കണ്ണൂർ: സിപിഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് തങ്ങൾ പാർട്ടി വിടാൻ കാരണമായതെന്ന് തലശ്ശേരിയിൽ നിന്നും സിപിഐ വിട്ട നേതാക്കൽ ആരോപിച്ചു. പാർട്ടിയിലെ ചില നേതാക്കളുടെ അഴിമതിക്കും ഗുണ്ടായിസത്തിനുമെതിരെ തങ്ങൾ നൽകിയ പരാതിയിൽ സംസ്ഥാന കൺട്രോൾ കമ്മീഷൻ എടുത്ത തീരുമാനം നടപ്പാക്കാത്തതാണ് തങ്ങളെ സിപിഐ. വിടാൻ പ്രേരിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു. സിപിഐ. ദേശീയ സമിതി അംഗം സി.എൻ ചന്ദ്രൻ, കണ്ണൂർ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.പി.ഷൈജൻ, എന്നിവർക്കെതിരെയാണ് പാർട്ടി വിട്ടവർ മുഖ്യമായും ആരോപണം ഉന്നയിച്ചിരുന്നത്. മുൻ ജില്ലാ കൗൺസിൽ അംഗം പി.ബാലൻ, മുൻ മണ്ഡലം സെക്രട്ടറി രമേശൻ കണ്ടോത്ത്, യുവകലാ സാഹിതി  ് സംസ്ഥാന നേതാവ് രവീന്ദ്രൻ കണ്ടോത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ സിപിഐ. (എം ) ൽ ചേരാൻ തീരുമാനിച്ചിട്ടുള്ളത്. 

നാല് പതിറ്റാണ്ടു കാലത്തിലേറേയായി തലശ്ശേരിയിൽ സിപിഐ. യുടെ സജീവ പ്രവർത്തനത്തിൽ ഏർപ്പെട്ടവരാണ് ഇവരെല്ലാവരും. ഇവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 30 പേരാണ് പാർട്ടി വിടാൻ തീരുമാനിച്ചിട്ടുള്ളത്. അടുത്ത കാലത്തായി പാർട്ടിയിലൂടെ ഉന്നത സ്ഥാനങ്ങൾ കരഗതമാക്കിയ രണ്ടു നേതാക്കളാണ് തലശ്ശേരിയിലെ പ്രശ്‌നങ്ങൾക്ക് കാരണക്കാരെന്ന് പാർട്ടി വിടുന്നവർ ആരോപിക്കുന്നു. അവർക്കെതിരെ നടപടിയെടുക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറിയും കൺട്രോൾ കമ്മീഷനും ഭയപ്പെടുകയാണ്. പാർട്ടി നേതൃത്വത്തിൽ ആശുപത്രി സ്ഥാപിക്കാൻ പണം പിരിച്ചെടുത്തതിനുശേഷം പദ്ധതി തന്നെ നിർത്തലാക്കിയിരിക്കയാണ്. പാർട്ടി വിട്ടവർ ആരോപിക്കുന്നു. 

സാമ്പത്തിക അഴിമതി, സ്വജന പക്ഷപാതം, സംഘടനാവിരുദ്ധ നീക്കം, തുടങ്ങിയ കുറ്റങ്ങൾ നടത്തിയവരെ പാർട്ടി തന്നെ സംരക്ഷിക്കുന്ന അവസ്ഥയിലേക്കാണ് സിപിഐ. നേതൃത്വം എത്തിച്ചേർന്നിട്ടുള്ളത്. അഴിമതിയും സംഘടനാ വിരുദ്ധ പ്രവർത്തനവും ചോദ്യം ചെയ്യുന്നവരെ പ്രതിക്കൂട്ടിലാക്കുന്ന സമീപനമാണ് സിപിഐ  ജില്ലാസംസ്ഥാന നേതൃത്വങ്ങൾ സ്വീകരിക്കുന്നത്. അതുകൊണ്ടാണ് മൂല്യങ്ങൾ നഷ്ടപ്പെട്ട പാർട്ടിയിൽ നിന്നും കുടുംബ സമേതം മാറി സിപിഐ. (എം )ൽ ചേരാൻ തങ്ങൾ  തീരുമാനിച്ചതെന്ന്  അവർ പറയുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ തലശ്ശേരി ജവഹർ ഘട്ട് കലാപത്തിൽ വെടിയേറ്റു മരിച്ച അബു, ചാത്തുക്കുട്ടി, രക്തസാക്ഷി ദിനമായ സെപ്റ്റംബർ 15 ന് ഔപചാരികമായി സിപിഐ. (എം )ൽ ചേരാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് പി.ബാലനും അനുയായികളും പറയുന്നു. 

എന്നാൽ പാർട്ടി വിട്ടവർ ഏറെക്കാലമായി സജീവമല്ലെന്നും നിരവധി തവണ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി പുറത്താക്കപ്പെട്ടവരാണെന്നും സിപിഐ. തലശ്ശേരി മണ്ഡലം സെക്രട്ടറി പ്രദീപ് പുതുക്കുടി പറഞ്ഞു. വ്യക്തി താത്പര്യം മാത്രം മുൻ നിർത്തിയാണ് അവർ ആക്ഷേപം ഉന്നയിക്കുന്നത്. സിപിഐ. നേതാക്കൾക്കെതിരെ അവർ  ഉന്നയിക്കുന്ന ആക്ഷേപങ്ങൾ അടിസ്ഥാന രഹിതവും തള്ളിക്കളയേണ്ടതുമാണെന്ന് ലോക്കൽ കമ്മിറ്റി വ്യക്തമാക്കി. സിപിഐ.(എം.) പ്രാദേശിക നേതാക്കളുമായി സിപിഐ. വിട്ടവർ പ്രാരംഭ ചർച്ച നടത്തിക്കഴിഞ്ഞു.  അതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 15 ന് ഇവരെ സിപിഐ. (എം ) ലേക്ക് സമുചിതമായി സ്വീകരിക്കാൻ തീരുമാനമെടുത്തിരിക്കയാണ്.