തിരുവനന്തപുരം: രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്കുള്ള വാക്‌സീൻ ക്വോട്ട ദേശീയ തലത്തിലാക്കിയതോടെ കേരളത്തിനു വേണ്ടത്ര കിട്ടുമോ എന്ന് ആശങ്കയുയർന്നു. ദേശീയതലത്തിൽ വൻകിട ആശുപത്രികൾ വാക്‌സിനുകൾ വാങ്ങിക്കൂട്ടുമ്പോൾ കേരളത്തിൽ വേണ്ടത്ര വാക്‌സിൻ കിട്ടുമോ എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്.

ഓരോ സംസ്ഥാനത്തിനും അനുവദിക്കുന്ന വാക്‌സീന്റെ 25% സ്വകാര്യ മേഖലയ്ക്ക് എന്ന ചട്ടമാണ്, രാജ്യത്ത് ആകെ ഉൽപാദിപ്പിക്കുന്നതിന്റെ 25% സ്വകാര്യ മേഖലയ്ക്ക് എന്ന് ഒറ്റ ക്വോട്ടയാക്കിയത്. ഒരു മാസം ശരാശരി നൽകിയതിന്റെ മൂന്നിരട്ടി വാക്‌സീനു വരെ സ്വകാര്യ ആശുപത്രികൾക്ക് അപേക്ഷിക്കാം. ലക്ഷക്കണക്കിനു ഡോസ് നൽകിയ വൻകിട ആശുപത്രികൾ ഈ 25 ശതമാനത്തിൽ ഏറിയ പങ്കും സ്വന്തമാക്കും.

മറ്റു സംസ്ഥാനങ്ങളിൽ വാക്‌സീന് ഡിമാൻഡ് കുറവായതിനാൽ ഒറ്റ ക്വോട്ട കേരളത്തിനു ഗുണകരമാവും എന്നാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ യോഗത്തിൽ ആരോഗ്യവകുപ്പ് വിശദീകരിച്ചത്. എന്നാൽ, വൻകിടക്കാർ വാക്‌സീൻ വാങ്ങി മറിച്ചുവിൽക്കാനാണു സാധ്യതയെന്നാണ് ആശങ്ക. ഇപ്പോൾ തന്നെ കേരളത്തിലെ പല ചെറുകിട ആശുപത്രികളിലും വാക്‌സിനേഷൻ നടക്കുന്നത് ബെംഗളൂരുവിലെയും ഡൽഹിയിലെയും മുംബൈയിലെയും വൻകിട ആശുപത്രികളിൽനിന്നു വാങ്ങിയാണ്.

അതിനിടെ റഷ്യൻ വാക്‌സിനായ സ്പുട്‌നിക്ക് Vന്റെ ഇന്ത്യൻ വിപണിയിലെ വിതരണം വരും ആഴ്ചകളിൽ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇന്ത്യൻ മരുന്നുനിർമ്മാണ കമ്പനിയായ ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ഉറപ്പ് നൽകി. ഇപ്പോൾ തുടർന്ന് വരുന്ന വാക്‌സിൻ വിതരണവും അത് ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളോ നിർത്തിവെച്ചിട്ടില്ലെന്ന് കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു.

മെയ് 14-ന് ഹൈദരാബാദിൽ അരംഭിച്ച് ഇന്ന് ഇന്ത്യയൊട്ടാകെ അൻപതോളം നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്പുട്‌നിക്ക്-ഢ വാക്‌സിൻ പുറത്തിറക്കിക്കഴിഞ്ഞതായി ഡോ.റെഡ്ഡീസ് ലബോറട്ടറീസ് പ്രസ്താവനയിൽ പറയുന്നു.

ഹൈദരാബാദിൽ തുടങ്ങി വിശാഖപ്പട്ടണം, ബെംഗളൂരു, മുംബൈ, നവി മുംബൈ, കൊൽക്കത്ത, ഡെൽഹി, ചെന്നൈ, മിര്യാലഗുഡ, വിജയവാഡ, ബഡ്ഡി, കോലാപ്പൂർ, കൊച്ചി, റായ്പൂർ, ചണ്ഡിഗഢ്, നാഗ്പൂർ, നാസിക്, കോയമ്പത്തൂർ, റാഞ്ചി, ഗുവാഹത്തി, തിരുവനന്തപുരം, അഹമ്മദാബാദ്, രാജ്‌കോട്ട്, പാലക്കാട്, അലഹാബാദ്, ദിമാപൂർ, കോഹിമ, ഇൻഡോർ, ഭോപ്പാൽ, സൂറത്ത്, കട്ടക്ക്, ധാർവാഡ്, എറണാകുളം, രത്ലം, ഫരീദാബാദ്, ശ്രീനഗർ, ഗാന്ധിനഗർ, കാൺപൂർ, മൈസൂർ, മധുര, കണ്ണൂർ എന്നിവിങ്ങളിലേക്ക് വാക്‌സിൻ വിതരണം വേഗത്തിൽ വ്യാപിപ്പിക്കാൻ സാധിച്ചതായും ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ട്വിറ്ററിലൂടെ അറിയിച്ചു.