ എന്നത്തേക്ക് ലഭ്യമാക്കാൻ കഴിയുമെന്നറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. വാക്സിൻ കേന്ദ്രങ്ങളിലെ അമിത തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഒരു കോടി ഡോസ് വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. വാക്സിൻ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാക്സിനേഷൻ തീയതികൾ ആരോഗ്യ വകുപ്പ് അതാത് സ്റ്റേഷനുകളിൽ അറിയിക്കണം. പൊലിസ് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സ്റ്റേഷൻ എസ് എച്ച്ഒ മാർക്കായി സർക്കുലർ ഇറക്കാൻ പൊലീസ് മേധാവിക്കും കോടതി നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.

അതേസമയം, രാജ്യത്തെ പ്രതിദിന കോവിഡ് മരണം നാലായിരം കടന്നു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം തുടർച്ചയായി മൂന്നാംദിവസവും നാലുലക്ഷം കടന്നിട്ടുണ്ട്. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം പ്രതിദിന മരണസംഖ്യ നാലായിരം കടന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മാത്രം 4187 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് നിലവിൽ കോവിഡ് വ്യാപനം കൂടുന്നത്. നേരത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയിരുന്ന ഡൽഹിയിലും മഹാരാഷ്ട്രയിലും സ്ഥിതി അൽപം ആശ്വാസകരമാണ്.

ഡൽഹിയിൽ വീണ്ടും ലോക്ഡൗൺ നീട്ടിയേക്കും. ആവശ്യത്തിന് വാക്സിൻ ലഭിച്ചാൽ മൂന്നുമാസത്തിനുള്ളിൽ 18 വയസ്സു കഴിഞ്ഞ എല്ലാവർക്കും വാക്സിൻ കുത്തിവെപ്പ് നടത്താൻ കഴിയുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചിരുന്നു.