ലഖ്നൗ: രാജ്യത്ത് അഞ്ചു കോടി ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്യുന്ന ആദ്യ സംസ്ഥാനമായി മാറി ഉത്തർപ്രദേശ്. ഒപ്പം ഒരു ദിവസം ഏറ്റവും കൂടുതൽ പ്രതിരോധ കുത്തിവെപ്പ് നൽകുന്ന മധ്യപ്രദേശിന്റെ റെക്കോർഡും മറികടന്നു.

പ്രത്യേക കാമ്പയിനിന്റെ ഭാഗമായി ഇന്ന് 25 ലക്ഷത്തോളം വാക്സിൻ ഡോസുകളാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. ജൂണിൽ മധ്യപ്രദേശിൽ 17 ലക്ഷം ഡോസുകൾ വിതരണം ചെയ്തതായിരുന്നു ഒരു ദിവസത്തെ റെക്കോർഡ്. ഇന്നത്തെ വാക്സിനേഷൻ കണക്കുകൾ അടക്കം ഉത്തർപ്രദേശിൽ ഇതുവരെ 5.15 കോടി കോവിഡ് ഡോസുകൾ വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു.

മഹാരാഷ്ട്രയാണ് കോവിഡ് വാക്സിനേഷനിൽ രണ്ടാമതുള്ളത്. അഞ്ചു കോടിക്കടുത്തായി ഡോസുകൾ മഹാരാഷ്ട്രയിൽ വിതരണം ചെയ്തിട്ടുണ്ട്. 3.75 കോടി ഡോസുകൾ വിതരണം ചെയ്ത രാജസ്ഥാനും ഗുജറാത്തുമാണ് തൊട്ടുപിന്നിലായിട്ടുള്ളത്.

ചൊവ്വാഴ്ച രാജ്യത്ത് നൽകിയ കോവിഡ് വാക്സിനുകളിൽ 47 ശതമാനവും ഉത്തർപ്രദേശിലാണ് വിതരണം ചെയ്തിരിക്കുന്നത്. വൈകീട്ട് ഏഴ് മണിവരെയുള്ള കണക്കനുസരിച്ച് 56 ലക്ഷം ഡോസുകൾ രാജ്യത്താകമാനം വിതരണം ചെയ്തു.

അതേ സമയം ജനസംഖ്യാ അടിസ്ഥാനത്തിൽ കുത്തിവെപ്പെടുക്കുന്നവരുടെ എണ്ണത്തിൽ യുപി രണ്ടാമതാണ്. ഒരു ലക്ഷം പേരിൽ 22000 പേർ എന്ന നിരക്കിലാണ് യുപിയിലെ കോവിഡ് വാക്സിനേഷൻ. ജനസംഖ്യാടിസ്ഥാനത്തിലുള്ള വാക്സിനേഷനിൽ ബിഹാറാണ് രാജ്യത്ത് ഏറ്റവും പിന്നിൽ. ബിഹാറിൽ ഒരു ലക്ഷത്തിൽ 21000 പേർക്കാണ് വാക്സിനേഷൻ നടത്തിയത്. 23 കോടിയോളമാണ് ഉത്തർപ്രദേശിലെ ജനസംഖ്യ. ഇതിൽ 81 ലക്ഷം പേരാണ് രണ്ടു ഡോസുകളുമെടുത്ത് വാക്സിനേഷൻ പൂർത്തീകരിച്ചത്. 4.3 കോടി ആളുകൾ ഒറ്റ ഡോസ് മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. 2.4 കോടി ഡോസുകൾ വിതരണം ചെയ്തിട്ടുള്ളത് 18നും 44 വയസിനും ഇടയിലുള്ളവർക്കാണ്.

ചൊവ്വാഴ്ച 25 ലക്ഷം ഡോസുകൾ വിതരണം ചെയ്തെങ്കിലും മറ്റു ദിവസങ്ങളിൽ ഉത്തർപ്രദേശിൽ വാക്സിൻ വിതരണം ഇത്രത്തോളമില്ല. തിങ്കളാഴ്ച 3.8 ലക്ഷം ഡോസുകൾ മാത്രമാണ് വിതരണം ചെയ്തത്. ശനിയാഴ്ച 6.27 ലക്ഷവും വെള്ളിയാഴ്ച 8.6 ലക്ഷം ഡോസും വിതരണം ചെയ്തു. ജൂലായ് 23-നാണ് ഇതിന് മുമ്പ് ഏറ്റവും കൂടുതൽ ഡോസുകൾ വിതരണം ചെയ്തത്. 10.27 ലക്ഷം പേർക്കാണ് അന്ന് കുത്തിവെപ്പെടുത്തത്. ഓഗസ്റ്റ് അവസാനമാകുമ്പോഴേക്കും പത്ത് കോടി ഡോസുകൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നാണ് ഉത്തർപ്രദേശ് സർക്കാർ അവകാശപ്പെടുന്നത്.