- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
99 ദിവസം കൊണ്ട് നൽകിയത് 14 കോടി വാക്സിൻ; ലോകത്ത് ഏറ്റവും വേഗത്തിൽ വാക്സിനേഷൻ നടത്തിയത് ഇന്ത്യ; ഇനി 18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും കുത്തിവയ്പ്പെടുക്കുന്ന മൂന്നാം ഘട്ടം; വ്യാപനം തടയാൻ വാക്സിനേഷൻ ഇനിയും ശക്തമാക്കാൻ കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ലോകത്ത് ഏറ്റവും വേഗത്തിൽ 14 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ നൽകിയ രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വെറും 99 ദിവസത്തിനുള്ളിലാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. രാജ്യത്താകമാനം ഇതുവരെ 14,09,16,417 വാക്സിൻ ഡോസുകൾ നൽകിയെന്നാണ് വിലയിരുത്തൽ.
വാക്സിനേഷന്റെ അടുത്തഘട്ടം മെയ് ഒന്നുമുതൽ ആരംഭിക്കും. വാക്സിനേഷൻ യജ്ഞം ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള മാർഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എല്ലാ സംസ്ഥാനങ്ങളിലേയും അഡീഷണൽ ചീഫ് സെക്രട്ടറിമാർക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും അയച്ചു നൽകിയിട്ടുണ്ട്. 18 മുതൽ 44 വയസ്സുവരെ പ്രായമുള്ളവർക്ക് മെയ് ഒന്നുമുതൽ വാക്സിൻ ലഭ്യമാകും. ഏപ്രിൽ 28 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. കോവിൻ സൈറ്റ് വഴി മാത്രമായിരിക്കും രജിസ്ട്രേഷൻ.
ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 45 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിവർക്ക് തുടർന്നും വാക്സിൻ സ്വീകരിക്കാനാവും. സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സൗജന്യമായിട്ടായിരിക്കും വാക്സിൻ നൽകുക. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ പണം ഈടാക്കും. സർക്കാർ-സ്വകാര്യ കോവിഡ് വാക്സിനേഷൻ സെന്ററുകൾ കോവിനിൽ രജിസ്റ്റർ ചെയ്യണം. നിലവിൽ കോവിനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
വാക്സിനേഷൻ സെന്ററുകൾ വാക്സിനേഷനുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും രേഖപ്പെടുത്തേണ്ടതും ഡിജിറ്റൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടതുമാണെന്നും കേന്ദ്രം നിർദ്ദേശിക്കുന്നു. ഇതിനൊപ്പമാണ് വാക്‌സിൻ നൽകലിൽ റിക്കോർഡ് നേട്ടവും കേന്ദ്ര സർക്കാർ മുമ്പോട്ട് വയ്ക്കുന്നത്. വാക്‌സിനേഷനിലൂടെ വ്യാപനത്തെ പിടിച്ചു നിർത്താനാണ് തീരുമാനം. എല്ലാം സംസ്ഥാനങ്ങളിലും ഓക്‌സിജൻ ഉണ്ടെന്നും ഉറപ്പാക്കും.
വാക്‌സിൻ സ്വീകരിച്ചവരിൽ ആദ്യ ഡോസ് ലഭിച്ച 92,90,528 ആരോഗ്യ പ്രവർത്തകരും 1,19,50,251 മുൻനിര പ്രവർത്തകരും ഉൾപ്പെടുന്നു. 59,95,634 ആരോഗ്യ പ്രവർത്തകരും 62,90,491 മുൻനിര പ്രവർത്തകരും രണ്ടാമത്തെ ഡോസ് വാസ്‌കിനും സ്വീകരിച്ചു. മുതിർന്ന പൗരന്മാരിൽ 4,96,55,753 പേർക്ക് ആദ്യ ഡോസും 77,19,730 പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു. 45 നും 60 നും ഇടയിൽ പ്രായമുള്ളവരിൽ 4,76,83,792 പേർക്ക് ആദ്യ ഡോസ് വാക്സിനും 23,30,238 പേർക്ക് രണ്ടാം ഡോസും സ്വീകരിച്ചു.
24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 25 ലക്ഷത്തിലധികം വാക്സിൻ ഡോസുകളാണ് നൽകിയത്. മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാൾ, കർണാടക, മധ്യപ്രദേശ്, കേരളം എന്നീ എട്ട് സംസ്ഥാനങ്ങളാണ് രാജ്യത്ത് ഇതുവരെ നൽകിയ ആകെ ഡോസിന്റെ 58.83 ശതമാനവും നൽകിയത്.
ആരോഗ്യ പ്രവർത്തകർക്ക് കുത്തിവയ്പ് നൽകിക്കൊണ്ട് ജനുവരി 16 നാണ് രാജ്യവ്യാപകമായി വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് മുൻനിര പ്രവർത്തകർക്കുള്ള കുത്തിവെപ്പ് ഫെബ്രുവരി 2 മുതൽ ആരംഭിച്ചു. തുടർന്ന് രണ്ട് ഘട്ടമായി 60 വയസിന് മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ളവർക്കും വാക്സിൻ നൽകാനാരംഭിച്ചു. മെയ് 1 മുതൽ രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകി തുടങ്ങും.
വാക്‌സിൻ വിതരണം സൗജന്യമെന്ന് പ്രധാനമന്ത്രി
രാജ്യത്ത് സൗജന്യ വാക്സീനേഷൻ പദ്ധതി ഇനിയും തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സീനെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങളിൽ വീഴരുതെന്ന് അദ്ദേഹം ജനത്തോട് അഭ്യർത്ഥിച്ചു. 45 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം മരുന്ന് നൽകിയിട്ടുണ്ട്. കോവിഡ് തരംഗം നേരിടാൻ എല്ലാ നടപടിയും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നുണ്ട്.
സംസ്ഥാന സർക്കാരുകളും ഇക്കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. രണ്ടാം തരംഗം രാജ്യത്തെ ജനങ്ങളെ നടുക്കി. എന്നാൽ ഈ തരംഗത്തിൽ രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുതലാണ്. ഇത് രാജ്യത്തിന് ആശ്വാസം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടാണ്. ഇതിൽ ആരോഗ്യ പ്രവർത്തകർ വഹിക്കുന്ന പങ്ക് വളരെ വലുതും. ആരോഗ്യപ്രവർത്തകരുടെ ചെറുത്തുനിൽപ്പിന് രാജ്യം അഭിവാദ്യം അർപ്പിക്കുകയാണെന്നും പ്രധാന മന്ത്രി മൻകീ ബാത്തിൽ പറഞ്ഞു. ആരോഗ്യ മേഖലയിലെ നിരവധി ആളുകമായി അദ്ദേഹം പ്രതിവാര റേഡിയോ പരിപാടിയിൽ സംസാരിച്ചു.
മറുനാടന് മലയാളി ബ്യൂറോ