കൊല്ലം: സിപിഐ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് നാളെ കൊല്ലത്ത് തുടക്കമാകും. വൈകിട്ട് 5 മണിക്ക് കൊല്ലം ആശ്രാമം മൈതാനത്തെ സി കെ ചന്ദ്രപ്പൻ നഗറിൽ സമ്മേളനത്തിന് പതാക ഉയരും. പതാക, കൊടിമര, ദീപശിഖാ ജാഥകൾ അഞ്ചിന് എത്തും. കടപ്പാക്കട സ്പോർട്സ് ക്ലബ് അങ്കണത്തിൽ (സി.കെ.ചന്ദ്രപ്പൻ നഗറിൽ) ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി പതാക ഉയർത്തും.

26ന് രാവിലെ 11ന് പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഫോർവേർഡ് ബ്ലോക്ക് നേതാവ് ദേബബ്രത ബിശ്വാസ്, ആർഎസ്‌പി നേതാവ് ക്ഷിതി ഗോസ്വാമി, എസ്യുസിഐ നേതാവ് പ്രൊവാഷ് ഘോഷ്, സിപിഐ-എംഎൽ നേതാവ് ദിപാങ്കർ ഭട്ടാചാര്യ തുടങ്ങിയ ഇടതുപക്ഷ ദേശീയ നേതാക്കൾ ഉദ്ഘാടനസമ്മേളനത്തിൽ പങ്കെടുക്കും.

26ന് ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിൽ (എ.ബി.ബർദൻ നഗർ) പ്രതിനിധി സമ്മേളനം തുടങ്ങും. 900 പ്രതിനിധികൾ പങ്കെടുക്കും. മുതിർന്ന നേതാവും കൺട്രോൾ കമ്മിഷൻ അംഗവുമായ സി.എ.കുര്യൻ പ്രതിനിധി സമ്മേളന നഗറിൽ പതാക ഉയർത്തും.മൂന്നിനു കരട് രാഷ്ട്രീയ പ്രമേയം, റിവ്യു റിപ്പോർട്ട്, സംഘടനാ റിപ്പോർട്ട് എന്നിവ അവതരിപ്പിക്കും. 27, 28 തീയതികളിൽ റിപ്പോർട്ടുകളിന്മേൽ പൊതുചർച്ചയും കമ്മിഷൻ ചർച്ചയും നടക്കും. 28ന് ഉച്ചയ്ക്ക് ശേഷം ജനറൽ സെക്രട്ടറിയുടെ മറുപടിയെ തുടർന്ന് റിപ്പോർട്ടുകൾ അംഗീകരിക്കും. 29ന് രാവിലെ പുതിയ ദേശീയ കൗൺസിലിനെയും കൺട്രോൾ കമ്മിഷനെയും തെരഞ്ഞെടുക്കും.മൂന്നിന് ഒരു ലക്ഷം ചുവപ്പു വൊളന്റിയർമാരുടെ പ്രകടനം. 12.30നു കന്റോൺമെന്റ് മൈതാനത്തുനിന്നു മാർച്ച് ആരംഭിക്കും.

കടപ്പാക്കട സ്പോർട്സ് ക്ലബിലാണ് സാംസ്‌കാരിക പരിപാടികൾ നടക്കുക. 25ന് വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം സാഹിത്യകാരൻ പെരുമാൾ മുരുകൻ ഉദ്ഘാടനം ചെയ്യും. 26ന് വൈകിട്ട് ആറിന് കെപിഎസി നാടകഗാനങ്ങൾ അവതരിപ്പിക്കും. രാത്രി എട്ടിന് മണിപ്പൂർ, ബംഗാൾ, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഇപ്റ്റ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങൾ. 27ന് വൈകിട്ട് ആറിന് ഞെരളത്ത് ഹരിഗോവിന്ദൻ അവതരിപ്പിക്കുന്ന സോപാനസംഗീതവും രാത്രി എട്ടിന് കേരളീയ തനത് കലാരൂപങ്ങളുടെ ആവിഷ്‌ക്കാരവും നടക്കും. 28ന് വൈകിട്ട് ആറിന് വയലാർ നവതി ആഘോഷം വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും. തുടർന്ന് പിന്നണി ഗായകൻ സുധീപ്കുമാർ അവതരിപ്പിക്കുന്ന ഗാനമേളയും രാത്രി എട്ടിന് ചലച്ചിത്രതാരം ആശാ ശരത് അവതരിപ്പിക്കുന്ന നൃത്തനൂപുരം എന്ന പരിപാടിയും അരങ്ങേറും. 29ന് റെഡ്വോളണ്ടിയർ മാർച്ചിന് മുന്നോടിയായി ആശ്രാമം മൈതാനിയിലെ സി കെ ചന്ദ്രപ്പൻ നഗറിൽ ഇപ്റ്റ ആലപ്പുഴ നാട്ടരങ്ങ് അവതരിപ്പിക്കും.

കയ്യൂരിൽനിന്നു ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിലും 22ാം പാർട്ടി കോൺഗ്രസ് നടന്ന പോണ്ടിച്ചേരിയിൽ നിന്നു ദേശീയ കൗൺസിൽ അംഗം വിശ്വനാഥന്റെ നേതൃത്വത്തിലും ആണ് പതാക ജാഥകൾ. ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നു കെ.ആർ.ചന്ദ്രമോഹനന്റെ നേതൃത്വത്തിൽ കൊടിമരവും വയലാറിൽ നിന്നു പി.പ്രസാദിന്റെ നേതൃത്വത്തിൽ ദീപശിഖയും കൊണ്ടുവരും.

സമ്മേളനം നടക്കുന്ന ദിവസങ്ങളിലെല്ലാം വൈകുന്നേരങ്ങളിൽ കലാ സാസ്‌കാരിക പരിപാടികൾ ഉണ്ടാകും. ഭക്ഷണത്തിന് വേണ്ട അരിയും പച്ചക്കറിയും പാർട്ടി പ്രവർത്തകർ കൃഷി ചെയ്തുണ്ടാക്കുന്നുണ്ട്. പ്രതിനിധികളെ തേൻ നൽകിയാണ് സ്വീകരിക്കുക.