- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ ഏകദേശ ധാരണ; പിളർപ്പിന് ശേഷം സിപിഐക്ക് ആദ്യമായി ഒരുവനിതാ മന്ത്രി; ചിഞ്ചു റാണിക്ക് വനത്തിന് പകരം സിപിഎം വിട്ടുനൽകുന്ന വകുപ്പ്; മറ്റുമന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ
കൊച്ചി: സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഏകദേശ ധാരണയായി. പിളർപ്പിന് ശേഷം സിപിഐ ആദ്യമായാണ് ഒരു വനിതയെ മന്ത്രിയാക്കുന്നത് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. കെ രാജന് റവന്യൂ വകുപ്പ് ലഭിച്ചേക്കും. പി പ്രസാദിന് കൃഷിവകുപ്പാകും ലഭിച്ചേക്കുക. ജിആർ അനിലിന് ഭക്ഷ്യമന്ത്രി സ്ഥാനവും ജെ ചിഞ്ചുറാണിക്ക് വനം വകുപ്പ് വിട്ടു നൽകിയാൽ പകരം ലഭിക്കുന്ന വകുപ്പും നൽകിയേക്കും. സിപിഐയിൽ നിന്നുള്ള നാല് മന്ത്രിമാരും പുതുമുഖങ്ങളാണ്. ഒരു ടേം വ്യവസ്ഥ നടപ്പാക്കിയതിനാൽ ഇ ചന്ദ്രശേഖരന് മന്ത്രി സ്ഥാനം നഷ്ടമായി.
ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും. ഇ ചന്ദ്രശേഖരൻ നിയമസഭാ കക്ഷി നേതാവും പിഎസ് സുപാൽ നിയമസഭാ കക്ഷി സെക്രട്ടറിയുമാകും. പാർട്ടി വിപ്പ് സ്ഥാനം ഇകെ വിജയനാണ്. പാർട്ടി ആസ്ഥാനത്ത് ചൊവ്വാഴ്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. രാവിലെ ചേർന്ന സിപിഐ യോഗത്തിലാണ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായത്.
സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ:
കെ.രാജൻ - റവന്യൂ, പ്രസാദ് - കൃഷി, അനിൽ - ഭക്ഷ്യവകുപ്പ്.സി പി.ഐയുടെ കൈവശമുള്ള വനത്തിന് പകരം സിപിഎം വിട്ടു നൽകുന്ന വകുപ്പ് ചിഞ്ചു റാണിക്ക്.
മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ആഘോഷമാക്കുന്നതിനെ വിമർശിച്ച ബിനോയ് വിശ്വത്തെ സിപിഐ എക്‌സിക്യൂട്ടീവിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ശാസിച്ചു. ചരിത്രം തിരുത്തി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന പിണറായി വിജയൻ മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെയാണ് സിപിഐ നൽകുന്നത്. പാർട്ടി എക്‌സിക്യൂട്ടീവ് നിർദ്ദേശിച്ച പേരുകൾ അതുപോലെ സംസ്ഥാന കൗൺസിൽ അംഗീകരിച്ചു.
മുന്മന്ത്രി ഇ.ചന്ദ്രശേഖരനാണ് സിപിഐ നിയമസഭാ കക്ഷി നേതാവ്. തുടർച്ചയായി രണ്ടാം തവണ ഒല്ലൂരിൽ വിജയിച്ച കെ.രാജൻ മന്ത്രിയും ഡപ്യൂട്ടി ലീഡറുമാണ്. പരിസ്ഥിതി രംഗത്ത് സജീവമായ ഇടപെടൽ നടത്തുന്ന പ്രസാദ് മന്ത്രിസഭയിലേക്ക് വരുന്നത് കാനം രാജേന്ദ്രന്റെ വിശ്വസ്തനായാണ്. ചടയമംഗത്ത് ഏറെ വിവമാദമായിരുന്നു ചിഞ്ചുറാണിയുടെ സ്ഥാനാർത്ഥിത്വമെങ്കിലും മന്ത്രിസ്ഥാനത്തേക്ക് എതിർ ശബ്ദമുയർന്നില്ല.
ഇ.കെ.വിജയനെ മന്ത്രിയാക്കുന്നതിൽ കോഴിക്കോട് ജില്ലാ ഘടകം എതിർപ്പറിയിച്ചതാണ് അനിലിന് വാതിൽ തുറന്നത്. പാർട്ടി ജില്ലാ സെക്രട്ടറി പദവിയിലെ പ്രവർത്തനപരിചയം അനിലിനു മുതൽക്കൂട്ടാണ്. മൂന്ന് തവണ അടൂരിൽ വിജയക്കൊടി പാറിച്ച ചിറ്റയം ഗോപകുമാർ ഡപ്യൂട്ടി സ്പീക്കറാകും
മറുനാടന് മലയാളി ബ്യൂറോ