തിരുവനന്തപുരം: ഇന്നലെ രാജ്യത്തെ കോവിഡ് രോഗികൾ 43,401 ആണ്. ഇതിൽ 30196 പേരും കേരളത്തിൽ. മരണ നിരക്കിലും ശമനമില്ല. ഇന്നലെ രാജ്യത്ത് 339 പേരിച്ചു. കേരളത്തിൽ ഇത് 181 ആണ്. അതായത് പകുതിയിൽ അധികം. ഇന്നലെ 181 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 22,001 ആയി. 1,71,295 സാംപിളുകളിലായി 30,196 പേർ പോസിറ്റീവായി. ടിപിആർ 17.63 % ആയി വർധിച്ചു. അങ്ങനെ കടുത്ത പ്രതിസന്ധി. രോഗ നിയന്ത്രണത്തിന് സർക്കാർ ഒരു ശ്രമവും നടത്തുന്നില്ല. ഇളവുകൾ എല്ലാ മാറ്റിയതു പോലെയാണ് കേരളത്തിൽ കാര്യങ്ങൾ.

ഇതിനിടെ കേരളത്തിൽ കഴിഞ്ഞ രണ്ടര മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചവരിൽ 90% പേർ ഒരു ഡോസ് വാക്‌സീൻ പോലും എടുക്കാത്തവരാണെന്ന് ആരോഗ്യവകുപ്പിന്റെ പഠനത്തിൽ കണ്ടെത്തിയത് ഏറെ നിർണ്ണായകമാണ്. അതായത് വേണ്ടവർക്ക് വാക്‌സിൻ കിട്ടുന്നില്ലെന്ന വസ്തുത ഇതിലുണ്ട്. രാഷ്ട്രീയ സ്വാധനത്തിന്റെ വേദികളായി കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ മാറുന്നു. രാജ്യത്തെ ഏതാണ്ട് 70 ശതമാനത്തോളം പ്രതിദിന കോവിഡ് രോഗികളും ഇന്ന് കേരളത്തിലാണ് കണ്ടെത്തുന്നത്.

ജില്ലാതലത്തിൽ റിപ്പോർട്ട് ചെയ്തു തുടങ്ങിയശേഷം, ജൂൺ 18 മുതൽ സെപ്റ്റംബർ 3 വരെ കോവിഡ് ബാധിച്ചു മരിച്ച 9195 പേരിൽ വാക്‌സീൻ എടുത്തിരുന്നത് 905 പേർ (9.84%) മാത്രമാണ്. വാക്‌സീൻ എടുത്തവരിലെ മരണനിരക്ക് ആരോഗ്യവകുപ്പ് കണക്കാക്കുന്നത് ആദ്യമായാണ്. 45 വയസ്സിനു മുകളിലുള്ള 92% പേർക്ക് ആദ്യ ഡോസ് വാക്‌സീൻ നൽകിയെന്നാണ് സർക്കാരിന്റെ കണക്ക്. എന്നാൽ പ്രായാധിക്യവും ഗുരുതര രോഗങ്ങളുമുള്ള ഒട്ടേറെപ്പേർ ഇപ്പോഴും കുത്തിവയ്പ് എടുത്തിട്ടില്ലെന്നതാണ് വസ്തുത. വീട്ടിൽ പോയി കിടപ്പുരോഗികൾക്ക് കുത്തി വയ്പ് എടുക്കുമെന്ന നിർദ്ദേശവും നടപ്പിലാകുന്നതിൽ ഏറെ ബുദ്ധിമുട്ട് പല സ്ഥലത്തുമുണ്ട്.

വാക്‌സിൻ എടുക്കാത്ത മറ്റ് രോഗങ്ങളുള്ളവർ ജാഗ്രത പാലിക്കണമെന്നുമുള്ള സൂചന കൂടിയാണ് ഈ റിപ്പോർട്ട്. വാക്‌സീൻ എടുത്തശേഷം കോവിഡ് വന്നു മരിച്ചവരിൽ ഏതാണ്ട് 700 പേർ ഒരു ഡോസ് മാത്രം എടുത്തവരാണ്. മരിച്ചവരിൽ ഏതാണ്ട് 200 പേരാണ് 2 ഡോസും എടുത്തിരുന്നത്. ഇവരിൽ ഭൂരിഭാഗവും മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവരായിരുന്നു.

ഡെൽറ്റ വകഭേദം മൂലം രോഗവ്യാപനം തീവ്രമായ ഈ കാലയളവിൽ ഏറ്റവും കൂടുതൽ മരണങ്ങളുണ്ടായത് തൃശൂർ ജില്ലയിലാണ് 1021. ഇതിൽ ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്തത് 60 പേർ മാത്രമായിരുന്നു. പാലക്കാട്ടു മരിച്ച 958 പേരിൽ ഒരു ഡോസ് വാക്‌സീൻ എടുത്തിരുന്നത് 89 പേർ മാത്രം. വാക്‌സീൻ എടുത്തശേഷം അൻപതിലേറെപ്പേർ മരിച്ച മറ്റു ജില്ലകൾ എറണാകുളം 81, കോഴിക്കോട് 74, മലപ്പുറം 73, പത്തനംതിട്ട 53.

രണ്ടു ഡോസും എടുത്തശേഷം മരിച്ചവർ ഓരോ ജില്ലയിലും ശരാശരി 15 മാത്രം. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരും ഗുരുതര രോഗങ്ങളുള്ളവരുമായ 9 ലക്ഷത്തോളം പേർ വാക്‌സീൻ എടുക്കാൻ തയാറാകുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

മരിച്ച 9195 പേരിൽ 6200 പേർ (67.43%) ഗുരുതര രോഗബാധിതരായിരുന്നു. 2995 പേരാണ് കാര്യമായ രോഗങ്ങളില്ലാതെ കോവിഡിനു കീഴടങ്ങിയത്. ഗുരുതരവും അല്ലാത്തതുമായ രോഗങ്ങളുടെ വിശദ കണക്ക് ഇങ്ങനെ: പ്രമേഹം 26.41%, രക്തസമ്മർദം 26.11%, ഹൃദ്രോഗം 11.07%, വൃക്കരോഗം 8.19%, ശ്വാസകോശരോഗം 4.14%, പക്ഷാഘാതം 2.73%, തൈറോയ്ഡ് 1.67 %. ഇതിലും കുറവാണ് കാൻസർ ഉൾപ്പെടെ മറ്റു രോഗങ്ങളാൽ മരിച്ചവരുടെ തോത്.