തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കൽ വിഷയത്തിലും കോട്ടയത്തെ കെ.എം. മാണി ബാന്ധവത്തിലും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരേ രൂക്ഷവിമർശം ഉയർത്തി സിപിഐ. വൻകിട കയ്യേറ്റങ്ങൾ മാത്രമല്ല, ചെറുകിട കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ ആവശ്യം ഉയർന്നു.

മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചത് കയ്യേറ്റം ഒഴിപ്പിക്കലിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനാണെന്നും സിപിഐ നേതാക്കൾ വിമർശിച്ചു. സിപിഐയുടെ റവന്യൂമന്ത്രി നേതൃത്വം നല്കിയ കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയുടെ ഭാഗമായി പാർട്ടിക്ക് ശക്തമായ ജനപിന്തുണ ലഭിച്ചിട്ടുണ്ട്. ഈ ക്രെഡിറ്റ് ഏറ്റെടുക്കാനാണ് മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചതെന്നാണ് സിപിഐ എക്‌സിക്യൂട്ടീവ് യോഗം വിമർശിച്ചത്.

വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനു കൂടുതൽ പരിഗണന നല്കുമെന്നാണ് സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതു പോരെന്നാണ് സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്. വൻകിട കയ്യേറ്റങ്ങൾക്കൊപ്പം ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും നടപടികളുണ്ടാകണമെന്നാണ് പാർട്ടിയുടെ ആവശ്യം.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടു പോകണമെന്നു തന്നെയാണ് സിപിഐ യോഗത്തിൽ തീരുമാനം ആയിരിക്കുന്നത്. ഇത് സംബന്ധിച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനു നിർദ്ദേശം നല്കാനും തീരുമാനം ആയി.

ഇതോടൊപ്പം കോട്ടയത്തെ കേരളാ കോൺഗ്രസ് ബാന്ധവത്തിലും സിപിഎമ്മിനെ സിപിഐ രൂക്ഷമായി വിമർശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കെ.എം. മാണിയുടെ പാർട്ടിക്കു പിന്തുണ നല്കാനുള്ള സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടി. മാണിയെ എൽഡിഎഫിൽ എടുക്കുന്ന പ്രശനമില്ലെന്നും സിപിഐ അസന്നിഗ്ദമായി വ്യക്തമാക്കി.

യുഡിഎഫിൽനിന്നു പുറത്തുവന്ന് പൂർണമായും ഒറ്റപ്പെട്ടുനിൽക്കുന്ന മാണിയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും പിന്തുണച്ച സിപിഎമ്മിന്റെ നടപടി തെറ്റാണെന്ന് സിപിഐ ആരോപിച്ചു. പൂർണമായും ഒറ്റപ്പെട്ടു നിൽക്കുന്ന മാണിയുമായി കൂട്ടുകൂടാൻ പാടില്ലായിരുന്നു. കേരളാ കോൺഗ്രസ് എമ്മിനു പിന്തുണ നല്കിയ സി.പി.എം ജില്ലാ കമ്മിറ്റിക്കെതിരേ രൂക്ഷമായ വിമർശനമാണു സിപിഐ എക്‌സിക്യൂട്ടീവിൽ ഉയർന്നത്.