- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിൻ ഉത്പാദകർക്ക് ലോട്ടറി ആകുക ഇന്ത്യ തന്നെ; അതിവേഗം കോവിഡ് വ്യാപിക്കുന്ന ഇന്ത്യയിൽ കാത്തിരിക്കുന്നത് 600 കോടി ഡോളറിന്റെ വിപണി! കോവിഡ് വാക്സിൻ യാഥാർത്ഥ്യമായാൽ ഇന്ത്യയിൽ വാക്സിൽ സൗജന്യമായി സർക്കാർ എത്തിക്കുക 130 കോടി ജനങ്ങളിൽ 30 ശതമാനം പേർക്ക്; ബാക്കി മഹാഭൂരിപക്ഷം പേരും പൊതുവിപണിയിൽ നിന്ന് വില കൊടുത്ത് വാക്സിൻ വാങ്ങേണ്ടി വരുമെന്ന് അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനം; സർക്കാർ ആശുപത്രികളിൽ ഒരു ഡോസിന്റെ വില 221 രൂപയായേക്കും
ന്യൂഡൽഹി: കോവിഡ് കണക്കുകളിൽ ഇന്ത്യ ലോകത്തിൽ തന്നെ ഒന്നാം സ്ഥാനത്തേക്കാണ് നീങ്ങുന്നത്. ഏറ്റവും കൂടുതൽ കോവിഡ് രോഗം പടരുന്ന രാജ്യങ്ങളിൽ ഒന്നാമതാണ് ഇന്ത്യ. കോവിഡിനെ പ്രതിരോധിക്കാൻ വാക്സിൻ പരീക്ഷണങ്ങളും ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്നുണ്ട്. ഇന്ത്യയിൽ അടക്കം വാക്സിൻ പരീക്ഷണം നടക്കാനുമിരിക്കുന്ന്. എന്നാൽ അതിവേഗം കോവിഡ് ബാധിക്കുന്ന ഇന്ത്യ കോവിഡ് വാക്സിൻ നിർമ്മാതാക്കൾക്ക് ലോട്ടറിയാകും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
കോവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള ലോകത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്ത്യയിൽ ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ നിലവിലെ അവസ്ഥ തുടരുകയാണെങ്കിൽ ഇന്ത്യയിൽ കാത്തിരിക്കുന്നത് 600 കോടി ഡോളറിന്റെ വാക്സിൻ വിപണിയാണെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ സാൻഫോർഡ് സി ബേൺസ്റ്റൈനാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കോവിഡ് വാക്സിൻ നിർമ്മാതാക്കളുടെ ഏറ്റവും വലിയ വിപണി ഇന്ത്യയാകുമെന്ന് വ്യക്തം.
കോവിഡ് വാക്സിൻ യാഥാർത്ഥ്യമായാൽ ഇന്ത്യയിൽ അടുത്ത മൂന്നു വർഷത്തിനുള്ളിൽ കാത്തിരിക്കുന്നത് 600 കോടി ഡോളറിന്റെ വിപണിയിയാകുമ്പോൾ സർക്കാർ തലത്തിൽ ഇത്രയും പണം ചെലവിടാൻ സാധ്യത കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. 130 കോടി ജനങ്ങളിൽ 30 ശതമാനം പേർക്ക് മാത്രമേ സർക്കാർ സൗജന്യമായി വാക്സിൻ ലഭ്യമാകുകയുള്ളൂവെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ബാക്കി മഹാഭൂരിപക്ഷം പേരും പൊതുവിപണിയിൽ നിന്ന് വില കൊടുത്ത് വാക്സിൻ വാങ്ങേണ്ടിയും വരും.
എന്നാൽ, എല്ലാ ജനങ്ങൾക്കും സൗജന്യമായി വാക്സിൻ നൽകാൻ സർക്കാർ തീരുമാനിച്ചാൽ 600 കോടി ഡോളർ അതിന് മാത്രമായി മാറ്റിവെക്കേണ്ടി വന്നേക്കും. ഇത് കേന്ദ്ര സർക്കാരിന്റെ നിലവിലെ ആരോഗ്യരംഗത്തെ ബജറ്റ് വിഹിതത്തിൽ 100 ശതമാനം വരെ വർധന കൊണ്ടുവരികയും ചെയ്യും. സർക്കാർ ആശുപത്രികളിൽ ഒരു ഡോസിന്റെ വില ഏകദേശം മൂന്നു ഡോളർ (221.58 ഇന്ത്യൻ രൂപ) വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ അത് ആറ് ഡോളറെങ്കിലും വന്നേക്കും. ഒരു വ്യക്തിക്ക് രണ്ടു ഡോസ് വാക്സിനാണ് വേണ്ടിവരിക.
