കണ്ണൂർ: കീഴാറ്റൂർ വയലിലൂടെ നിലവിലുള്ള അലൈന്മെന്റ് പ്രകാരം ബൈപ്പാസ് നിർമ്മിക്കുന്നത് അംഗീകരിക്കില്ലെന്ന് കോൺഗ്രസ്സും സി.എം. പി.യും. അതേസമയം കീഴാറ്റൂർ വയൽ പ്രശ്നത്തിൽ ആസൂത്രണ കമ്മീഷൻ അംഗം സി.പി. ജോണിന്റേയും സി.എംപി.യുടേയും നിർദ്ദേശത്തിന് പിൻതുണയേറുന്നു. ദേശീയപാതാ നിർമ്മാണത്തിന് തളിപ്പറമ്പിന് ചാലക്കുടി മോഡൽ നഗര മേൽപ്പാതയാണ് അനിവാര്യമെന്ന് സി.പി.ജോൺ പറയുന്നു.

കീഴാറ്റൂർ വയൽ സി.എംപി നേതാക്കൾക്കൊപ്പം സന്ദർശിച്ചാണ് സി.പി. ജോൺ ഇങ്ങിനെ ഒരു അഭിപ്രായം പ്രകടിപ്പിച്ചത്. തളിപ്പറമ്പ് നഗരത്തിലൂടെ ഒരു കെട്ടിടവും പൊളിച്ച് നീക്കാതെ മേൽപ്പാത നിർമ്മാണത്തിലൂടെ ഹൈവേ വികസിപ്പിക്കാൻ കഴിയും. താഴേയും മുകളിലുമായി 50 മീറ്റർ വീതി തളിപ്പറമ്പിൽ ലഭിക്കും. ചാലക്കുടിയിൽ ഇത് പ്രാവർത്തികമാക്കിയതാണ്- ജോൺ പറഞ്ഞു.

കീഴാറ്റൂർ സമരം നടക്കുന്ന വയലിലെ ഏതാനും ചിലരിൽ നിന്ന് അനുമതി പത്രം വാങ്ങിയെന്ന് പറയുന്ന സിപിഎം. നിലപാട് കരിങ്കാലിപണിക്ക് തുല്യമാണെന്ന് ജോൺ ആരോപിക്കുന്നു. സമരക്കാരിൽ ഒരു വിഭാഗത്തിൽ നിന്നും സമ്മത പത്രം വാങ്ങി ചെറിയൊരു വിഭാഗം മാത്രമേ വയലിലൂടെ പാത പോകുന്നതിനെ എതിർക്കുന്നുള്ളൂ എന്നു വരുത്തി തീർക്കാനാണ് സിപിഎമ്മിന്റെ ശ്രമം. പഴയ കാലത്തെ മോശം ജന്മിമാരുടേയും ബൂർഷ്വകളുടേയും അതേ അടവുകളാണ് ഇപ്പോൾ സിപിഎം. സ്വീകരിക്കുന്നത്. ഇത്തരം പണികളിൽ നിന്നും ജയിംസ് മാത്യു എംഎ‍ൽഎ. വിട്ടു നിൽക്കണമെന്ന് ജോൺ ആവശ്യപ്പെട്ടു. കേരളത്തിൽ ഒരിടത്തും കാണാത്ത തരത്തിലുള്ളവരാണ് കണ്ണൂരിലെ സിപിഎം. അവർ പറയുന്നത് മറ്റുള്ളവർ അനുസരിക്കണമെന്നാണ് അവരുടെ നിലപാട്.

പഞ്ചായത്തുകളിൽ ഉൾപ്പെടെ നഗരവൽക്കരണം വരുന്നതോടെ നീളമുള്ള പാലങ്ങൾ മാത്രമാണ് കേരളത്തിനുള്ള ബദൽ പോംവഴി. കീഴാറ്റൂർ വയലിലൂടെ ദേശീയ പാത നിർമ്മിക്കുകയാണെങ്കിൽ ചരിത്ര പ്രാധാന്യമുള്ള വളപട്ടണം നഗരത്തിന്റെ അവസ്ഥയായിരിക്കും തളിപ്പറമ്പിനും ഉണ്ടാവുക. കീഴാറ്റൂർ സന്ദർശിച്ച സി.എംപി. സംഘം ഇത്തരമൊരാശങ്ക കൂടി പങ്കുവച്ചു. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ മലയോര മേഖലയിലേക്കുള്ള പ്രധാന പ്രവേശന കവാടമാണ് തളിപ്പറമ്പ്. പാത കീഴാറ്റൂരിലേക്ക് കൊണ്ടു പോകുമ്പോൾ തളിപ്പറമ്പ് നഗരം നാമാവശേഷമാകും. ഇക്കാരണങ്ങൾ കൊണ്ട് തന്നെ തളിപ്പറമ്പിൽ മേൽപ്പാതയാണ് അനുയോജ്യമെന്ന് അവർ വിലയിരുത്തി.

സമുദ്ര നിരപ്പിൽ നിന്നും ഏറെ ഉയരത്തിലുള്ള കീഴാറ്റൂരിൽ മീനത്തിൽ പോലും വറ്റാത്ത ഉറവകളുണ്ട്. മണ്ണിട്ട് നികത്തി റോഡ് കൊണ്ടു പോയാൽ ഇതെല്ലാം നഷ്ടപ്പെടും. അതിനാൽ അസഹിഷ്ണുതയും പിടിവാശിയും നിർത്തി സമരക്കാരെ വിളിച്ച് ചർച്ച നടത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. സി.എം. പി.യുടെ നിർദ്ദേശം നാലാം തീയ്യതി ചേരുന്ന യു.ഡി.എഫ്. സംസ്ഥാന സമിതി യോഗത്തിലും ചർച്ചയ്ക്കുവയ്ക്കും.

ബെന്നി ബഹന്നാന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സംഘവും ഇതേ നിലപാടിലാണ്. കീഴാറ്റൂർ വയലിലൂടെ ബൈപാസ് പ്രായോഗികമല്ലെന്നും അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ളവരുടെ ബദൽ നിർദ്ദേശങ്ങൾ അംഗീകരിച്ച് ദേശീയ പാതക്ക് അലൈന്മെന്റ് പുനർ നിർണയിക്കുകയാണ് വേണ്ടതെന്ന നിലപാടിലാണ് അവർ.