- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ വകഭേദത്തെ കണ്ടെത്താൻ ട്രാക്ക് ആൻഡ് ട്രേസുമായി ബ്രിട്ടൻ; ലെസ്റ്ററിലെ സ്കൂളിൽ കണ്ടെത്തിയ ഇന്ത്യൻ കോവിഡിനെ തടയാൻ രോഗികളുടെ പരിചയക്കാരെ മുഴുവൻ കണ്ടെത്തി പരിശോധിച്ച് അധികൃതർ
ലെസ്റ്റർ: ലെസ്റ്ററിൽ മൂന്ന് പേരിൽ കൊറോണയുടെ ഇന്ത്യൻ വകഭേദത്തെ കണ്ടെത്തിയതിനെ തുടർന്ന്, രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തി രോഗപരിശോധനകൾ നടത്തുവാൻ ഒരുങ്ങുകയാണ് അധികൃതർ. ഇന്ത്യയിൽ അതിരൂക്ഷമായ കോവിഡ് വ്യാപനത്തിനിടയാക്കിയ ഈ വകഭേദം ബ്രിട്ടനിൽ ഇതുവരെ 132 ഇടങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ, ഇനിയും നൂറിലധികം കേസുകൾ ഉണ്ടാകാമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
നിലവിൽ, ലെസ്റ്ററിൽ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ടെസ്റ്റ് ആൻഡ് ട്രേസ് സംവിധാനം വിപുലപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള എല്ലാ കേസുകളും വിശദമായി അന്വേഷിക്കുകയും ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്ക് കർശനമായ സെൽഫ് ഐസൊലേഷനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, സമൂഹവ്യാപനത്തിന്റെ ലക്ഷണം ഇതുവരെ കാണിക്കാത്തതിനാൽ, വ്യാപകമായ പരിശോധനക്ക് ഇനിയും ഉത്തരവിട്ടിട്ടില്ല.
ലെസ്റ്ററിലെ ഒരു സ്കൂളിലാണ് ഇപ്പോൾ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ, സ്കൂളിന്റെ പേരോ മറ്റ് വിശദാംശങ്ങളോ ഇതുവ്രെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ഈ വൈറസ് ബാധിച്ച ജീവനക്കാരോ വിദ്യാർത്ഥികളോ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുവാൻ സാധ്യതയുള്ളതിനാൽ അവരുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. രോഗം ബാധിച്ചവർ നേരത്തേ ഇന്ത്യ സന്ദർശിച്ചിരുന്നുവോ എന്ന കാര്യവും വ്യക്തമായിട്ടില്ല.
തുടർച്ചയായി കോവിഡ് ഹോട്ട്സ്പോട്ടാകുന്ന ലിസ്റ്റർ ഏറ്റവുമധികം ഇന്ത്യാക്കാർ താമസിക്കുന്ന രണ്ടാമത്തെ സ്ഥലമാണ്. നഗരത്തിൽ മാത്രം ഏകദേശം 38,000 ഇന്ത്യാക്കാരാണ് ഉള്ളത്. അതായത്, ലിസ്റ്റർ നഗരത്തിലെ ജനസംഖ്യയിൽ 28 ശതമാനത്തോളം ഇന്ത്യാക്കാരാണെന്നർത്ഥം. ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സമയത്താണ് ലിസ്റ്ററിൽ ഇന്ത്യൻ വകഭേദത്തെ കണ്ടെത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,60,000 പേർക്കാണ് ഇന്ത്യയിൽ പുതിയതായി രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞതിന്റെ മുൻപത്തെ ആഴ്ച്ചയിൽ ബ്രിട്ടനിൽ ഇന്ത്യൻ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് 76 പേരിലായിരുന്നെങ്കിൽ, ഓരാഴ്ച്ച കൊണ്ട് അത് ഇരട്ടിയായി കഴിഞ്ഞയാഴ്ച്ച 132 പേരിൽ അതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. അതിനു പുറമേയാണ് ഇപ്പോൾ ലെസ്റ്ററിൽ മൂന്നു പേരിൽ ഇന്ത്യൻ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞയാഴ്ച്ച പുതിയതായി കണ്ടെത്തിയ 55 കേസുകളിൽ 39 പേർക്ക് ബ്രിട്ടനിൽ നിന്നു തന്നെയാൺ രോഗബാധ ഉണ്ടായിരിക്കുന്നത് എന്നത് അധികൃതറെ ഏറെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
മറുനാടന് ഡെസ്ക്