ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് കൂടുതൽ വിദേശ വാക്സിനുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. മറ്റു രാജ്യങ്ങളിൽ ഉപയോഗിക്കുന്ന വാക്സിനുകൾ ഇന്ത്യയിൽ ഉടനടി എത്തിക്കാനുള്ള സാധ്യതയാണ് സർക്കാർ പരിശോധിക്കുന്നത്. നിരവധി വാക്സിനുകൾ ലഭ്യമാക്കി വാക്സിനേഷൻ ദൗത്യം വേഗത്തിലാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനം ഒന്നര ലക്ഷത്തോളം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ റഷ്യൻ നിർമ്മിത സ്പുട്നിക് ഫൈവ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു. ജോൺസൺ ആൻഡ് ജോൺസൺ, സൈഡസ് കാഡില, സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നോവാക്സ്, ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ ഒഴിക്കുന്ന വാക്സിൻ എന്നിവയ്ക്ക് ഈ വർഷം തന്നെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ വാക്സിൻ ക്ഷാമം നേരിട്ടിരുന്നു. കോവിഡ് രോഗികൾ ക്രമാതീതമായി ഉയർന്നതോടെ, എത്രയും പെട്ടെന്ന് എല്ലാവരിലേക്കും വാക്സിൻ എത്തിക്കുക എന്നതാണ് വ്യാപനത്തെ ചെറുക്കാനുള്ള ഏക മാർഗമായി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ വിദേശ വാക്സിനുകൾ രാജ്യത്ത് ലഭ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്.