മലപ്പുറം: ക്രിമിനൽ രാഷ്ട്രീയത്തിനെതിരേ മഞ്ചേരി മാലാംകുളം വാഴത്തോട്ടിൽ സി.പി ജോസഫിന്റെ ഒമ്പതു വർഷം നീണ്ട നിയമപോരാട്ടം വിജയം കണ്ടിരിക്കുന്നു. ഭൂമി തട്ടിപ്പു കേസിൽ പി.വി.അൻവർ എംഎൽഎ കോടതിയിൽ പണമടച്ച് കേസിൽനിന്നും തടിയൂരി. പാർട്ടിക്കു നാണക്കേടുണ്ടാക്കിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടക്കമുള്ളവർ ഇടപെട്ടതോടെ നിൽക്കകള്ളിയില്ലാതെ അൻവർ കോടതിയിൽ പണമടച്ചു കേസിൽനിന്നു രക്ഷപ്പെടുകയായിരുന്നു.

മഞ്ചേരിയിൽ നൂറേക്കറോളം സ്ഥലം വാങ്ങി പി.വി. അൻവർ തുടങ്ങിയ മെട്രോ വില്ല ഹൗസിങ് കോംപ്ലക്സ്, അമ്യൂസ്മെന്റ് പാർക്ക്, സ്‌കൂൾ എന്നിവിടങ്ങളിലേക്കുള്ള റോഡിന് വീതികൂട്ടുന്നതിന് സി.പി. ജോസഫിന്റെ 19 സെന്റ് സ്ഥലം വാങ്ങിയിരുന്നു. എന്നാൽ രാത്രി ജെസിബി ഉപയോഗിച്ച് റോഡ് ശരിയാക്കുന്നതിന്റെ മറവിൽ നാല് സെന്റിൽ കൂടുതൽ ഭൂമി തട്ടിയെടുത്തു. 2008ലാണ് ഇതിനെതിരെ ജോസഫ് മഞ്ചേരി സബ് കോടതിയെ സമീപിച്ചത്.

പാർട്ടിയെയും ഇടതുമുന്നണിയെയും നാണം കെടുത്തിയെന്നു പറഞ്ഞ് ഇടതുപക്ഷ സ്വതന്ത്രനായി വിജയിച്ച എംഎൽഎയെ സംസ്ഥാന നേതൃത്വം ശാസിച്ചതോടെയാണ് കേസ് പരിഗണിക്കുന്ന 21ലേക്കു കാത്തു നിൽക്കാതെ അതുവരെയുള്ള പലിശസഹിതം ഇന്നു തന്നെ അൻവർ 1,14270 രൂപ അടച്ചത്. പ്രശ്നത്തിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഗൗരവമായി ഇടപെടുകയും എംഎൽഎയെ നിയന്ത്രിക്കണമെന്ന് സിപിഐ(എം) ജില്ലാ നേതൃത്വത്തിനു നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

രാവിലെ തുകക്കുള്ള ചെക്കുമായി കോടതിയിൽ എത്തിയെങ്കിലും വാദിഭാഗം അഭിഭാഷകൻ ഡിമാന്റ് ഡ്രാഫ്റ്റ് മാത്രമേ സ്വീകരിക്കൂ എന്നു പറഞ്ഞതോടെ ഡിഡിയാക്കി നൽകുകയായിരുന്നു. കണക്ക് വീണ്ടും കൂട്ടിനോക്കണമെന്ന് അൻവറിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതനുസരിച്ച് കേസ് 21ന് പരിഗണനക്കു വച്ചിരിക്കുകയാണ്.

കേസിൽ ഫെബ്രുവരി 2ന് എംഎൽഎയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ പാർട്ടി നേതൃത്വം ശാസിച്ചതോടെ അതുവരെയൊന്നും കാക്കാതെയാണ് 21വരെയുള്ള പലിശ സഹിതം ഇന്നു തന്നെ ഡിഡി കൈമാറിയത്. ഇതോടെ കേസ് അവസാനിച്ചു.

കേസിൽ 10 ശതമാനം പലിശ സഹിതം അൻവർ 21,22804 രൂപ നൽകണമെന്ന് 2014ൽ കോടതി വിധി വന്നിരുന്നതാണ്. എന്നാൽ ആറുമാസമായിട്ടും പണം നൽകാതിരുന്നതോടെ ജോസഫ് വിധി നടത്തിത്തരാൻ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

അൻവർ നിലമ്പൂരിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ ഇതേ കേസിൽ അറസ്റ്റു വാറന്റുണ്ടായിരുന്നു. ഇതോടെ പണമടച്ച് പ്രശ്നം തീർക്കണമെന്നാണ് സിപിഐ(എം) നേതൃത്വം നിർദ്ദേശിച്ചു. എന്നാൽ 10 ലക്ഷം രൂപ അടച്ച് ബാക്കി തുക തുക അഞ്ചു ഗഡുക്കാളായി നല്കാമെന്ന് അവധി വാങ്ങി. എംഎൽഎയായപ്പോൾ ഇതിൽ വീഴ്ചവരുത്തിയതിനാണ് കോടതി 12ന് വീണ്ടും അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്.

ഇതോടെ എംഎൽഎയിൽനിന്നും സിപിഐ(എം) നേതൃത്വം വിശദീകരണം തേടിയിരുന്നു. അറസ്റ്റ് വാറണ്ട് വന്നതോടെ അവശേഷിക്കുന്ന മുഴുവൻ തുകക്കുമുള്ള ഡിമാന്റ് ഡ്രാഫ്റ്റ് 13ന് എടുത്തെങ്കിലും വാദിഭാഗം അഭിഭാഷകൻ പി.എ. പൗരൻ ഓഫീസ് പൂട്ടിപോയതിനാൽ കൈമാറാനും വാറണ്ട് പിൻവലിപ്പിക്കാനുമായില്ലെന്നാണ് എംഎൽഎ വിശദീകരിച്ചത്.

എന്നാൽ പലിശസഹിതം 3,36,719 രൂപ അടക്കേണ്ടിടത്ത് 2,22804 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റാണ് കോടതിയിൽ എംഎൽഎയുടെ അഭിഭാഷകൻ ഹാജരാക്കിയത്. ഇത് അംഗീകരിക്കാൻ ജഡ്ജി കെ.പി. പ്രദീപ് തയ്യാറായില്ല. തുക പൂർണ്ണമായും അടക്കാതെ വാറണ്ട് പിൻവലിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതോടെയാണ് സിപിഐ(എം) സംസ്ഥാന നേതൃത്വം പ്രശ്നത്തിൽ ശക്തമായി ഇടപെട്ട് എംഎൽഎയെ ശാസിച്ച് പണമടക്കാൻ നിർദ്ദേശിച്ചത്.

നേരത്തെ നിലമ്പൂർ പൂക്കോട്ടുംപാടം റീഗൾ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്ന പരാതിയിൽ പി.വി അൻവർ എംഎൽഎയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. അന്ന് മൂന്നു ദിവസനത്തിനകം എസ്‌ഐക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ പൊലീസ് സ്റ്റേഷനുമുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നാണ് എംഎൽഎ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. എന്നാൽ സിപിഐ(എം) നേതൃത്വം കർക്കശ നിലപാടെടുത്തതോടെ എംഎൽഎ സമരപ്രഖ്യാപനം വിഴുങ്ങുകയായിരുന്നു. എംഎൽഎക്കെതിരെ കേസെടുത്ത പൂക്കോട്ടുംപാടം എസ്‌ഐ അമൃത്രംഗനെ സ്ഥലം മാറ്റാൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായതുമില്ല.