തിരുവനന്തപുരം: കായൽ കയ്യേറ്റ വിവാദത്തിൽ പെട്ട ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി സിപിഎമ്മിനോട് ആവശ്യപ്പെട്ട് സിപിഐ. പാർട്ടി എക്‌സിക്യൂട്ടീവ് യോഗത്തിലെ റിപ്പോർട്ടിങ്ങിലാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇക്കാര്യം അറിയിച്ചത്. ജനജാഗ്രതeജാഥയുടെ പശ്ചാത്തലത്തിലാണ് വിഷയം നിയമോപദേശത്തിന് വിട്ട് സാവകാശം തേടിയത്.

അതേസമയം, സർക്കാരിന് ഈ വിഷയത്തിൽ അഡ്വക്കേറ്റ ജനറലിന്റെ നിയമോപേദശം ലഭിച്ചു.ആലപ്പുഴ ജില്ലാ കളക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിയമോപദേശം തേടിയത്. നിയമോപദേശം കിട്ടിയതോടെ ഞായറാഴ്ച ഉച്ചതിരിഞ്ഞ് അടിയന്തര എൽഡിഎഫ് യോഗം ചേരുന്നുണ്ട്. മന്ത്രി ഡയറക്ടറായ കമ്പനി കായൽ കയ്യേറിയെന്ന വ്യക്തമാക്കുന്ന റിപ്പോർട്ടും നിയമോപദേശവും വന്നതോടെ ഇനി രാജിയാണ് ഉചിതമെന്നാണ് മുന്നണിയിലെ പൊതുവികാരം. എന്നാൽ, എൻസിപിയെ വിശ്വാസത്തിലെടുത്ത ശേഷമായിരിക്കും ഇക്കാര്യം ആവശ്യപ്പെടുക.

അതിനിടെ, കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടി രാജിവെയ്ക്കേണ്ടതില്ലെന്ന് എൻ സി പി പ്രതികരിച്ചു. മന്ത്രി നിയമം ലംഘിച്ചിട്ടില്ലെന്ന് എൻ സി പി സംസ്ഥാന നേതൃത്വം വിശദീകരിച്ചു. കൈയേറ്റം ഉണ്ടെങ്കിൽ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കാണ്. അന്വേഷണം നടക്കുമ്പോൾ രാജിവെയ്‌ക്കേണ്ട സാഹചര്യമില്ല.

തോമസ് ചാണ്ടിയുടെ കാര്യത്തിൽ കോടതി തീരുമാനം വരട്ടെയെന്ന നിലപാടിലാണ് എൻസിപി. തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ റിപ്പോർട്ടും, നിയമോപദേശവും വന്ന സാഹചര്യത്തിൽ സി.പി.എം നിലപാട് കടുപ്പിച്ചിരുന്നു. രാജിയുടെ കാര്യത്തിൽ തീരുമാനം സ്വയം കൈക്കൊള്ളണമെന്ന് തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്