- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ സിപിഐ(എം) പാഠം പഠിച്ചു; നല്ല സ്വഭാവം ഉള്ളവരും ജനകീയ നേതാക്കളും മാത്രം നേതൃനിരയിൽ; ഉപജാപകർക്കും ക്രിമിനലുകൾക്കും ഇനി സ്ഥാനമില്ല; ശുദ്ധീകരണം കൊണ്ട് ലക്ഷ്യമിടുന്നത് ബംഗാൾ ഭരണം തിരിച്ചുപിടിക്കാൻ
കൊൽക്കത്ത: ജനങ്ങളെ മറന്ന് ധാർഷ്ട്യത്തോടെ നേതാക്കൾ പ്രവർത്തിച്ചതിന്റെ അനന്തരഫലമാണ് ബംഗാളിൽ ഇപ്പോൾ സിപിഐ(എം) അനുഭവിക്കുന്നത്. നാല് പതിറ്റാണ്ട് ബംഗാൾ ഭരിച്ച സിപിഎമ്മിന് മൂന്നാം സ്ഥാനത്തേക്ക് പോകുന്ന കാഴ്‌ച്ചയാണ് ദൃശ്യമായത്. തെറ്റുകൾ തിരുത്തി വീണ്ടും ബംഗാൾ ഭരണം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബംഗാളിൽ സിപിഐ(എം) പ്ലീനം സം

കൊൽക്കത്ത: ജനങ്ങളെ മറന്ന് ധാർഷ്ട്യത്തോടെ നേതാക്കൾ പ്രവർത്തിച്ചതിന്റെ അനന്തരഫലമാണ് ബംഗാളിൽ ഇപ്പോൾ സിപിഐ(എം) അനുഭവിക്കുന്നത്. നാല് പതിറ്റാണ്ട് ബംഗാൾ ഭരിച്ച സിപിഎമ്മിന് മൂന്നാം സ്ഥാനത്തേക്ക് പോകുന്ന കാഴ്‌ച്ചയാണ് ദൃശ്യമായത്. തെറ്റുകൾ തിരുത്തി വീണ്ടും ബംഗാൾ ഭരണം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബംഗാളിൽ സിപിഐ(എം) പ്ലീനം സംഘടിപ്പിച്ചത്. പ്ലീനത്തോടെ പാർട്ടി ലക്ഷ്യമിടുന്നത് ഒരു ശുദ്ധീകരണം തന്നെയാണ്. അടുത്ത വർഷം മുതൽ ഈ ശുദ്ധീകരണത്തിന് തുടക്കമിട്ട് തിരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർത്ഥികളെ നിർത്തി അധികാരത്തിലേക്ക് തിരികെ എത്തുക എന്നതാണ് സിപിഐ(എം) ലക്ഷ്യമിടുന്നത്.
പലപ്പോഴും കേരളത്തിൽ അടക്കം പാർട്ടിക്ക് തിരിച്ചടിയായത് നേതാക്കളുടെ ധാർഷ്ട്യ മനോഭാവവും ക്രിമിനൽ ബന്ധങ്ങളുമാണ്. ഇത്തരത്തിൽ ക്രിമിനലുകളെയും ജനകീയർ അല്ലാത്തവരെയും നേതൃപദവികളിൽ നിന്നും ഒഴിവാക്കാനാണ് സിപിഐ(എം) ഒരുങ്ങുന്നത്. താഴെ തട്ട് മുതൽ ഉടച്ചുവാർക്കൽ ആണ് പാർട്ടി ലക്ഷ്യമിടുന്നത്. വിവിധ തലങ്ങളിലുള്ള കമ്മിറ്റികളിലെ ഓരോ അംഗത്തെയും വിശദമായി വിലയിരുത്തി കൊള്ളരുതായ്മകളുള്ളവരെ ഒഴിവാക്കും. കമ്മിറ്റിയംഗങ്ങളുടെ നടപടിദൂഷ്യങ്ങളെക്കുറിച്ചു മിക്ക സംസ്ഥാനങ്ങളിൽനിന്നും പരാതികളുയരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. പൊളിറ്റ് ബ്യൂറോയിലെയും കേന്ദ്ര കമ്മിറ്റിയിലെയും അംഗങ്ങളുൾപ്പെടെയുള്ളവരെ വിലയിരുത്തലിനു വിധേയമാക്കുമെന്നു മുതിർന്ന നേതാക്കൾ പറഞ്ഞു.
