തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് വെല്ലുവളിയായി വീണ്ടും വാക്‌സിൻ ക്ഷാമം. സംസ്ഥാനത്ത് 6 ജില്ലകളിൽ കോവിഷീൽഡ് വാക്സിൻ പൂർണമായും തീർന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് കോവീഷിൽഡ് വാക്സിൻ തീർന്നത്.

സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്സിൻ മാത്രമാണുള്ളത്. എത്രയും വേഗം കൂടുതൽ വാക്സിൻ എത്തിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൽ മാത്രമാണ് രാജ്യത്ത് ഇപ്പോൾ കോവിഡ് രോഗ നിരക്ക് ക്രമാതീതമായി കൂടി നിൽക്കുന്നത്. അതുകൊണ്ട് തന്നെ വാക്‌സിനേഷൻ അനിവാര്യതയും. രോഗ വ്യാപനത്തെ ചെറുക്കാനുള്ള മാർഗ്ഗമായാണ് വാക്‌സിനേഷനെ കേരളം കാണുന്നത്. കൂടുതൽ പേരും കോവീഷീൽഡിനോടാണ് താൽപ്പര്യം കാണിക്കുന്നത്. ഇതും കോവീഷീൽഡിൽ ക്ഷാമത്തിന് കാരണമായി.

അതേ സമയം എല്ലാ ജില്ലകളിലും കുറഞ്ഞ തോതിൽ കോവാക്സിൻ സ്റ്റോക്കുണ്ട്. കോവാക്സിൻ എടുക്കാൻ പലരും വിമുഖത കാണിക്കുന്നുണ്ട്. കോവാക്സിൻ സ്വീകരിക്കാൻ ആശങ്കയുടെ ആവശ്യമില്ല. കോവാക്സിനും കോവിഷീൽഡും ഒരു പോലെ ഫലപ്രദവും സുരക്ഷിതവുമാണ്. കോവീഷിൽഡ് ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം 84 ദിവസം കഴിഞ്ഞ് 112 ദിവസത്തിനുള്ളിലാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. അതേസമയം കോവാക്സിൻ ആദ്യ ഡോസ് എടുത്തതിന് ശേഷം 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് എടുക്കാനാകും.

വിദേശരാജ്യങ്ങളിൽ ഭൂരിഭാഗവും കോവീഷീൽഡിന് അംഗീകാരം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിദേശയാത്രയ്ക്കും മറ്റും കോവീഷീൽഡ് വാക്‌സിൻ എടുത്തവർക്കേ അനുമതി കിട്ടാറുള്ളൂ. ഈ സാഹചര്യവും കോവാക്‌സിന് താൽപ്പര്യക്കാരെ കുറയ്ക്കുന്നുണ്ട്. ദിവസവും വാക്‌സിൻ എടുക്കുന്നവരുടെ എണ്ണം കേരളത്തിൽ ക്രമാതീതമായി കൂട്ടിയിട്ടുണ്ട്. ഇതിന് അനുസരിച്ച് വാക്‌സിൻ കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സർക്കാർ ആശുപത്രികളിൽ കോവീഷീൽഡ് ഇല്ലെങ്കിലും സ്വകാര്യ ആശുപത്രികളിൽ ഇത് ലഭ്യമാണ്.

കോവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള കേന്ദ്ര സർക്കാർ കുറച്ചേക്കുമെന്നും സൂചനയുണ്ട്. ഇമ്യൂണൈസേഷൻ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും ഉന്നതസർക്കാർ വൃത്തങ്ങൾ വിശദീകരിച്ചിട്ടുണ്ട്. 45 വയസ്സിന് മുകളിൽ പ്രയമുള്ളവർക്ക് കോവിഷീൽഡ് ഡോസിന്റെ ഇടവേള കുറക്കുമെന്ന് കേന്ദ്ര കോവിഡ് വാക്‌സിനേഷൻ പാനൽ ചെയർമാനായ ഡോ എൻകെ അറോറ പറഞ്ഞിരുന്നു.

വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞാൽ നാലുമുതൽ ആറാഴ്ചയ്ക്കുശേഷം രണ്ടാം ഡോസ് എടുക്കാം എന്നായിരുന്നു ആദ്യത്തെ മാഗനിർദ്ദേശം. പിന്നീടത് 45 ദിവസം എന്നാക്കി മാറ്റി. ഇപ്പോൾ 84 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. കോവിഷീൽഡ് വാക്സിന്റെ രണ്ടാം കുത്തിവയ്‌പ്പിന് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തി കണക്കിലെടുത്തെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിയെ അറിയിച്ചിരുന്നു. വാക്സിൻ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയതെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.

അദ്ധ്യാപക ദിനത്തിന് മുമ്പായി രാജ്യത്തെ എല്ലാ സ്‌കൂൾ അദ്ധ്യാപകർക്കും വാക്സിൻ നൽകാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അദ്ധ്യാപകർക്ക് വാക്സിനേഷൻ പൂർത്തിയാക്കാൻ കേന്ദ്രം 2 കോടി അധിക വാക്സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.അദ്ധ്യാപകരെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തി വാക്സിൻ നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു.