കോതമംഗലം: പ്രതിഷേധിക്കാനെത്തിയത് ജീവനക്കാരുടെ പരിധിവിട്ടുള്ള പെരുമാറ്റം ആവർത്തിച്ചപ്പോഴാണെന്നും പാർട്ടി മുൻസിപ്പൽ കൗൺസിലറെ ഉൾപ്പെടെ പുഴയിൽ മുഖം കഴുകിയതിന്റെ പേരിൽ ആട്ടിയോടിച്ചുവെന്നും ആരോപിച്ച് സിപിഐ. വടാട്ടുപാറയിൽ ഫോറസ്റ്റുകാരെ സിപിഐക്കാർ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചത് ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ നിലപാടിനെ തുടർന്നാണെന്ന ആക്ഷേപമാണ് പാർട്ടി ഉയർത്തുന്നത്.

സ്ത്രീകളടക്കമുള്ള കൂടുംബാംഗങ്ങളെ ഉൾപ്പെടെ അപമാനിക്കുന്ന തരത്തിലാണ് ഉദ്യോഗസ്ഥർ ഇടപെട്ടത്. ഇതേ തുടർന്ന് കാര്യങ്ങൾ ചോദിച്ചറിയാൻ എത്തിയപ്പോൾ സംസാരം ശ്രദ്ധിക്കാതെ ഉദ്യോഗസ്ഥൻ അത് കേൾക്കാൻപോലും നിൽക്കാതെ പത്രം വായിച്ചിരുന്നു. ഇതോടെയാണ് കാര്യങ്ങൾ കൈവിട്ടതെന്നും ഇനി നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെയെന്നും വടാട്ടുപാറയിൽ വനംവകുപ്പ് ഓഫീസിലുണ്ടായ സംഘർഷത്തിൽ സിപിഐ പ്രാദേശിക നേതൃത്വം നിലപാട് വ്യക്തമാക്കുന്നു.

സംഭവത്തിന്റെ പേരിൽ പതിനഞ്ചോളം സിപിഐ പ്രവർത്തകർക്കെതിരെ കുട്ടമ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രാദേശിക സിപിഐ നേതാക്കളായ എം കെ രാമചന്ദ്രൻ, അനസ്, മനേഷ് എന്നിവരെ പ്രധാന പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഓഫീസിൽക്കയറി ബഹളമുണ്ടാക്കുക, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുക എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, കേസിൽ തിടുക്കപ്പെട്ട് നടപടികൾ വേണ്ടെന്ന് ഉന്നതങ്ങളിൽ നിന്നും കുട്ടമ്പുഴ പൊലീസിന് നിർദ്ദേശം ലഭിച്ചിട്ടുള്ളതായും അറിയുന്നു. മൂവാറ്റുപുഴ ഡിവൈ എസ്‌പി ബിജുമോൻ സംഭവം സംമ്പന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ചേർക്കപ്പെട്ടവർക്ക് നോട്ടീസ് നൽകിയ ശേഷം കുറ്റപത്രം കോടതിക്ക് കൈമാറുന്നതിനാണ് പൊലീസ് നീക്കമെന്നാണ് സൂചന.

വടാട്ടുപാറ പലവൻപടി ഈറ്റക്കടവിൽ പെരിയാറിൽ ഇറങ്ങിയ പാർട്ടിയുടെ മുൻസിപ്പൽ കൗൺസിലറെയും കുടുബാംഗങ്ങളെയും വനംവകുപ്പ് ജീവനക്കാർ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു ഫോറസ്റ്റ് സ്‌റ്റേനിലെത്തി സിപിഐ നേതാക്കൾ രോക്ഷാകുലരായത്. ഡെപ്യൂട്ടി റെയിഞ്ചർ പ്രഭാകരനെക്കണ്ട് ഇക്കാര്യത്തിൽ പ്രതിഷേധമറിയിക്കുന്നതിനാണ് നേതാക്കൾ ഫോറസ്റ്റ് സ്‌റ്റേഷനിൽ എത്തിയത്. ഇരുകൂട്ടരും സംസാരിച്ചിരിക്കവേ കയ്യാങ്കളിലേക്ക് കാര്യങ്ങൾ വഴുതിമാറുകയായിരുന്നു എന്നാണ് വനംവകുപ്പ് ജീവനക്കാർ പകർത്തിയ വീഡിയോ ദൃശ്യത്തിൽ നിന്ന് വ്യക്തമാവുന്നത്.

സംഘർഷത്തിനിടെ കുഴഞ്ഞുവീണ ഡെപ്യൂട്ടി റെയിഞ്ചോഫീസറെ ആശുപത്രിയിലെത്തിക്കാൻ പുറപ്പെട്ട പൊലീസ് വാഹനം ഒന്നര മണിക്കൂറോളം വഴിയിൽ തടഞ്ഞിട്ടിരുന്നു. ഈ സംഭവത്തിലുൾപ്പെട്ടവരും കേസിൽ പ്രതികളാണ്. ഇന്നലെ രാവിലെ 9 മണിയോടെ ആരംഭിച്ച സംഘർഷാവസ്ഥ മണിക്കുറുകളോളം നീണ്ടു. സംഭവത്തിൽ പരിക്കേറ്റ ഡെപ്യൂട്ടി റെയിഞ്ചോഫീസർ കോഴിക്കോട് കോട്ടൂർ ചെറുമാൻതോട് വീട്ടിൽ എ പ്രഭാകരൻ, ഫോറസ്റ്റർ ആലപ്പുഴ തൃക്കുന്നപ്പുഴ തെക്കെകാട്ടിൽ പറമ്പിൽ അരുൺകുമാർ (28) എന്നിവർ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്.

അപകട മരണം തുടർക്കഥയായ വടാട്ടുപാറ പലവൻപിടി ഈറ്റക്കടവിൽ ഞായറാഴ്ച കുളിക്കാനിറങ്ങിയ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമുൾപ്പട്ട സംഘത്തെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി തങ്ങൾ തിരിച്ചയച്ചിരുന്നെന്നും ഇവരെ അപമാനിച്ചിട്ടില്ലന്നുമാണ് ഇക്കാര്യത്തിൽ പരിക്കേറ്റ് ആശുപത്രിയിൽക്കഴിയുന്നവരുടെ വിശദീകരണം. വനംവകുപ്പ് ജീവനക്കാരുടെ പരിധിവിട്ടുള്ള പെരുമാറ്റം വർദ്ധിച്ചു വരികയാണെന്നും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ഇവർ ബോധപൂർവ്വം ശ്രമം നടത്തുന്നുണ്ടെന്നും അണ് തിരിച്ച് സിപിഐ ആരോപിക്കുന്നത്.