ഫ്രിസ്‌ക്കൊ(ഡാളസ്): എൽഡറാഡൊ ഫ്രിസ്റ്റൺ പ്രദേശങ്ങളിൽ രാവിലെ നടക്കാനിറങ്ങിയ രണ്ടു യുവതികൾക്ക് നേരെ വീണ്ടും കൊയോട്ടിയുടെ ആക്രമണം.ഡിസംബർ 17 തിങ്കളാഴ്ചയായിരുന്നു സംഭവം. ചെന്നായ വർഗ്ഗത്തിൽപ്പെട്ട കൊയോട്ടിയുടെ ആക്രമണത്തിൽ രണ്ടു യുവതികൾക്കു പരിക്കേറ്റു.

ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവംബറിലും, ഒകോടബറിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെട്ടിരുന്നതായി അധികൃതർ പറഞ്ഞു.നവംബർ 11 ന് നടക്കാനിറങ്ങിയ മറ്റൊരു യുവതിക്കു നേരെ കുതിച്ചു ചാടിയ കൊയോട്ടിയെ അതു വഴിവന്ന പൊലീസ് വാഹനം ഉച്ചത്തിൽ ഹോണടിച്ചു ഓടിച്ചതായി പൊലീസ് പറഞ്ഞു.

മരങ്ങൾ തിങ്ങി നിറഞ്ഞുനിൽക്കുന്ന സ്ഥലങ്ങളിൽ നിന്നാണ് ഇവർ അക്രമിക്കുന്നതായി ഓടിയെത്തുന്നത്. തുടർച്ചയായ ഇത്തരം സംഭവങ്ങളെ തുടർന്നു പൊലീസും അനിമൽ കൺട്രോൾ ഓഫീസേഴ്സും ഈ പ്രദേശങ്ങളിൽ പെട്രോളിങ്ങ് ആരംഭിച്ചിട്ടുണ്ട്.

സമീപ വാസികളുടെ ശ്രദ്ധ പൊലീസ് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. കൊയൊട്ടിയെ കണ്ടെത്തുകയാണെങ്കിൽ ഉടനെ പൊലീസിനെയോ, അനിമൽ കൺട്രോൾ ഓഫീസർമാരേയോ വിവരം അറിയിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.