തിരുവനന്തപുരം: ഏറ്റവുമധികം കാലം കേരളത്തിന്റെ ഭരണത്തിൽ പങ്കാളികളായതിന്റെ റെക്കോർഡാണ് ഇനി സിപിഐക്ക് സ്വന്തമാകുന്നത്. 11900 ദിവസം ഭരണത്തിൽ ഇരുന്ന കോൺഗ്രസിനാണ് ഇതുവരെ റെക്കോഡ്. ഇന്നു സിപിഐ കോൺഗ്രസിന് ഒപ്പമെത്തും. നാളെയും അവർ എൽഡിഎഫ് സർക്കാരിന്റെ ഭാഗമാണെങ്കിൽ റെക്കോർഡ് സ്വന്തം പേരിലുമാകും. സിപിഎം കൂട്ടു വിട്ട് ഇടയ്ക്കു കോൺഗ്രസുമായി ചേർന്നതാണ് ഭരണത്തിൽ സിപിഐയുടെ ദിവസമെണ്ണം കൂടാൻ കാരണം.

1964ലാണ് കമ്യൂണിസ്റ്റ് പാർട്ടി സിപിഎമ്മും സിപിഐയുമായി പിളരുന്നത്. അതിനു മുൻപുണ്ടായിരുന്ന ഇഎംഎസ് സർക്കാരിനെ സിപിഐയുടെ അക്കൗണ്ടിൽ ചേർക്കുമ്പോഴാണു റെക്കോർഡിലെത്തുന്നത്. സിപിഎം കൂട്ടു വിട്ട് ഇടയ്ക്കു കോൺഗ്രസുമായി ചേർന്നതും ഭരണത്തിൽ സിപിഐയുടെ ദിവസമെണ്ണം കൂട്ടി. നേതൃത്വവും പങ്കാളിത്തവുമായി ഇതുവരെ കോൺഗ്രസ് കേരളത്തിൽ ഭരണം നടത്തിയത് ഇത്രയും ദിവസം. സിപിഐയും ഭരണദൈർഘ്യത്തിൽ ഇന്ന് അത്രയും ദിനം തികയ്ക്കും.

1967 മുതൽ 12 വർഷം തുടർച്ചയായി സിപിഐക്ക് അധികാരത്തിൽ തുടരാൻ കഴിഞ്ഞു. അടിയന്തരാവസ്ഥയെ തുടർന്നു നീട്ടിക്കിട്ടിയ നാലാം കേരള നിയമസഭയുടെ (197077) കാലത്ത് 2,364 ദിവസം പാർട്ടി കേരളത്തിൽ അധികാരത്തിലിരുന്നു. അങ്ങനെ സംസ്ഥാന രൂപീകരണത്തിനുശേഷം 1979 വരെ 15 വർഷത്തോളം സിപിഐ അധികാരത്തിൽ.