പശുക്കൾക്കായി പ്രത്യേക മന്ത്രാലയം തുടങ്ങുന്ന കാര്യം കേന്ദ്രസർക്കാർ ആലോചിച്ച് വരികയാണെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ.

എത്രയും വേഗം ഇതു സംബന്ധിച്ച നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിൽ ത്രിദിന പര്യടനം നടത്തുന്നതിനിടെയാണ് അമിത് ഷായുടെ പ്രഖ്യാപനം.

പശുക്കളുടെ ക്ഷേമത്തിനായി മന്ത്രാലയം തുടങ്ങുന്നതിന് വിവിധ കോണുകളിൽ നിന്ന് ആവശ്യങ്ങൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര പശു മന്ത്രാലയം എന്ന ആശയത്തിലേക്ക് സർക്കാർ എത്തിയിരിക്കുന്നത്. 2014ൽ യോഗി ആദിത്യനാഥാണ് ഈ ആശയം മുമ്പോട്ട് വച്ചത്. അദ്ദേഹം അക്കാര്യം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തിരുന്നെന്നും അമിത് ഷാ പറഞ്ഞു.

'സേവ് കൗ' ക്യാമ്പയിനും അവിടെ സർക്കാർ തലത്തിൽ നടക്കുന്നുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദിവസം ആരംഭിക്കുന്നത് തന്നെ പശുക്കളെ പരിപാലിച്ചുകൊണ്ടാണ്.
കേന്ദ്രസർക്കാരിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിലാണ് പശുപരിപാലനവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും വരുന്നത്.

കേന്ദ്ര പശുമന്ത്രാലയം നിലവിൽ വന്നാൽ അതിന്റെ പ്രവർത്തനം എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അമിത് ഷാ വ്യക്തമാക്കിയില്ല.

പശുസംരക്ഷണത്തിന്റെ പേരിൽ രാജ്യമെങ്ങും അതിക്രമം വർധിക്കുന്നതിനിടെയാണ് ബിജെപി സർക്കാർ പശുവിനു വേണ്ടി പുതിയ വകുപ്പ് രൂപീകരിക്കുന്നത്.