ന്യൂഡൽഹി: തീവ്രത കുറഞ്ഞ കോവിഡ് രോഗബാധിതരുടെ ചികിത്സയ്ക്ക് വിരാഫിൻ മരുന്നിന്റെ അടിയന്തര ഉപയോഗ അനുമതി നൽകി ഡി.ജി.സി.എ. പ്രായപൂർത്തിയായവരിലെ തീവ്രത കുറഞ്ഞ കോവിഡ് രോഗബാധയ്ക്കാണ് വിരാഫിൻ ഉപയോഗിക്കുക.

സൈഡസ് കാഡില ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് വിരാഫിന്റെ നിർമ്മാതാക്കൾ. വിരാഫിൻ നൽകിയ 91.15 ശതമാനം രോഗികളും ഏഴുദിവസത്തിനകം ആർ.ടി.പി.സി.ആർ. പരിശോധനയിൽ നെഗറ്റീവ് ആയതായി സൈഡസ് കമ്പനി അവകാശപ്പെട്ടു. ഒരു ഡോസ് വിരാഫിൻ തൊലിക്കടിയിലേക്ക് കുത്തിവെക്കുകയാണ് ചെയ്യുന്നത്. 

കോവിഡ് ചികിത്സയിലെ വലിയ വെല്ലുവിളിയായി പരിഗണിക്കപ്പെടുന്ന ശ്വാസതടസ്സം-ബുദ്ധിമുട്ട് എന്നിവയെ നിയന്ത്രിക്കാൻ വിരാഫിന് കഴിയുമെന്നാണ് കണക്കാക്കുന്നത്. മറ്റ് വൈറൽ രോഗബാധകൾക്കെതിരെയും വിരാഫിൻ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

രോഗികൾക്ക് ഓക്സിജൻ പിന്തുണ നൽകേണ്ടതിന്റെ ആവശ്യകത കുറയ്ക്കുന്നതും രോഗമുക്തരാകാനുള്ള സമയം കുറയ്ക്കുന്നതുമാണ് വിരാഫിൻ എന്ന് കമ്പനി അവകാശപ്പെടുന്നു.

വേഗത്തിൽ രോഗമുക്തി നേടാനും നിരവധി സങ്കീർണതകൾ ഒഴിവാക്കാനും വിരാഫിന് സാധിക്കുമെന്നും നിർമ്മാതാക്കൾ പറഞ്ഞു. ഡോക്ടറുടെ കുറിപ്പടിയുടെ പുറത്ത് ആശുപത്രികളിലും മറ്റും ഉപയോഗിക്കാൻ വിരാഫിൻ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ 20-25 കേന്ദ്രങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ, രോഗികൾക്ക് ഓക്സിജൻ നൽകേണ്ടതിന്റെ ആവശ്യകത വിരാഫിൻ കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.