ഇന്നലെ തുടങ്ങിയ സംഘടനാ പ്ലീനം പരിഗണിക്കുന്ന കരടു റിപ്പോർട്ടിൽ ഉന്നയിക്കുന്ന പ്രധാന ആശങ്ക പാർട്ടി അംഗങ്ങളുടെ നിലവാരമില്ലായ്മയാണ്. രാഷ്ട്രീയബോധം, സംഘടനാപരമായ അച്ചടക്കം, ജനകീയ പരിപാടികളിലെ പങ്കാളിത്തം എന്നിവയിൽ പിന്നാക്കമുള്ളവർ സ്വയം അംഗത്വം ഒഴിയണമെന്നാണ് റിപ്പോർട്ടിലെ നിർദ്ദേശം. മറ്റു കുഴപ്പങ്ങളൊന്നുമില്ലാത്തപ്പോഴും പ്രവർത്തനത്തിൽ സജീവ താൽപര്യമെടുക്കാത്ത അംഗങ്ങളെയും ഒഴിവാക്കും.
ഇന്നലെ പ്ലീനത്തിന്റെ തുടക്കമായി ബ്രിഗേഡ് ഗ്രൗണ്ടിൽ ലക്ഷങ്ങൾ പങ്കെടുത്ത റാലിയിൽ ബംഗാൾ പാർട്ടി സെക്രട്ടറി സൂർജ്യകാന്ത മിശ്ര, പാർട്ടിയിൽനിന്നു പലരും പുറത്തുപോകേണ്ടതുണ്ടെന്നും പലരെയും മറ്റു പാർട്ടികളിൽ നിന്ന് ഉൾക്കൊള്ളേണ്ടതുണ്ടെന്നും പറഞ്ഞു. വരാനിരിക്കുന്ന ശുദ്ധീകരണ പരിപാടി ഉദ്ദേശിച്ചാണ് ഈ പരാമർശമെന്നു മുതിർന്ന നേതാക്കൾ പറഞ്ഞു.
സമിതികളിലെ വിലയിരുത്തലിനുശേഷമാവും ഓരോ അംഗത്തിന്റെയും നിലവാരം പരിശോധിക്കാൻ നടപടിയെടുക്കുക. വർഷംതോറും അംഗത്വം പുതുക്കുമ്പോൾ തിരുത്തൽ പ്രക്രിയയും നടത്തണമെന്ന നിർദ്ദേശം പ്ലീനം പരിഗണിക്കുന്ന കരടു പ്രമേയത്തിലുണ്ട്. നേരത്തേ വിവിധ കമ്മിറ്റിതലങ്ങളിൽ നടത്തിയ തിരുത്തൽ പ്രക്രിയയിൽ കമ്മിറ്റികളിലുള്ളവർക്കും ചില അംഗങ്ങൾക്കുമെതിരെ നടപടികളുണ്ടായി. ഭൂമികച്ചവട മേഖലയിലെ ഇടപാടുകൾ, മദ്യവ്യവസായികളുമായുള്ള ബന്ധം, വൻകിട കരാറുകാരുമായുള്ള ബന്ധം, അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലുമുള്ള താൽപര്യം, ജാതിചിന്ത തുടങ്ങിയ കുഴപ്പങ്ങളാണ് പലർക്കും എതിരെ ഉന്നയിക്കപ്പെടുന്നത്. കേരളത്തിലും ബംഗാളിലും നാലു മാസത്തിനകം തിരഞ്ഞെടുപ്പുണ്ടെന്നതുകൊണ്ടു ശുദ്ധീകരണ പ്രക്രിയ മാറ്റിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നിലനിൽപിന്റെ പ്രശ്‌നമായാണ് ഇതിനെ കാണുന്നതെന്നും നേതാക്കൾ പറഞ്ഞു.
അതേസമയം അടിസ്ഥാന തൊഴിലാളി വർഗത്തിനും പാർശ്വവത്കരിക്കപ്പെട്ടവർക്കും പാർട്ടി അംഗത്വത്തിനനുസരിച്ച് നേതൃത്വത്തിൽ പ്രാതിനിദ്ധ്യമില്ലെന്ന വിമർശവും പ്ലീനം അവതരിപ്പിച്ച കരട് രേഖയിൽ പറയുന്നു. ചെറുപ്പക്കാരെ ആകർഷിക്കാൻ സോഷ്യലിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കണമെന്ന് നിർദ്ദേശിക്കുന്ന രേഖ, അന്ധവിശ്വാസങ്ങളും ജാതീയതയും പഴഞ്ചൻ ആചാരങ്ങളും സ്ത്രീകളോടുള്ള ഫ്യൂഡൽ മനോഭാവവും അടക്കമുള്ള പിന്തിരിപ്പൻ ആശയങ്ങൾ പാർട്ടി അംഗങ്ങളിൽ നിലനിൽക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.
