ന്യൂഡൽഹി: കോവിഷീൽഡ് വാക്സിന്റെ രണ്ടാം കുത്തിവെയ്‌പ്പിനുള്ള ഇടവേളയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. നിലവിലെ രീതി ഫലപ്രദമാണെന്ന് നീതി ആയോഗ് അംഗം വി കെ പോൾ അറിയിച്ചു. വാക്സിന്റെ ഇടവേളയായി നിശ്ചയിച്ചിട്ടുള്ള 12-16 ആഴ്ചകൾക്ക് ഇടയിൽ രണ്ടാം ഡോസ് എടുക്കുന്നത് ഫലപ്രദമാണെന്നും അദ്ദേഹം അറിയിച്ചു.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനക്കയും സംയുക്തമായി നിർമ്മിക്കുന്ന കോവിഷീൽഡ് വാക്സിന്റെ ഇടവേള ചുരുക്കണമെന്ന് വ്യാപകമായി ആവശ്യം ഉയർന്നിരുന്നു. രാജ്യത്ത് വാക്സിൻ ദൗർലഭ്യം മൂലമാണ് ഇടവേള ദീർഘിപ്പിച്ചതെന്നായിരുന്നു ആക്ഷേപം ഉയർന്നത്.

കോവിഷീൽഡ് വാക്സിന്റെ ഇടവേള സംബന്ധിച്ച് വിദഗ്ദ്ധർ വിലയിരുത്തുന്നുണ്ട്. നിലവിൽ നിശ്ചയിച്ച 12-16 ആഴ്ച ഇടവേള കൂടുതൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. അതിനാൽ തന്നെ നിലവിലെ ഇടവേളയിൽ മാറ്റം വരുത്തേണ്ടതില്ലെന്നും വി കെ പോൾ അറിയിച്ചു.

എന്നാൽ ഭാവിയിൽ ഇടവേള സംബന്ധിച്ച് മാറ്റമുണ്ടാകുമോ എന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ കോവിഷീൽഡ് രണ്ടാം ഡോസിന് ആദ്യം നാലു മുതൽ ആറ് ആഴ്ചയാണ് ഇടവേള നിശ്ചയിച്ചിരുന്നത്.

പിന്നീട് ഇത് ആറു മുതൽ എട്ട് ആഴ്ച വരെയും തുടർന്ന് 12-16 ആഴ്ചയുമായി ഇടവേള ദീർഘിപ്പിക്കുകയായിരുന്നു. രാജ്യത്ത് ഒരു ദിവസം 1.25 കോടി വാക്സിൻ നൽകാനുള്ള ശേഷിയുണ്ട്. അടുത്തമാസം രാജ്യത്തെ 20 മുതൽ 22 കോടി പേർക്ക് വാക്സിൻ ലഭ്യമാക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.