- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നുകുട്ടിയെ അറുത്തു കൊന്നത് വിനയായത് കെപിസിസി അധ്യക്ഷനാവാൻ മോഹിച്ച സുധാകരന്; അവസരം മുതലാക്കി കണ്ണൂരിലെ പോരാളിയെ ഒതുക്കാൻ ഗ്രൂപ്പ് മറന്ന് നേതാക്കൾ ഒന്നിക്കുന്നു; അമർഷം മാറാതെ രാഹുൽ ഗാന്ധിയും
കണ്ണൂർ: കണ്ണൂരിൽ നടുറോഡിൽ കന്നുകുട്ടിയെ അറുത്തസംഭവം തിരിച്ചടിയാകുന്നത് കോൺഗ്രസിലെ കെ സുധാകര വിഭാഗത്തിന്. കെപിസിസി അധ്യക്ഷസ്ഥാനത്തിനായി ചരടുവലികൾ നടത്തുന്ന കെ സുധാകരന് കനത്ത തിരിച്ചടിയാണ് ഈ സംഭവം. പശുവിനെ ഉത്തരേന്ത്യയിൽ ദൈവത്തിന് തുല്യമായാണ് ഹിന്ദുക്കൾ ആരാധിക്കുന്നത്. ഈ സാഹചര്യത്തിൽ കണ്ണൂരിലെ സംഭവം ദേശീയ തലത്തിൽ പോലും ബിജെപി ചർച്ചയാക്കി. ഇത് തിരിച്ചറിഞ്ഞ് കൂടിയാണ് സംഭവത്തെ രാഹുൽ ഗാന്ധി അപലപിച്ചത്. ഈ സംഭവം കെ സുധാകരന്റെ പിടിപ്പുകേടായി രാഹുൽ ഗാന്ധിയെ ചിലർ ധരിപ്പിക്കുകയും ചെയ്തു. കെപിസിസി അധ്യക്ഷ പദമോഹം തകർക്കുകയായിരുന്നു ലക്ഷ്യം. കേന്ദ്രസർക്കാരിന്റെ കാലിക്കശാപ്പിനുള്ള നിയന്ത്രണത്തിനെതിരേ നടത്തിയ പ്രതിഷേധത്തിലാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ മണ്ഡലം കമ്മിറ്റി പ്രവർത്തകർ പരസ്യമായി കന്നുകുട്ടിയുടെ കഴുത്തറത്തത്. നേതാക്കൾ മുദ്രാവാക്യംവിളിച്ച് തെരുവിൽ കന്നുകുട്ടിയെ കൊന്ന് ഇറച്ചി വിതരണംചെയ്തത് ദേശീയചാനലുകളടക്കം തത്സമയം കാണിച്ചു. ഇത് വിവാദമായത് കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന് വലിയ ക്ഷീണമായി. സംഭവത്തെ എ.ഐ
കണ്ണൂർ: കണ്ണൂരിൽ നടുറോഡിൽ കന്നുകുട്ടിയെ അറുത്തസംഭവം തിരിച്ചടിയാകുന്നത് കോൺഗ്രസിലെ കെ സുധാകര വിഭാഗത്തിന്. കെപിസിസി അധ്യക്ഷസ്ഥാനത്തിനായി ചരടുവലികൾ നടത്തുന്ന കെ സുധാകരന് കനത്ത തിരിച്ചടിയാണ് ഈ സംഭവം. പശുവിനെ ഉത്തരേന്ത്യയിൽ ദൈവത്തിന് തുല്യമായാണ് ഹിന്ദുക്കൾ ആരാധിക്കുന്നത്. ഈ സാഹചര്യത്തിൽ കണ്ണൂരിലെ സംഭവം ദേശീയ തലത്തിൽ പോലും ബിജെപി ചർച്ചയാക്കി. ഇത് തിരിച്ചറിഞ്ഞ് കൂടിയാണ് സംഭവത്തെ രാഹുൽ ഗാന്ധി അപലപിച്ചത്. ഈ സംഭവം കെ സുധാകരന്റെ പിടിപ്പുകേടായി രാഹുൽ ഗാന്ധിയെ ചിലർ ധരിപ്പിക്കുകയും ചെയ്തു. കെപിസിസി അധ്യക്ഷ പദമോഹം തകർക്കുകയായിരുന്നു ലക്ഷ്യം.
