തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ 22,000 കഴിഞ്ഞിരിക്കുന്നതിനാൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കോവിഡ് കേസുകൾ ഡിസംബർ 26ന് 1824 വരെ കുറഞ്ഞതാണ്. എന്നാൽ ക്രിസ്തുമസ്, ന്യൂ ഇയർ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കോവിഡ് കേസുകൾ വർധിച്ചു. ജനുവരി ഏഴിന് കേവിഡ് കേസുകൾ 5,000ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വർധിച്ചു.

അതീവ ജാഗ്രതയാണ് ആരോഗ്യമന്ത്രി ജനങ്ങൾക്ക് മുമ്പിൽ വയ്ക്കുന്നത്. നിരക്ക് ഇനിയും ഉയർന്നാൽ കേരളം ഒരു അടച്ചു പൂട്ടലിലേക്ക് പോകേണ്ടി വരും. കേരളത്തിൽ 33 ശതമാനത്തിന് മുകളിലാണ് ടിപിആർ. ഇന്ത്യയിൽ ഒരു സമയത്തും ഒരു സംസ്ഥാനത്തും ഇത്രയേറെ നിരക്കിൽ ടിപി ആർ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി മുന്നറിയിപ്പുമായി എത്തുന്നത്. സ്വയം നിയന്ത്രണത്തിലേക്ക് എല്ലാം പോയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും.

കേരളത്തിൽ ഇന്ന് 22,946 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂർ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂർ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി 605, കാസർഗോഡ് 574, വയനാട് 227 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373 സാമ്പിളുകളാണ് പരിശോധിച്ചത്. പരിശോധന വളരെ കുറവാണ്. പരിശോധന കൂട്ടിയാൽ ഇനിയും കേസുകൾ ഉയരുമെന്നാണ് വിലയിരുത്തൽ. നിലവിൽ 1,21,458 കോവിഡ് കേസുകളിൽ, 3.7 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളതെന്നത് മാത്രമാണ് ആശ്വാസം.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 181 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,179 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 442 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 144 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. ഇത് ഗുരുതര സാഹചര്യമാണുണ്ടാക്കുന്നത്. സമൂഹ വ്യാപനം അതിശക്തമാണ്. ഓമിക്രോണും വ്യാപകമാകുന്നു. തിരുവനന്തപുരത്ത് അതിരൂക്ഷ വ്യാപകമാണ്. എന്നിട്ടും സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നില്ല.

ജനുവരി 12ന് 12,000ന് മുകളിലും ജനുവരി 17ന് 22,000ന് മുകളിലും എത്തിയിട്ടുണ്ട്. ഇനിയും കേവിഡ് കേസുകൾ കുത്തനെ ഉയരാതിരിക്കാൻ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. ആരിൽ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളത്. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ ശരിയായവിധം എൻ 95 മാസ്‌കോ, ഡബിൾ മാസ്‌കോ ധരിക്കേണ്ടതാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളിൽ ഏകദേശം 60,161 വർധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ കേസുകളുടെ വളർച്ചാ നിരക്കിൽ 182 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികൾ 160 ശതമാനവും, ആശുപത്രികളിലെ രോഗികൾ 41 ശതമാനവും, ഫീൽഡ് ആശുപത്രികളിലെ രോഗികൾ 90 ശതമാനവും, ഐസിയുവിലെ രോഗികൾ 21 ശതമാനവും, വെന്റിലേറ്ററിലെ രോഗികൾ 6 ശതമാനവും, ഓക്സിജൻ കിടക്കകളിലെ രോഗികൾ 30 ശതമാനവും വർധിച്ചിട്ടുണ്ട്.

പ്രായമായവർക്കും മറ്റനുബന്ധ രോഗമുള്ളവർക്കും കോവിഡ് ബാധിച്ചാൽ പെട്ടന്ന് ഗുരുതരമാകാൻ സാധ്യതയുണ്ട്. രോഗികളുടെ എണ്ണം കുത്തനെ ഉയർന്നാൽ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും ഗുരുതാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണവും മരണങ്ങളും അധികമായുണ്ടായേക്കാം. ഇത് ആശുപത്രി സംവിധാനങ്ങളെ സമ്മർദത്തിലാക്കും. അതിനാൽ എല്ലാവരും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.

പൊതു ചടങ്ങുകൾ മാർഗനിർദ്ദേശ പ്രകാരം മാത്രം നടത്തേണ്ടതാണ്. എല്ലായിടത്തും ആളുകളെ പരമാവധി കുറയ്ക്കണം. പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളിൽ ഇറങ്ങരുത്. രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും എല്ലാവരും ശരിയായ വിധം മാസ്‌ക് ധരിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

കൈ കഴുകുന്ന സ്ഥലങ്ങളിലും തിരക്ക് കൂട്ടരുത്. അടച്ചിട്ട സ്ഥലങ്ങൾ കോവിഡ് വ്യാപനത്തിന് കാരണമായതിനാൽ ജനാലുകളും വാതിലുകളും തുറന്നിടണം. കടകളിലും ഷോപ്പിങ് മാളുകളിലും പോകുന്നവർ ഒരിക്കലും മാസ്‌ക് താഴ്‌ത്തരുത്. എല്ലാവരും കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.