- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎം വിട്ട് യുഡിഎഫിന്റെ പ്രമുഖ രക്ഷകരിൽ ഒരാളായിട്ട് മൂന്ന് പതിറ്റാണ്ട്; ഇതുവരെ എംഎൽഎ പോലുമായില്ല; സിപി ജോണിനെ എങ്ങനേയും ജയിപ്പിച്ച് മന്ത്രിയാക്കാൻ ഒരുങ്ങി കോൺഗ്രസും ലീഗും; ലീഗിന്റെ കോട്ടയിൽ മത്സരിക്കാൻ നിയോഗം ലഭിച്ചേക്കും; തിരുവമ്പാടിയിൽ പ്രധാന പരിഗണന
തിരുവനന്തപുരം: യുഡിഎഫിലെ കരുത്തുള്ള നേതാവാണ് സിപി ജോൺ. പഠിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്ന രാഷ്ട്രീയക്കാരൻ. ഈ സാഹചര്യത്തിൽ സിഎംപി ജനറൽ സെക്രട്ടറി കൂടിയായ സി.പി.ജോണിനു സുരക്ഷിത മണ്ഡലം നൽകുന്ന കാര്യം യുഡിഎഫ് പരിഗണിക്കും. കോൺഗ്രസും മുസ്ലിം ലീഗും ഇക്കാര്യം ചർച്ച ചെയ്യും.
സിപിഎം വിട്ട് 3 പതിറ്റാണ്ടിലേറെയായി യുഡിഎഫിനൊപ്പം നിൽക്കുന്ന ജോൺ ഇതുവരെ നിയമസഭയിൽ എത്തിയിട്ടില്ല. മുന്നണിക്ക് അദ്ദേഹം നൽകുന്ന സംഭാവനകൾ പരിഗണിച്ച് ജയസാധ്യതയുള്ള സീറ്റ് നൽകണമെന്ന അഭിപ്രായം നേതൃതലത്തിലുണ്ട്. ധനകാര്യ വിദഗ്ധനായ സിപി ജോൺ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. എന്നാൽ സിപിഎം കോട്ടയിലായിരുന്നു മത്സരം. അതുകൊണ്ട് തന്നെ ജയിച്ചിരുന്നില്ല. ഇത്തവണ മത്സരിക്കുന്നെങ്കിൽ ജയം ഉറപ്പുള്ള ഒരു സീറ്റിലേ ഉള്ളൂവെന്നു ജോൺ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നു.
മലബാറിൽ ലീഗിനു സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്ന് ജോണിനു നൽകണമെന്ന നിർദ്ദേശമാണു പരിഗണിക്കുന്നത്. 3 സീറ്റാണ് സിഎംപി ചോദിച്ചത്. ഇതിൽ സുരക്ഷിത മണ്ഡലം സിഎംപിക്ക് നൽകും. ഒരു കാലത്ത് ഇടതുപക്ഷ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ മുഖമായിരുന്നു സിപി ജോൺ. എംവി രാഘവന്റെ വൽസല ശിഷ്യൻ. രാഘവനെ സിപിഎം പുറത്താക്കിയപ്പോൾ ജോണും യുഡിഎഫിലെത്തി. രാഘവന്റെ മരണ ശേഷം പാർട്ടി ജനറൽ സെക്രട്ടറിയുമായി.
സുരക്ഷിതമായ ഒരു സീറ്റ് സിഎംപിക്ക് വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിഎംപി നേതാവ് സിപി ജോൺ പറഞ്ഞിരുന്നു. മറ്റ് രാഷ്ട്രീയ കക്ഷികളുടെ നേതൃപ്രശ്നം പൊതു രാഷ്ട്രീയ വിഷയമാക്കരുത്. എല്ലാവരേയും തുല്യമായി പരിഗണിക്കണമെന്ന ആവശ്യമാണ് സിഎംപി മുന്നോട്ട് വച്ചതെന്നും സിപി ജോൺ അറിയിച്ചു. അതാത് പാർട്ടികളുടെ നേതാക്കളെ അതാത് പാർട്ടികൾ തീരുമാനിക്കും. യുഡിഎഫിൽ എല്ലാ ഘടകക്ഷികൾക്കും തുല്യരായി പരിഗണിക്കുകയാണ് വേണ്ടതെന്നും സിപി ജോൺ ആവശ്യപ്പെട്ടു. സിപി ജോണിനോട് മുസ്ലിം ലീഗിനും താൽപ്പര്യമുണ്ട്.
കഴിഞ്ഞ രണ്ട് തവണയും സിപി ജോൺ മത്സരിച്ച് പരാജയപ്പെട്ട കുന്നംകുളത്തിന് പകരം മലബാറിലെ ജയസാധ്യതയുള്ള ഒരു മണ്ഡലം നൽകാനാണ് യുഡിഎഫിൽ പൊതുധാരണയെന്നാണ് സൂചന. കുന്നംകുളത്ത് ആദ്യതവണ ചെറിയ വോട്ടുകൾക്കായിരുന്നു സിപി ജോൺ പരാജയപ്പെട്ടത്. 2011ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിങ്ങ് എംഎൽഎയായിരുന്ന ബാബു എം പാലിശേരിയോട് മത്സരിച്ച സിപി ജോൺ 481 വോട്ടുകൾക്കായിരുന്നു പരാജയപ്പെട്ടത്. കഴിഞ്ഞ തവണ വീണ്ടും മത്സരിക്കാനിറങ്ങിയെങ്കിലും എസി മൊയ്തീൻ 7,782 വോട്ടുകൾക്ക് വിജയിച്ചു. ഇവിടെ വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് ഇറങ്ങേണ്ടെന്ന നിലപാടിലാണ് അദ്ദേഹം.
സിപി ജോൺ ഇത്തവണ നിയമസഭയിൽ ഉണ്ടായിരിക്കണമെന്ന നിലപാടാണ് കോൺഗ്രസിനും മുസ്ലിം ലീഗിനുമുള്ളത്. അതുകൊണ്ട് മലബാറിലെ ജയസാധ്യതയുള്ള സീറ്റ് വിട്ട് നൽകി കുന്നംകുളം കോൺഗ്രസ് ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