- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗബാധ വന്നിട്ടില്ലാത്തവർക്ക് ആദ്യം വാക്സിൻ നൽകും; മറ്റ് അസുഖങ്ങളുള്ള അതീവശ്രദ്ധ ആവശ്യമുള്ളവർക്കും ആദ്യഘട്ടത്തിൽ പ്രഥമപരിഗണന; രോഗ ബാധയുണ്ടാവരുടെ ശരീരത്തിലെ ആന്റി ബോഡി രക്ഷാ കവചമാകുമെന്നും വിലയിരുത്തൽ; അടുത്ത ജൂൺ ഓടെ എല്ലാ ഇന്ത്യാക്കാർക്കും കോവിഡ് പ്രതിരോധ മരുന്ന് കിട്ടിയേക്കും; പത്ത് മാസം കൊണ്ട് മഹാമാരിയെ ചെറുക്കാമെന്ന പ്രതീക്ഷയിൽ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം; 250 രൂപയ്ക്ക് ലഭ്യമാക്കുമെന്നും പ്രഖ്യാപനം; സിറം ഇൻസ്റ്റ്യൂട്ടിൽ പ്രതീക്ഷ അർപ്പിച്ച് രാജ്യം
ന്യൂഡൽഹി: കോവിഡ് മഹാമാരിയിൽ നിന്നും പൂർണ്ണ മുക്തി നേതാൻ ഇനി മാസങ്ങൾ കൂടി മാത്രം മതി. ജൂണോടെ എല്ലാവർക്കും ഇന്ത്യയിൽ വാക്സിൻ നൽകാനാകുമെന്നാണ് പ്രതീക്ഷ. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സീൻ ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷണം തുടങ്ങി. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ പുന സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു.1500 പേരിലാണ് മൂന്നാഘട്ട പരീക്ഷണം. വിജയിച്ചാൽ വാക്സീൻ ഡിസംബറിൽ തന്നെയെന്ന് ഡയറക്ടർ പുരുഷോത്തമൻ സി.നമ്പ്യാർ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ 17 ആശുപത്രികളിലായി 1700 പേരിൽ വാക്സീൻ പരീക്ഷിക്കാനാണ് ഇന്ത്യയിൽ ഉൽപാദന കരാറുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി കിട്ടിയത്. ഏറ്റവുമധികം പരീക്ഷണ കേന്ദ്രങ്ങൾ മഹാരാഷ്ട്രയിലാണ്. കേരളത്തിൽ കേന്ദ്രമില്ലെങ്കിലും തമിഴ്നാട്ടിൽ 2 കേന്ദ്രങ്ങളിൽ പരീക്ഷണം നടക്കും. രാജ്യത്ത് 250 രൂപയ്ക്കു വിൽക്കാനാണ് നീക്കം. അതുകൊണ്ട് തന്നെ എല്ലാവർക്കും ഇത് ലഭ്യമാകുമെന്നും ഉറപ്പാണ്. കേന്ദ്ര സർക്കാരിന്റെ മുൻകൈയിൽ നടക്കുന്ന പരീക്ഷണങ്ങളും പുരോഗമിക്കുകയാണ്.
രണ്ടും മൂന്നും ഘട്ടങ്ങളിലെ പരീക്ഷണം ഒരേ സമയമാണ് നടത്തുന്നതെന്നും രണ്ടാംഘട്ടത്തിൽ 100 പേർക്കും മൂന്നാംഘട്ടത്തിൽ 1500 പേർക്കുമാണു വാക്സീൻ നൽകുകയെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുരുഷോത്തമൻ സി.നമ്പ്യാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും യുഎസ് ആസ്ഥാനമായുള്ള നോവാവാക്സും ഇന്ത്യയ്ക്കും മറ്റ് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കും വാക്സിൻ ലഭ്യമാക്കാൻ ഒന്നിച്ചു പ്രവർത്തിക്കുമെന്നും സൂചനയുണ്ട്.
നോവാവാക്സിന്റെ കോവിഡ് 19 വാക്സിൻ വികസിപ്പിക്കുന്നതിനും വാണിജ്യ കാര്യങ്ങൾക്കുമായാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. ഇന്ത്യയ്ക്കും കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കുമായി കുറഞ്ഞത് 100 കോടി ഡോസ് എൻവിഎക്സ്-കോവി 2373 വാക്സിൻ ലഭ്യമാക്കാൻ കരാർ പ്രകാരം കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നോവവാക്സ് പറഞ്ഞു.ഇതിന് പുറമേയാണ് ഇന്ത്യയിൽ കോവിഡ് വാക്സിൻ നിർമ്മിക്കുന്നതിനായി സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി-ആസ്ട്ര സെനെക്കയുമായും ധാരണയിലെത്തിയത്. ഇതാണ് ഈ ഘട്ടത്തിൽ കൂടുതൽ പ്രതീക്ഷയാകുന്നത്.
