തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സംസ്ഥാന സമിതി യോഗത്തിൽ വിമർശിച്ച സിപിഐ ഇന്നു പറയുന്നതു മുഖ്യമന്ത്രിയെ കണ്ടു പഠിക്കണമെന്ന്. പാർട്ടി സ്‌നേഹത്തിൽ പിണറായി വിജയന്റെ നിലപാടുകൾ കണ്ടു പഠിക്കണമെന്നാണു സിപിഐ മന്ത്രിമാർക്കു കൗൺസിൽ നൽകുന്ന ഉപദേശം.

മന്ത്രിമാർക്കും നേതൃത്വത്തിനുമെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനങ്ങളാണുയർന്നത്. ബോർഡ്-കോർപ്പറേഷൻ അധ്യക്ഷന്മാരെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് സിപിഐയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളും മന്ത്രിമാരുടെ പ്രവർത്തനത്തെ കുറിച്ചുള്ള ആക്ഷേപങ്ങൾ സംസ്ഥാന കൗൺസിലിൽ ഇന്നുയർന്നത്.

ഭരണത്തിൽ പാർട്ടിയുടെ സാന്നിധ്യം പ്രകടമല്ലെന്നുള്ള വിമർശനം ഉയർത്തിയത് ടി.വി ബാലനാണെന്ന റിപ്പോർട്ടാണു പുറത്തുവരുന്നത്. പാർട്ടി സ്നേഹത്തിൽ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ കണ്ടുപഠിക്കണം. മുഖ്യമന്ത്രി പാർട്ടിയെ സ്നേഹിക്കുന്ന അത്രയും വന്നില്ലെങ്കിലും അതിന് അടുത്തെങ്കിലും എത്തണമെന്നും ടി.വി ബാലൻ പറഞ്ഞു.

മന്ത്രിമാർ ഭരണത്തിൽ പരാജയമാണ്. കുറച്ചുകൂടെ കാര്യഗൗരവത്തോടെ ഇടപെടാൻ സിപിഐ മന്ത്രിമാർ പ്രാപ്തി നേടണമെന്നും കൗൺസിലിൽ നിർദ്ദേശമുയർന്നു. ബോർഡ്-കോർപ്പറേഷൻ അധ്യക്ഷന്മാരെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് പ്രത്യേക താത്പര്യമാണ് നേതൃത്വം പുലർത്തിയതെന്ന് കെ.എസ് അരുണും വി.പി ഉണ്ണിക്കൃഷ്ണനും വിമർശനം ഉന്നയിച്ചു. സി.എൻ ചന്ദ്രനെ കാറും ഓഫിസുമില്ലാത്ത ബോർഡിന്റെ ചെയർമാനാക്കി. സ്ഥാനം കൊടുക്കാതിരിക്കാം. എന്നാൽ കൊടുത്ത് അവഹേളിക്കരുതെന്നും വി.പി ഉണ്ണിക്കൃഷ്ണൻ കുറ്റപ്പെടുത്തി.

ഡിസംബർ മൂന്നാം വാരത്തിലാണ് സംവിധായകൻ വിനയനും പി.പ്രസാദും, ജെ. ഉദയഭാനുവുമടക്കം 17 പേരെ ബോർഡ്-കോർപ്പറേഷൻ തലപ്പത്തേക്ക് സിപിഐ നിർവാഹക സമിതി തെരഞ്ഞെടുത്ത കാര്യം പ്രഖ്യാപിക്കുന്നത്.

'മുണ്ടുടുത്ത മോദി'യെന്നാണു കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സമിതി യോഗത്തിൽ പിണറായി വിജയനെ വിമർശിച്ചത്. മുഖ്യമന്ത്രി എല്ലാ വകുപ്പിലും ഇടപെടുന്നുവെന്നും പേഴ്‌സണൽ സ്റ്റാഫിന്റെ യോഗം വിളിച്ചത് ഇതിന്റെ തെളിവാണെന്നുമുള്ള തരത്തിലായിരുന്നു ആരോപണം. എന്നാൽ, മുഖ്യമന്ത്രി തന്റെ ജോലി കൃത്യമായി ചെയ്യുന്നുവെന്നതിന്റെ തെളിവാണ് ഇത്തരത്തിലൊരു വിമർശനമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എല്ലാ വകുപ്പുകളും ശ്രദ്ധിക്കേണ്ടതു സംസ്ഥാന ഭരണകർത്താവെന്ന നിലയിൽ മുഖ്യമന്ത്രിയുടെ ജോലിയാണെന്നും രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഇതിനിടെയാണു മുഖ്യമന്ത്രിയെ കണ്ടു പഠിക്കണമെന്നു സിപിഐ തന്നെ പറയുന്നത്.

എന്നാൽ പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന നിലപാടിലാണു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാദ്ധ്യമങ്ങളോടു പറഞ്ഞത്. മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്താൻ സമയമായിട്ടില്ലെന്നും കാനം പറഞ്ഞു.