തിരുവനന്തപുരം: റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പിഎച്ച് കുര്യനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഐ. റവന്യൂ വകുപ്പിൽ മന്ത്രി ഇ ചന്ദ്രശേഖരൻ അറിയാതെ കുര്യൻ നേരിട്ട് തീരുമാനം എടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കുര്യനെതിരെ പാർട്ടി ശക്തമായ നിലപാടിലേക്ക് നീങ്ങുന്നത്. കഴിഞ്ഞവർഷം ജൂലായിലാണ് ഇടതു സർക്കാർ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി പിണറായിയുടെ നിർദേശ പ്രകാരം ബിശ്വാസ് മേത്തയെ മാറ്റി പിഎച്ച് കുര്യനെ ഇടതു സർക്കാർ റവന്യൂ സെക്രട്ടറി ആക്കുന്നത്.

ഇപ്പോൾ വകുപ്പിൽ സിപിഐയുടെ നിയന്ത്രണം നഷ്ടമാകുന്ന വിധത്തിൽ കുര്യൻ കാര്യങ്ങൾ നീക്കുന്നുവെന്ന് വന്നതോടെയാണ് സിപിഐയുടെ പുതിയ നീക്കമെന്നാണ് സൂചനകൾ. മന്ത്രി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചെമ്പനോടയിലെ കർഷക ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കുര്യൻ കാര്യങ്ങൾ നീക്കിയില്ലെന്ന ആക്ഷേപം സിപിഐക്കും മന്ത്രിക്കും ഉണ്ട്. ഇതിന് പുറമെ തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിന് ഭുമി നൽകുന്ന തീരുമാനത്തിലും മന്ത്രി അറിയാതെ ചില നീക്കങ്ങളുണ്ടായി.

മുമ്പ് ലോ അക്കാഡമി വിഷയത്തിലും സിപിഐ നിലപാടിന് വിരുദ്ധമായ സമീപനമാണ് കുര്യൻ കൈക്കൊണ്ടതെന്ന ആക്ഷേപവും പാർട്ടിക്കുണ്ട്. ഇത്തരത്തിൽ സിപിഐയുടെ വകുപ്പിൽ സിപിഎമ്മിന്റെ ഇടപെടലുകൾക്ക് ചുക്കാൻ പിടിക്കുന്നത് കുര്യനാണെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുന്നതോടെയാണ് കുര്യനെ മാറ്റണമെന്ന ആവശ്യം സിപിഐ ഉന്നയിക്കുന്നത്. തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തിൽ ഉൾപ്പെടെ ശക്തമായ നിലപാടെടുക്കുന്നതിന് സിപിഐക്ക് തടസ്സമായി കുര്യൻ നിൽക്കുന്നതായും പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്. ഇതോടെയാണ് കുര്യനെ മാറ്റിയേ തീരൂ എന്ന നിലപാടിലേക്ക് പാർട്ടി എത്തുന്നത് എന്നാണ് അറിയുന്നത്.

കുര്യനെ മാറ്റണമെന്ന പാർട്ടി ഔദ്യോഗികമായി തന്നെ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ നേരിട്ട് മുഖ്യമന്ത്രിയേയും ഈ ആവശ്യം അറിയിച്ചിട്ടുണ്ട്. മന്ത്രി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചെമ്പനോട വിഷയത്തിൽ പി.എച്ച് കുര്യൻ വിശദമായ റിപ്പോർട്ട് സമർപ്പിച്ചില്ല. കരം അടയ്ക്കാനാകാതെ കർഷകൻ ചെമ്പനോട് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിന്, പ്രത്യേകിച്ച് സിപിഐക്ക് ഏറെ വിമർശനം കേൾക്കേണ്ടി വന്നിരുന്നു.

മുമ്പ് ലോ അക്കാഡമി വിഷയത്തിലും കുര്യന്റെ തീരുമാനങ്ങളിൽ പാർട്ടി വിയോജിപ്പ് പ്രകടമാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിന് ഭൂമി അനുവദിക്കാനുള്ള തീരുമാനത്തോടെ ഭിന്നത രൂക്ഷമായി എന്നാണ് ലഭിക്കുന്ന വിവരം. മന്ത്രിസഭാ യോഗത്തിൽ വച്ച് മാത്രമാണ് കോൺസുലേറ്റിന് ഭൂമി നൽകുന്ന തീരുമാനത്തെക്കുറിച്ച് മന്ത്രി അറിഞ്ഞത്. അതോടെ യോഗത്തിൽ ഇതിലുള്ള പ്രതിഷേധം മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് വിഷയം സിപിഐയിൽ ചർച്ചചെയ്യുന്നതും കുര്യനെ മാറ്റിയേ തീരൂ എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാൻ തീരുമാനിക്കുന്നതും. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നിയമനം നൽകിയ റവന്യൂ സെക്രട്ടറിക്കെതിരെ സിപിഐ പരാതി ഉന്നയിക്കുന്നതോടെ വിഷയം വീണ്ടുമൊരു സിപിഐ-സി.പി.എം തർക്കത്തിലേക്ക് നീങ്ങുമോ എന്നതും ചർച്ചയായിട്ടുണ്ട്.