ഓക്സ്ഫഡ് പ്രതിരോധമരുന്ന് ഡിസംബറോടെ വിപണിയിലെത്തുമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി സി നമ്പ്യാർ ഇപ്പോൾ വിശദീകരിക്കുന്നത്. 20 കോടി പേർക്ക് ജനുവരിക്ക് മുമ്പ് മരുന്ന് നൽകാനാകുമെന്നാണ് പ്രതീക്ഷ. മൂന്നാംഘട്ട പരീക്ഷണത്തിന് ശേഷം പ്രതിരോധമരുന്ന് വിൽക്കാനുള്ള അനുമതി തേടുമെന്ന് ഡോ. പി സി നമ്പ്യാർ വ്യക്തമാക്കി. ഉത്പാദനം തുടങ്ങി വയ്ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ വിൽക്കാൻ ഇപ്പോൾ കഴിയില്ല. എല്ലാ ഘട്ടവും പൂർത്തിയാക്കി അനുമതി കിട്ടിയ ശേഷമേ വിൽപന തുടങ്ങാനാകൂ. അടുത്ത ജൂണോടെ എല്ലാവർക്കും വാക്സിൻ നൽകാനാകുമെന്നും, പ്രാഥമികമായി മരുന്ന് പുനയിലാകും ഉത്പാദിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിന് പുറമെ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിൻ ഉൾപ്പെടെ രണ്ട് വാക്സിനുകളുടെ ആദ്യ ഘട്ട പരീക്ഷണം പൂർത്തിയായിട്ടുണ്ട്.
ആദ്യദിനം നൂറ് പേരിൽ വാക്സിൻ കുത്തിവച്ചതായാണ് റിപ്പോർട്ടുകൾ. പുനെ, മഹാരാഷ്ട്ര, അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് പ്രധാനപരീക്ഷണകേന്ദ്രങ്ങൾ. ഡൽഹി എയിംസ്, സേഥ് ജിഎസ് മെഡിക്കൽ കോളേ, മുംബൈ, കെഇഎം ആശുപത്രി, മുംബൈ, ജിപ്മെർ ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ മൂന്നാംഘട്ട പരീക്ഷണത്തിന് വിധേയരാവുക. പരീക്ഷണത്തിന് വിധേയരാവുന്ന എല്ലാവരിൽ നിന്നും, ഒരു സമ്മതപത്രം എഴുതിവാങ്ങിയിട്ടുണ്ട്. എല്ലാ തരത്തിലും പരീക്ഷണപ്രോട്ടോക്കോൾ പാലിച്ച്, നിശ്ചിതപ്രദേശത്ത് തന്നെ താമസിച്ചാകും ഇവർ പരീക്ഷണത്തിന് വിധേയരാവുക. ഇവരിൽ പനിയോടുകൂടിയതോ അല്ലാത്തതോ അല്ലാത്ത ഏതെങ്കിലും അസുഖമുണ്ടായാൽ അവരെ മാറ്റിനിർത്തുകയും ചെയ്യും.
വിപണിയിലിറക്കാൻ അനുമതി കിട്ടിയാൽ പിന്നെ ആർക്കാകും വാക്സിൻ നൽകുന്നതിൽ ആദ്യപരിഗണന എന്നതും ചോദ്യമാണ്. ഇതുവരെ രോഗബാധ വന്നിട്ടില്ലാത്തവർക്ക് ആദ്യമായി വാക്സിൻ നൽകാൻ തീരുമാനിച്ചേക്കുമെന്നാണ് സൂചന. രോഗം വന്നവർക്ക് രക്തത്തിൽ ആന്റിബോഡികളുണ്ടാകും എന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റ് അസുഖങ്ങളുള്ള അതീവശ്രദ്ധ ആവശ്യമുള്ളവർക്കും ആദ്യഘട്ടത്തിൽ പ്രഥമപരിഗണന നൽകി വാക്സിൻ നൽകിയേക്കും.
ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം എഴുപതിനായിരത്തിലേയ്ക്ക് അടുക്കുകയാണ്. 69,878 പേർക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 945 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 30 ലക്ഷത്തിലേയ്ക്ക് അടുക്കുന്നു. ആകെ മരണസംഖ്യ 55,794 ആയി. രോഗം ബാധിച്ച് 6,97,330 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 29,75,702 ആയി. ഇതിൽ 22,22,578 പേർക്ക് രോഗം ഭേദമായി.
നിലവിൽ പ്രതിദിനം പത്ത് ലക്ഷം കോവിഡ് പരിശോധനകൾ നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഓഗസ്റ്റ് 21ന് 10.23 ലക്ഷം പരിശോധനകൾ നടത്തി. ഇതോടെ രാജ്യത്ത് ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 3.45 കോടി ആയി. രാജ്യത്ത് ഇക്കഴിഞ്ഞ ആഴ്ചയിൽ രോഗമുക്തി നിരക്ക് മെച്ചപ്പെട്ടിട്ടുണ്ട്. ദശലക്ഷത്തിൽ 2,152 ആണ് രോഗബാധ നിരക്ക്. മരണനിരക്ക് ദശലക്ഷത്തിൽ 40 ആണ്. രാജ്യത്ത് കോവിഡ് ബാധിച്ചവരിലെ മരണനിരക്ക് 1.87 മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