തൊഴിലാളി വർഗത്തിന് പുറമെ ദളിത്, ന്യൂനപക്ഷ, സ്ത്രീ വിഭാഗങ്ങൾക്കും നേതൃത്വത്തിൽ മതിയായ പ്രാതിനിധ്യമില്ല. പാർട്ടി അംഗത്വത്തിന്റെ 81.3 ശതമാനം അടിസ്ഥാന തൊഴിലാളി വർഗമാണ്. എന്നാൽ മുഴുവൻ സംസ്ഥാന കമ്മിറ്റികളിൽ ഇവരുടെ പ്രാതിനിധ്യം 38.27 ശതമാനമേയുള്ളൂ. കേന്ദ്ര കമ്മിറ്റിയിലെ പ്രാതിനിധ്യം 26.47ശതമാനവും. അഖിലേന്ത്യാ അംഗത്വത്തിൽ ദലിതർ 20.32 ശതമാനവും, പട്ടിക വർഗക്കാർ 7.1ശതമാനവും മുസ്‌ളിങ്ങൾ 9.7 ശതമാനവും ക്രൈസ്തവർ 5.6 ശതമാനമാണ്. എന്നാൽ നയപരമായ തീരുമാനമെടുക്കേണ്ട സംസ്ഥാന കമ്മിറ്റിയംഗങ്ങളിൽ 8.47ശതമാനവും ജില്ലാ കമ്മിറ്റിയംഗങ്ങളിൽ 15.45 ശതമാനവുമേ പട്ടികജാതിക്കാരുള്ളൂ. സംസ്ഥാന കമ്മിറ്റികളിൽ 5.77 ശതമാനവും ജില്ലാ കമ്മിറ്റികളിൽ 6.13 ശതമാനവുമാണ് പട്ടികവർഗ പ്രാതിനിധ്യം. സംസ്ഥാന കമ്മിറ്റികളിലെ മുസ്ലിം പ്രാതിനിധ്യം 5.77 ശതമാനം മാത്രം. ജില്ലാ കമ്മിറ്റികളിൽ 7.06 ശതമാനമാണിത്. പശ്ചിമ ബംഗാൾ, പഞ്ചാബ്, ആന്ധ്രാപ്രദേശ് സംസ്ഥാന കമ്മിറ്റികളിലാണ് ഇതേറ്റവും പ്രകടം.
കഴിഞ്ഞ 20 വർഷത്തിനിടെ അഖിലേന്ത്യാ തലത്തിൽ വനിതാ അംഗത്വത്തിലെ വർദ്ധന 10 ശതമാനം മാത്രമാണ്. ആകെ അംഗത്വത്തിൽ 15.6 ശതമാനമാണ് വനിതകൾ. 20 ശതമാനത്തിലധികം വനിതാ അംഗത്വമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ കേരളമില്ല. 11സംസ്ഥാനങ്ങളിലെ സംസ്ഥാന കമ്മിറ്റിയിൽ വനിതാ പ്രാതിനിധ്യം 10 ശതമാനത്തിൽ താഴെ. 30 വയസിന് താഴെയുള്ള യുവാക്കളുടെ പ്രാതിനിദ്ധ്യം മിക്ക സംസ്ഥാനങ്ങളിലും ദുർബലമാണ്.
വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചവരെക്കുറിച്ച് ഭൂരിഭാഗം ജില്ലാകമ്മിറ്റികളിൽ നിന്നും പരാതിയുണ്ടെന്ന് ബംഗാൾ ഘടകത്തിന്റെ റിപ്പോർട്ടിലുണ്ട്. സ്വന്തം നേട്ടത്തിന് പാർട്ടിയിലെയും വർഗ ബഹുജനസംഘടനയിലെയും സ്വാധീനം ദുരുപയോഗം ചെയ്യുന്നവരെപ്പറ്റി പല സംസ്ഥാനഘടകങ്ങളും പരാതിപ്പെടുന്നു. ഇത്തരക്കാരെ നേതൃനിരയിൽ നിന്നും മാറ്റിനിർത്തി അധികാരത്തിലേക്ക് തിരിച്ചുവരാനാണ് സിപിഐ(എം) ലക്ഷ്യമിടുന്നത്.