കോവിഡ് രോഗകളുടെ ചികിത്സാച്ചെലവ് പൂർണമായി സർക്കാരിന് വഹിക്കാൻ കഴിയില്ലെന്നതിനാൽ സ്വകാര്യമേഖലക്കും ചികിത്സ കൈമാറാനിടയുണ്ട്. റഷ്യയും ചൈനയും തങ്ങൾ ഫലപ്രദമായ വാക്സിൻ കണ്ടെത്തിയതായി അവകാശപ്പെടുന്നുണ്ടെങ്കിലും ലോകരാജ്യങ്ങളിൽ പലതും അത് അംഗീകരിച്ചിട്ടില്ല. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങൾ 2021 തുടക്കത്തിലെങ്കിലും വാക്സിൻ വിപണയിലെത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ്.
ഓക്സ്ഫോർഡ് സർവകലാശാല-അസ്ട്രാസെൻകെ വികസിപ്പിക്കുന്ന കോവിഡ്-19 വാക്സിന്റെ ഇന്ത്യയിലെ മനുഷ്യരിലെ പരീക്ഷണത്തിലെ രണ്ടാം ഘട്ടം ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്. വാക്സിനുള്ള നിയമപരമായ അനുമതികൾ സർക്കാർ അതിവേഗത്തിലാണ് പൂർത്തിയാക്കുന്നത്. എല്ലാ സ്ഥലങ്ങളിലും ഒരേ സമയം പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് ഐസിഎംആർ ഉദ്യോഗസ്ഥർ പറഞ്ഞു. 14 പരീക്ഷണ സ്ഥലങ്ങളിൽ നാലെണ്ണം പൂണെയിലും രണ്ടെണ്ണം മുംബൈയിലുമാണ്. ഓക്സ്ഫോർഡിന്റെ സിഎച്ച്എഡിഒഎക്സ്1 എൻകോവി-19 (എഇസഡ് ഡി 1222) മനുഷ്യരിലെ പരീക്ഷണത്തിൽ പ്രതീക്ഷാജനകമായ ഫലം നൽകുന്നു. കോവിഷീൽഡ് എന്ന് ഇന്ത്യയിൽ വിളിപ്പേരുള്ള വാക്സിന്റെ രണ്ടും മൂന്നും ക്ലിനിക്കൽ പരീക്ഷണങ്ങൾ ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ പൂണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തുന്നുണ്ട്.
പരീക്ഷണം തുടങ്ങാൻ തയ്യാറായതായി പൂണെയിലെ ഭാരതി വിദ്യാപീഠ് ഡീംഡ് സർവകലാശാല മെഡിക്കൽ കോളെജ് ആൻഡ് ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടർ ഡോക്ടർ സഞ്ജയ് ലാൽവാനി പറഞ്ഞു. പരീക്ഷണത്തിന് വിധേയരാകാൻ ധാരാളം പേർ ഇമെയിലിലൂടെയും ഫോണിലൂടെയും താൽപര്യം പ്രകടിപ്പിച്ചുവന്ന് അദ്ദേഹം പറഞ്ഞു. 350 പേരിലാണ് ഇവിടെ വാക്സിൻ കുത്തിവയ്ക്കുന്നത്. പരീക്ഷണം നടത്തുന്ന മറ്റൊരു സ്ഥലമായ പൂണെയിലെ ജഹാംഗീർ ക്ലിനിക്കൽ ഡെവലപ്മെന്റ് സെന്ററിൽ 250 മുതൽ 300 വരെ പേർക്കാണ് വാക്സിൻ നൽകുന്നത്. ആരോഗ്യമുള്ള 18 വയസ്സിന് മുകളിലുള്ള ആർക്കും പരീക്ഷണത്തിന് വിധേയരാകാം. ഇതുവരെ കോവിഡ്-19 ബാധിച്ചിരിക്കാനും പാടില്ല. ഇന്ത്യയിൽ വാക്സിൻ നിർമ്മിക്കാനുള്ള കരാർ സെറം അസ്ട്രാസെനെകയുമായി ഒപ്പുവച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്