തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ എൽഡിഎഫിൽ പാളയത്തിൽ പട. വിധി നടപ്പിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അനാവശ്യ തിടുക്കം കട്ടിയതാണ് പ്രശ്‌നങ്ങൾക്ക് വഴിവെച്ചതെന്ന വിമർശനവുമായി പ്രധാന സഖ്യകക്ഷി സിപിഐ രംഗത്തെത്തി. മതിയായ കൂടിയാലോചനകൾ നടത്താതെ തിടുക്കത്തിൽ ശബരിമല വിഷയത്തിൽ ഇടപെട്ടതാണ് പ്രശ്നം വഷളാക്കിയതെന്നും സിപിഐ സംസ്ഥാന കൗൺസിലിൽ നിന്നും വിമർശനം ഉയർന്നു.

ശബരിമലയിൽ ആക്ടിവിസ്റ്റുകൾ കയറിയത് സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്റെയും ദേവസ്വം മന്ത്രിയുടെയും പ്രസ്താവനകൾ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സന്നിധാനത്ത് വനിതാ പൊലീസുകാരെ വിന്യസിക്കുമെന്ന ഡിജിപിയുടെ പ്രസ്താവന അനവസരത്തിലുള്ളതായിരുന്നുവെന്നും യോഗത്തിൽ വിമർശനമുയർന്നു. ശബരിമലയിൽ സർക്കാർ തിടുക്കം കാണിച്ചുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്കിടെയാണ് സർക്കാരിനെ വെട്ടിലാക്കി മുന്നണിയിലെ പ്രധാന ഘടകക്ഷി തന്നെ രംഗത്തെത്തിയിരിക്കുന്നത്. സിപിഐയുടെ വിമർശനം വരും ദിവസങ്ങളിൽ സർക്കാരിന് തലവേദനായി മാറുമെന്നും ആശങ്കയുണ്ട്.

നേരത്തെ മുഖ്യമന്ത്രി ശബരിമലയിലെ സ്ത്രീപ്രവേശനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കർശന നിലപാട് സ്വീകരിച്ചപ്പോഴും സിപിഐ തങ്ങളുടെ അണികളോട് പന്തളം കൊട്ടാരത്തെ വിമർശിക്കേണ്ട എന്ന കാര്യമില്ലെന്ന് നിർദ്ദേശിച്ചിരുന്നു. തന്ത്രിക്കെതിരെയും പന്തളം കൊട്ടാരത്തിനെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചപ്പോഴാണ് സിപിഐ വിശ്വാസികളോട് സോഫ്റ്റ് കോർണർ കാണിച്ച് രംഗത്തുവന്നത്.

ശബരിമലയിലെ വിശ്വാസവുമായി ബന്ധപ്പെട്ട് ഭക്തരുടെ മനസ്സിനെ മുറിപ്പെടുത്തുന്ന സംസാരങ്ങളൊന്നും ഉണ്ടാവരുതെന്നും പന്തളം കൊട്ടാരത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നുമാണ് സിപിഐ തുടക്കം മുതൽ കൈക്കൊണ്ട നിലപാട്. പ്രകോപനപരമായി സംസാരിച്ചവർ സംസാരിച്ചോട്ടെ എന്നാൽ സിപിഐ പ്രവർത്തകർ അത്തരത്തിൽ സംസാരിക്കരുതെന്നും പാർട്ടി നേതാക്കൾക്ക് സെക്രട്ടറി കാനം രാജേന്ദ്രൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

ഇതേ വികാരമാണ് പാർട്ടി പ്രാസംഗികർ പൊതുയോഗങ്ങളിൽ എടുക്കേണ്ടതെന്നും കാനം രാജേന്ദ്രൻ പാർട്ടി മേഖലാ ജനറൽബോഡികളിൽ വ്യക്തമാക്കി. മേൽശാന്തിയെ നിയമിക്കാനുള്ള ടെക്ക്നിക്കൽ മെമ്പറെ തെരഞ്ഞെടുക്കാനുള്ള അവകാശം മാത്രമാണ് പന്തളം രാജകുടുംബത്തിനുള്ളത്. നാലുപേരിൽ അവസാനത്തെ ആളെ കണ്ടെത്താൻ നറുക്കെടുക്കാനുള്ള അധികാരം മാത്രമാണ് ഇത്. തിരുവാഭരണം സൂക്ഷിക്കാനുള്ള അവകാശവും അവർക്കുണ്ട്. മറ്റൊരു അധികാരവും അവർക്കില്ല. നടയടക്കാനോ തുറക്കാനോ ഉള്ള തീരുമാനങ്ങളൊന്നും അവർക്ക് കൈക്കൊള്ളാൻ പറ്റില്ലെന്നുമാണ് സിപിഐ നിലപാടെങ്കിലും പാർട്ടിക്ക് വേണ്ടി വലിയ ത്യാഗങ്ങൾ സഹിച്ച പന്തളം കൊട്ടാരത്തെ അപകീർത്തിപ്പെടുത്തരുതെന്നും പാർട്ടി നിർദ്ദേശം നൽകിയിരുന്നു.

പാർട്ടി നിരോധിക്കപ്പെട്ട കാലത്ത് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായി പ്രവർത്തിച്ച പാരമ്പര്യമാണ് കൊട്ടാരത്തിനുണ്ടായിരുന്നത്. സി അച്യുതമേനോൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇവിടെ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. നിരവധി ദലിത് നേതാക്കൾ വരെ കൊട്ടാരത്തിൽ താമസിച്ചു. തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കാമെങ്കിലും കൊട്ടാരത്തെ രൂക്ഷമായി അക്രമിക്കരുതെന്ന നിർദ്ദേശമാണ് സിപിഐ തുടക്കം മുതൽ മുന്നോട്ടു വെച്ത്. ഈ വിഷയത്തിൽ ബിജെ പിയുടെയും കോൺഗ്രസിന്റെയും ഇക്കാര്യത്തിലുള്ള ഇരട്ട നിലപാടുകളും ഇരട്ടത്താപ്പുകളും തുറന്നു കാണിക്കാൻ മാത്രം ശ്രമിച്ചാൽ മതിയെ നിർദ്ദേശവും സിപിഐ മുന്നോട്ടുവെക്കുകയുണ്ടായി. പന്തളം രാജകുടുംബത്തെ അനുകൂലിക്കുന്ന നിലപാട് കൈക്കൊള്ളുകയും മുഖ്യമന്ത്രിക്കൊപ്പം നിന്ന് ഈ വിഷയത്തിൽ എൽഡിഎഫ് റാലികളിൽ പങ്കെടുക്കുകയും ചെയ്ത ശേഷമാണ് സിപിഐ സംസ്ഥാന കൗൺസിൽ മുഖ്യമന്ത്രിയെ വിമർശിച്ചതെന്നാണ് അറിയുന്നത്.