ബെംഗളൂരു: വിഴുങ്ങിയ സ്വർണം വീണ്ടെടുക്കാൻ പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കർണാടകയിലെ ഹീപാൻഹള്ളിയിലെ സിർസി താലൂക്കിലാണ് സംഭവം. ശ്രീകാന്ത് ഹെഗ്ഡേ എന്നയാളുടെ പശുവിനെയാണ് സ്വർണം വിഴുങ്ങിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയത്.ശസ്ത്രക്രിയയ്ക്ക് ശേഷം പശു സുഖം പ്രാപിക്കുകയാണെന്നും ഉടമ പറഞ്ഞു.

ദീപാവലി ദിവസം നടത്തിയ ഗോ പൂജയ്ക്കിടെയാണ് പശു സ്വർണം വിഴുങ്ങിയത്. പൂജയുടെ ഭാഗമായി പശുവിനെ സ്വർണം അണിയിച്ചിരുന്നു. പൂക്കൾ കൊണ്ടുണ്ടാക്കിയ മാലയ്ക്കൊപ്പം 20 ഗ്രാം തൂക്കം വരുന്ന സ്വർണമാലയും പശുവിന് ഇട്ടുകൊടുത്തി. പൂജയ്ക്കുശേഷം ഇവ ഊരി സമീപത്ത് വെച്ചിരുന്നെങ്കിലും പിന്നീട് പൂമാലയ്ക്കൊപ്പം സ്വർണമാലയും കാണാതായി. വീട് മുഴുവൻ തിരഞ്ഞെങ്കിലും ഇത് കണ്ടെത്താനായില്ല. തുടർന്നാണ് സ്വർണം പശു വിഴുങ്ങിയതാവുമെന്ന സംശയമുയർന്നത്. സ്വർണമാലയ്ക്ക് വേണ്ടി ഒരു മാസത്തോളം ഇവർ പശുവിന്റെ ചാണകം സ്ഥിരമായി പരിശോധിച്ചെങ്കിലും കിട്ടിയില്ലെന്ന് ശ്രീകാന്ത് ഹെഗ്ഡേ പറഞ്ഞു. ഏകദേശം 80,000 രൂപ വിലയുണ്ട് മാലയ്ക്ക്.

പശു സ്വർണം വിഴുങ്ങിയെന്ന സംശയവുമായി കുടുംബം ഒരു മൃഗഡോക്ടറെ സമീപിച്ചു. ഡോക്ടറുടെ മേൽനോട്ടത്തിൽ മെറ്റൽ ഡിറ്റക്ടറിന്റെ സഹായത്തോടെ പശുവിന്റെ ശരീരത്തിൽ സ്വർണം ഉള്ളതായി സ്ഥിരീകരിച്ചു. സ്‌കാനിങ്ങിന് വിധേയമാക്കി നടത്തി സ്വർണത്തിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തി. ദിവസങ്ങൾക്ക് ശേഷം ശസ്ത്രക്രിയ നടത്തി സ്വർണം പുറത്തെടുത്തു. പുറത്തെടുക്കുമ്പോൾ സ്വർണത്തിന് 18 ഗ്രാം തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്. മാലയുടെ ഒരു കഷ്ണം കാണാതായിട്ടുണ്ടെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു