- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ ചീഫ് സെക്രട്ടറി സിപി നായർ അന്തരിച്ചു; ജനപക്ഷത്ത് നിന്ന് ഫയലുകളിൽ തീരുമാനം എടുത്ത സൗമ്യമുഖം; ഹാസ്യ സാഹിത്യകാരനായും തിളങ്ങി; വിടവാങ്ങുന്നത് കേരള വികസനത്തിന് മുന്നിൽ നിന്ന മുൻ ഐഎഎസുകാരൻ

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി സിപി നായർ(81) അന്തരിച്ചു. ഹാസ്യസാഹിത്യകാരനും ഐ.എ.എസ്. ഉദ്യോഗസ്ഥനും ആണ് സി.പി. നായർ. ഹാസസാഹിത്യത്തിനുള്ള 1994-ലെ കേരളസാഹിത്യഅക്കാദമിപുരസ്‌കാരം ഇദ്ദേഹത്തിന്റെ ഇരുകാലിമൂട്ടകൾ എന്ന പുസ്തകത്തിനായിരുന്നു. ഭരണ പരിഷ്‌കാര കമ്മീഷൻ അംഗമായിരുന്നു. ജനപക്ഷത്ത് നിന്ന് ഫയലുകളിൽ തീരുമാനം എടുത്ത സൗമ്യമുഖത്തിന് ഉടമയായിരുന്നു സിപി നായർ.
രാഷ്ട്രീയത്തിന് അപ്പുറം വികസനത്തോട് ചേർന്ന് നിന്നായിരുന്നു പ്രവർത്തനം. സി.പി. നായർ 1940 ഏപ്രിൽ 25-ന് മാവേലിക്കരയിൽ ജനിച്ചു. നാടകകൃത്ത് എൻ.പി.ചെല്ലപ്പൻ നായരാണ് അദ്ദേഹത്തിന്റെ അച്ഛൻ. മാവേലിക്കരയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം നടത്തി. ഇംഗ്ലീഷിൽ എം.എ. ഒന്നാം റാങ്കോടെ പാസ്സായി.മൂന്നുവർഷം കോളേജ് അദ്ധ്യാപനം. 1962-ൽ ഐ.എ.എസ്. നേടി.
സബ് കലക്ടർ, തിരുവനന്തപുരം ജില്ലാ കലക്ടർ, സിവിൽ സപ്ലൈസ് ഡയരക്ടർ, കൊച്ചി തുറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങിയ പദവികളിളിരുന്നു. 1971-ൽ ലണ്ടൻ സർവ്വകലാശാലയിൽ നഗരവത്കരണത്തിൽ പഠനം നടത്തി. കേരളത്തിന്റെ വികസനത്തിന് ഏറെ സംഭാവനകൾ ചെയ്ത വ്യക്തിയാണ് സിപി നായർ. 1998-ൽ സർക്കാർ സേവനത്തിൽനിന്നും നായർ വിരമിച്ചു.
ഭരണ പരിഷ്‌കാര കമ്മീഷൻ അംഗം, ദേവസ്വം കമ്മീഷണർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കെ. കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സർവീസ് അനുഭവങ്ങളും ഹാസ്യകഥകളും ഉൾപ്പടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വാർധക്യസഹജമായിരുന്ന രോഗങ്ങളാൽ ചികിത്സയിലായിരുന്നു. മാവേലിക്കര സ്വദേശിയാണെങ്കിലും ഏറെ നാളായി തിരുവനന്തപുരത്തായിരുന്നു താമസം.
എല്ലാകാലത്തും അഴിമതിക്കെതിരായ നിലപാടുകൾ കൈക്കൊണ്ടതുവഴി ശ്രദ്ധേയനായിരുന്നു സി.പി. നായർ. കേരളത്തിന്റെ ചീഫ് സെക്രട്ടറിയായാണ് സർവീസിൽ നിന്ന് വിരമിച്ചത്. ഏറ്റവും ഒടുവിൽ വി എസ്. അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്റെ ചെയർമാനായിരുന്നു. കെ. കരുണാകരൻ, ഇ.കെ നായനാർ തുടങ്ങിയ മുഖ്യമന്ത്രിമാരുടെ കൂടെ സുപ്രധാന പദവികൾ വഹിച്ചു. ദേവസ്വം കമ്മീഷണർ എന്ന നിലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അഴിമതിമുക്തമാക്കുന്നതിനായുള്ള നടപടികളും ശ്രദ്ധേയമായി.
സിപി നായരുടെ കൃതികൾ
തകിൽ
മിസ്റ്റർ നമ്പ്യാരുടെ വീട്
ലങ്കയിൽ ഒരു മാരുതി
ചിരി ദീർഘായുസ്സിന്
പൂവാലന്മാർ ഇല്ലാതാകുന്നത്
ഉഗാണ്ടാമലയാളം
ഇരുകാലിമൂട്ടകൾ
കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞമ്മ
പുഞ്ചിരി, പൊട്ടിച്ചിരി
സംപൂജ്യനായ അദ്ധ്യക്ഷൻ
തൊഴിൽവകുപ്പും എലിയും
നേര്
ഒന്നാംസാക്ഷി ഞാൻ തന്നെ
എന്തരോ മഹാനുഭാവുലു: എന്റെ ഐ എ എസ് ദിനങ്ങൾ (2012), ആത്മകഥ


