തിരുവനന്തപുരം: ബാലാവകാശ കമ്മിഷൻ അംഗങ്ങളുടെ നിയമനത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ പ്രതിഷേധവുമായി സിപിഐ. ശൈലജ നിയമനം നടത്തിയത് തന്നിഷ്ടപ്രകാരമാണെന്ന് സിപിഐ ആരോപിച്ചു. മന്ത്രിയുടെ നടപടിയിലുള്ള അതൃപ്തി പ്രകടിപ്പിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിപിഐ കത്തു നൽകി.

ബാലാവകാശ കമ്മിഷൻ അംഗങ്ങളായി നിയമിക്കാൻ രണ്ട് പ്രതിനിധികളെ സിപിഐ നിർദ്ദേശിച്ചിരുന്നു. കൊല്ലം ജില്ലാ പഞ്ചായത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും സമിതി അധ്യക്ഷയായിരുന്ന അഡ്വ. ബീനാ റാണി, സെക്രട്ടേറിയറ്റിലെ നിയമവകുപ്പിൽനിന്ന് ജോയിന്റ് സെക്രട്ടറിയായി വിരമിച്ച കെ ദിലീപ് കുമാർ എന്നിവരെ ആയിരുന്നു സിപിഐ നാമനിർദ്ദേശം ചെയ്തിരുന്നത്. ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിക്കുകയും ചെയ്തു. ഇവർ അപേക്ഷയും നൽകി.

എന്നാൽ സിപിഐ പ്രതിനിധികളെ അഭിമുഖത്തിനു പോലും വിളിച്ചില്ല. ഇതിനിടെ കമ്മീഷൻ അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിക്കു നേരെ പരാമർശങ്ങൾ ഹൈക്കോടതിയിൽനിന്ന് ഉയരുകയും ചെയ്തിരുന്നു.

തുടർന്ന് രണ്ട് ബാലാവകാശ കമ്മിഷൻ അംഗങ്ങളുടെ നിയമനം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഒഴിവു വന്നയിടങ്ങളിലേക്ക് സിപിഐ പ്രതിനിധികളെ പരിഗണിക്കണമെന്നാണ് സിപിഐയുടെ വാദം.

ബോർഡ്- കോർപറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിൽ ചർച്ചകൾ നടക്കുക സാധാരണയാണ്. എന്നാൽ ബാലാവലകാശ കമ്മീഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു ചർച്ചക്ക് വകുപ്പ് തയ്യാറായില്ലെന്നും സിപിഐ പറയുന്നു.
അതേസമയം യോഗ്യത ഇല്ലാത്തവരെ നിയമിച്ചിട്ടില്ലെന്നും തനിക്കെതിരെ സിപിഐ പാർട്ടി സെക്രട്ടറിക്ക് കത്തു നൽകിയിട്ടില്ലെന്നുമായിരുന്നു മന്ത്രി കെകെ ശൈലജയുടെ പ്രതികരണം.