കേന്ദ്രസർക്കാരിന്റെ കാലിക്കശാപ്പിനുള്ള നിയന്ത്രണത്തിനെതിരേ നടത്തിയ പ്രതിഷേധത്തിലാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ മണ്ഡലം കമ്മിറ്റി പ്രവർത്തകർ പരസ്യമായി കന്നുകുട്ടിയുടെ കഴുത്തറത്തത്. നേതാക്കൾ മുദ്രാവാക്യംവിളിച്ച് തെരുവിൽ കന്നുകുട്ടിയെ കൊന്ന് ഇറച്ചി വിതരണംചെയ്തത് ദേശീയചാനലുകളടക്കം തത്സമയം കാണിച്ചു. ഇത് വിവാദമായത് കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന് വലിയ ക്ഷീണമായി. സംഭവത്തെ എ.ഐ.സി.സി. ഉപാധ്യക്ഷൻ രാഹുൽഗാന്ധിയും പാർട്ടിവക്താവ് അഭിഷേക് സിങ്വിയും ഉടൻ അപലപിച്ചു. റെജിൽ മാക്കുറ്റിയെ പുറത്താക്കി. കണ്ണൂരിൽ സുധാകരന്റെ അതിവിശ്വസ്തനായിരുന്നു റജിൽ മാക്കുറ്റി.
യൂത്ത് കോൺഗ്രസിനെതിരേ രാഹുൽ ആദ്യമായിട്ടാണ് ഇത്തരമൊരു പ്രതിഷേധം ഉയർത്തുന്നത്. മുഖംരക്ഷിക്കാനാണ് സംഭവത്തിലുൾപ്പെട്ടവർക്കെതിരേ ഉടനെ സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വവും കെപിസിസി.യും നടപടിയെടുത്തത്. സംഭവത്തിന് ബിജെപി.യും ദേശീയതലത്തിൽ പ്രചാരണം നൽകി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിഷേധിച്ചു. ഇതാണ് കോൺഗ്രസ്നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയത്. സമൂഹമാധ്യമങ്ങളിലും വിമർശനം ശക്തമായി. അങ്ങനെ എല്ലാ അർത്ഥത്തിലും കാലിയെ അറുക്കൽ കോൺഗ്രസിന് തിരിച്ചടിയായി.
കോൺഗ്രസിന്റെ സംസ്‌കാരത്തിന് യോജിച്ച പ്രതിഷേധമല്ല കണ്ണൂരിൽ നടത്തിയതെന്ന് കെപിസിസി. പ്രസിഡന്റ് എം.എം. ഹസനും മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് ഡീൻ കുര്യാക്കോസും വിശദീകരിച്ചു. ഇതോടെ സുധാകര പക്ഷം തീർത്തും ഒറ്റപ്പെട്ടു. പ്രതിഷേധം അതിരുകടക്കരുതായിരുന്നെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. 'ക്രൂരം, അസംബന്ധം, തെമ്മാടിത്തം എന്നേ ഇതിനെപ്പറ്റി പറയാനാവൂ'വെന്നാണ് കെപിസിസി. ജനറൽ സെക്രട്ടറി പി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടത്. ഇതോടെ കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയവും സുധാകരന് എതിരായി.
ബീഫ് നിരോധനത്തിനെതിരെ മാടിനെ പരസ്യമായി അറുത്ത് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ കണ്ണൂർ പാർലമെന്റ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അടക്കം മൂന്നുപേർക്കെതിരെ നടപടി എടുത്തിരുന്നു. ഇവരുടെ കോൺഗ്രസ് അംഗത്വം സസ്പെൻഡ് ചെയ്തു. റിജിൽ മാക്കുറ്റിയെ കൂടാതെ ജോസി കണ്ടത്തിൽ, ഷറഫുദ്ദീൻ എന്നിവർക്കെതിരെയും നടപടിയുണ്ട്. കാലികളെ കശാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ ഉത്തരവിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളുടെ മാറ്റു കുറയ്ക്കാൻ കണ്ണൂരിലെ സംഭവം കാരണമായി.
അതിനിടെ മാടിനെ പരസ്യമായി കശാപ്പ് ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസിൽനിന്നു സസ്‌പെൻഡ് ചെയ്ത നടപടി അംഗീകരിക്കുന്നുവെന്ന് റിജിൽ മാക്കുറ്റി അറിയിച്ചു. സംഘപരിവാറിനെതിരേ ഇനിയും ചങ്കൂറ്റത്തോടെ പോരാട്ടം തുടരുമെന്നും റിജിൽ ഫേസ്‌ബുക്കിൽ കുറിച്ചു.