ഉടുമ്പൻചോല: വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിൽ വ്യാജരേഖകളിലൂടെ ഇടുക്കി എംപി ജോയ്‌സ് ജോർജ് ഭൂമി തട്ടിയെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. സംസ്ഥാനത്ത് സി.പി.എം-സിപിഐ പോര് മുറുകുകയും ഇടുക്കിയിൽ സിപിഐയുടെ കൈവശമുള്ള റവന്യൂ-വനം വകുപ്പുകളുടെ നിലപാടുകൾക്ക് എതിരെ പ്രാദേശിക സി.പി.എം നേതാക്കൾ ശക്തമായി രംഗത്തുവരികയും ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

കൊട്ടാക്കമ്പൂരിൽ ജോയ്‌സ് ജോർജ് ഭൂമി കയ്യേറിയിട്ടില്ലെന്നും അദ്ദേഹം കയ്യേറ്റക്കാരനല്ലെന്നും വ്യക്തമാക്കിയ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ പട്ടയം റദ്ദാക്കിയ ദേവികുളം സബ്കലക്ടറുടെ നടപടി പുനഃപരിശോധിക്കാമെന്നും പറഞ്ഞു. ഉടുമ്പൻചോലയിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ജോയ്‌സ് ജോർജിന് മന്ത്രി ക്ലീൻചിറ്റ് നൽകിയത്.

മന്ത്രി തോമസ് ചാണ്ടിയുടെ രാജി വിഷയത്തിൽ സിപിഎമ്മിനെ വൻ പ്രതിരോധത്തിലാക്കി ഇന്നലെ സിപിഐ മന്ത്രിമാർ ക്യാബിനറ്റ് ബഹിഷ്‌കരിച്ചിരുന്നു. ഇതോടെ രണ്ടു പാർട്ടികളും രണ്ടു ധ്രുവങ്ങളിൽ ആയതിന് പിന്നാലെയാണ് ഇടുക്കിയിൽ സിപിഐക്ക് എതിരെ ശക്തമായ നിലപാടുമായി സി.പി.എം പ്രാദേശികനേതാക്കൾ രംഗത്ത് എത്തിയിട്ടുള്ളത്.

ഇതിന്റെ ഭാഗമായി കൊട്ടാക്കമ്പൂർ കയ്യേറ്റമൊഴിപ്പിക്കൽ വിഷയത്തിൽ സിപിഐക്കെതിരെ സി.പി.എം പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ പിന്നാലെയാണ് റവന്യുമന്ത്രിയുടെ നിലപാടുമാറ്റവും ഉണ്ടായത് എന്നതു ശ്രദ്ധേയമാണ്.

ജോയ്‌സ് ജോർജിന്റേത് കയ്യേറ്റ ഭൂമിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ പറഞ്ഞിരുന്നു. ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന്റെ നേതൃത്വത്തിൽ സിപിഐയെ ഒഴിവാക്കി മൂന്നാർ സംരക്ഷണ സമിതി ഇന്ന് രൂപീകരിക്കുകയും ചെയ്തതോടെ ഇടുക്കിയിൽ ഇരു പാർട്ടികളും ശത്രുക്കളേപ്പോലെ നിലയുറപ്പിക്കുന്ന നിലയിലാണ് കാര്യങ്ങൾ. സിപിഐയുടെ റവന്യൂ, വനം വകുപ്പുകൾക്കെതിരായി പത്ത് പഞ്ചായത്തുകളിൽ 21ന് ഹർത്താലിനും സമരസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.

ജോയ്‌സ് ജോർജ് എംപിയുടെയും കുടുംബത്തിന്റെയും പട്ടയം റദ്ദാക്കിയ നടപടിയെ തുടർന്ന് ഇത്തരത്തിൽ സിപിഐയെ ഒറ്റപ്പെടുത്തി പ്രതിഷേധത്തിന് വഴിയൊരുങ്ങിയതോടെയാണ് മന്ത്രിതന്നെ ചുവടുമാറ്റവുമായി രംഗത്തെത്തിയതെന്നാണ് വിവരം. അതേസമയം ഹർത്താൽ ആർക്കു വേണമെങ്കിലും നടത്താമെന്നാണ് ഈ വിഷയത്തിൽ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ പ്രതികരിച്ചിട്ടുള്ളത്.

കൊട്ടാക്കമ്പൂർ വിവാദ ഭൂമി ഇടപാടിൽ ജോയ്‌സ് ജോർജിന്റെ 20 ഏക്കർ ഭൂമിയുടെ കൈവശാവകാശം റവന്യൂ അധികൃതർ റദ്ദാക്കിയിരുന്നു. സർക്കാർ തരിശുഭൂമിയെന്നു കണ്ടത്തിയതിനാലാണു ദേവികുളം സബ് കലക്ടർ വി.ആർ.പ്രേംകുമാറിന്റെ നടപടി ഉണ്ടായത്. ഭൂമി തട്ടിയെടുക്കാൻ വ്യാജ രേഖ ചമച്ചെന്നും ഒറ്റദിവസം കൊണ്ട് എട്ടു പേർക്ക് പട്ടയം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിലുള്ള 24 ഏക്കർ ഭൂമിയുടെ കൈവശാവകാശമാണ് റദ്ദാക്കിയത്. എന്നാൽ ഇന്ന് ഈ വിഷയത്തോട് പ്രതികരിച്ചുകൊണ്ട് സ്ഥലം എംഎൽഎ രാജേന്ദ്രൻ സബ്കളക്ടർക്ക് എതിരെ കടുത്ത ആക്ഷേപവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. കോപ്പിയടിച്ച് ഐഎസ് പാസായ ആണ് സബ്കളക്ടറെന്ന ആക്ഷേപമാണ് രാജേന്ദ്രൻ ഉയർത്തിയിട്ടുള്ളത്. സബ്കളക്ടറെ നിയന്ത്രിക്കുന്നത് മറ്റ് ഏതോ ശക്തികളെന്നും രാജേന്ദ്രൻ എംഎൽഎ കുറ്റപ്പെടുത്തുന്നു.