കാസർഗോഡ്: മൂന്നാറിൽ തർക്കം മുറുകുന്നതിന് പുറമേ സിപിഐ.(എം). -സിപിഐ. ബന്ധം കാസർഗോഡ് ജില്ലയിൽ പ്രശ്ന സങ്കീർണ്ണമാകുന്നു. സിപിഐ.(എം) ലെ അസംതൃപ്തരെ ആകർഷിച്ച് അർഹമായ സ്ഥാനങ്ങൾ നൽകി തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ സിപിഐ. രംഗത്തിറങ്ങിയതോടെ ഇടതു മുന്നണിയിലെ ഈ രണ്ടു കക്ഷികളും പരസ്പരം പോരിനിറങ്ങുന്ന അവസ്ഥയിലെത്തിയിരിക്കയാണ് കാര്യങ്ങൾ. സിപിഐ.(എം) ന്നകത്തെ ഏത് വിള്ളലും മുതലെടുക്കാൻ സിപിഐ. ശ്രമം തുടങ്ങിയിട്ട് കാലമേറെയായി. കഴിഞ്ഞ വർഷം ആഗസ്തിൽ ജില്ലയിലെ തന്നെ കുറ്റിക്കോൽ പഞ്ചായത്തിൽ നിന്നാണ് തുടക്കം. നൂറോളം സിപിഐ.(എം). പ്രവർത്തകരായിരുന്നു അന്ന് പാർട്ടി വിട്ടത്. മുൻ ബേഡകം ഏരിയാ സെക്രട്ടറിയും കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന പി.ഗോപാലൻ മാസ്റ്റരുടെ നേതൃത്തിൽ പാർട്ടി വിട്ടവർ സിപിഐ.യിൽ ചേരുകയായിരുന്നു.

കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പിൽ ഔദ്യോദിക വിഭാഗത്തിനെതിരെ വിമത പ്രവർത്തനം നടത്തിയവർ ഗോപാലൻ മാസ്റ്ററുടെ കീഴിൽ അണിനിരക്കുകയായിരുന്നു. പാർട്ടി ഏരിയാ സമ്മേളന നഗരിയിൽ പാർട്ടി പതാകക്ക് പകരം കരിങ്കൊടി ഉയർത്തിയ സംഭവവും അക്കാലത്ത് ബേഡകത്ത് അരങ്ങേറിയിരുന്നു. സിപിഐ.(എം). ൽ എത് കുറ്റം ചെയ്ത് പുറത്താക്കിയാലും അവരെ സ്വീകരിച്ചാദരിക്കുന്ന സമീപനമാണ് സിപിഐ. സ്വീകരിച്ച് പോന്നത്. ബേഡകത്ത് ഒരു ലോക്കൽ കമ്മിറ്റിയും രണ്ട് ബ്രാഞ്ച് കമ്മിറ്റികളും മാത്രമായിരുന്നു ഒരു വർഷം മുമ്പ് വരെ സി.പി. ഐ. ക്ക് ഉണ്ടായിരുന്നത്. എന്നാൽ സിപിഐ.(എം) പ്രവർത്തകർ സിപിഐ.യിൽ ചേർന്നതോടെ ബേഡകത്ത് മൂന്ന് ലോക്കൽ കമ്മിറ്റികളും 20 ബ്രാഞ്ച് കമ്മിറ്റികളും ഉള്ള പാർട്ടിയായി സിപിഐ. ശക്തിപ്പെട്ടിരിക്കയാണ്.

സിപിഐ.(എം).- സിപിഐ. ലയനം ഇനി നടക്കാത്ത സ്വപ്നമായതിനാൽ സ്വന്തം നിലയിൽ പാർട്ടിയെ ശക്തിപ്പെടുത്താനാണ് സിപിഐ. ഒരുങ്ങുന്നത്. അതിന്റെ ഭാഗമായി സിപിഐ. അണികൾക്കും പ്രവർത്തകർക്കും അവരുടെ ഇഷ്ടപ്രകാരമുള്ള വിശ്വാസവും ആചാരവും തുടരാനും പാർട്ടി അനുമതി നൽകിയിട്ടുണ്ട്. ബേഡകത്ത് സിപിഐ.(എം) പ്രവർത്തകരെ സ്വീകരിച്ച് സിപി.ഐ. അതേ നയം തന്നെയാണ് പടപ്പ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി സിപിഐ.(എം) ലെ ഇ.കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പാർട്ടി വിട്ടവരോടും കാട്ടിയത്.

സിപിഐ.(എം) ന്റ ഉറച്ച കോട്ടയിൽ നിന്നാണ് രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർ സിപിഐ.യിൽ ചേർന്നത്. അത് പാർട്ടിയെ സംബന്ധിച്ച് വലിയ ക്ഷീണമായിരുന്നു. രാധാകൃഷ്ണനും കൂട്ടരും സിപിഐ.യിൽ ചേർന്നതോടെ അന്ന് രാത്രി തന്നെ അദ്ദേഹത്തിന്റെ വീടിനും വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനത്തിനും കല്ലേറുണ്ടായി. ഇത് സിപി.ഐ.(എം). ആണ് നടത്തിയതെന്ന് സിപിഐ. വിശ്വസിക്കുന്നു.

റവന്യൂ മന്ത്രി ചന്ദ്രശേഖരൻ അദ്ദേഹത്തിന്റെ സ്വാധീനമുപയോഗിച്ച് പ്രശ്നത്തിൽ നേരിട്ട് ഇടപെടുന്നതായി സിപിഐ.(എം) ആരോപണം ഉയർത്തിയിട്ടുണ്ട്. എന്നാൽ അക്രമം അഴിച്ചു വിട്ട് പ്രശ്നം ഉണ്ടാക്കുന്നതിനെ സിപിഐ.ഉം ഗൗരവത്തോടെ കാണുന്നു. സിപിഐ.(എം) കോട്ടകളായ ബന്തടുക്ക, പനത്തടി എന്നിവിടങ്ങളിലും സി.പി..ഐ. ക്ക് അനുകൂലമായ മാറ്റമുണ്ടായി. മൂളിയാറിലും മുന്നാടിയിലും ചിലർ സിപിഐ. യിൽ ചേർന്നിട്ടുണ്ട്.

സിഐടി.യു ജില്ലാ സെക്രട്ടറിയായിരുന്ന പനത്തടിയിലെ എം. എസ്. വാസുദേവനും എ.ഐ. ടി.യു. സി .യുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ സിപിഐ.യിൽ എത്തിക്കഴിഞ്ഞു. ഇത് കാസർഗോഡ് ജില്ലയിലെ പ്ലാന്റേഷൻ തൊഴിലാളികളെ ഭൂരിഭാഗവും എ.ഐ.ടി.യു.സി.യിലേക്ക് ആകർഷിക്കുമെന്നാണ് സിപിഐ. നേതൃത്വം കരുതുന്നത്. സിപിഐ.(എം). -സിപിഐ. പോര് അക്രമങ്ങളിൽ കലാശിക്കുന്ന അവസ്ഥയിലേക്കാണ് കാസർഗോഡ് ജില്ലയിലെ കാര്യങ്ങൾ നീങ്ങുന്നത്.