മലപ്പുറം: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സിപിഐ സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. കൊലപാതകത്തിന് ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിക്കുന്നു എന്ന വിമർശനവും ജിഎസ്ടിയിൽ തോമസ് ഐസക്കിന്റെ നിലപാട് ഇടത് വിരുദ്ധമെന്നും പറഞ്ഞ പ്രവർത്തന റിപ്പോർട്ടിൽ തന്നെ സർക്കാരിനെതിരെ വിമർശനം ഉയർന്നു. കെ.എം മാണിയെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച വിഷയങ്ങൾക്കിടെ മാണി വിഷയവും സമ്മേളനത്തിൽ ആഞ്ഞടിച്ചു. ഒപ്പം സ്വന്തം പാർട്ടി നേതാവ് കൂടിയായ കെ.ഇ ഇസ്മയിലിനെതിരേ രൂക്ഷ വിമർശനവും സിപിഐ സമ്മേളനത്തിൽ ഉയർന്നു.

സിപിഐ പ്രവർത്തന റിപ്പോർട്ടിൽ സർക്കാറിനും വിമർശനം. കൊലപാതകത്തിന് ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിക്കുന്നു. വിജിലൻസ് ശക്തിപ്പെടുത്താൻ നടപടി ഇല്ല. ജിഎസ്ടിയിൽ തോമസ് ഐസക്കിന്റെ നിലപാട് ഇടത് വിരുദ്ധമെന്നും മലപ്പുറത്ത് ഇന്ന് ആരംഭിച്ച സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് പറയുന്നു.

അഴിമതി വിരുദ്ധതയെന്ന പ്രഖ്യാപിത നയത്തിൽ നിന്ന് വ്യതിചലിച്ചു. വിവരാവകാശ നിയമം ദുർബലമാക്കാൻ സർക്കാർ ശ്രമിച്ചു. സിപിഐ മന്ത്രിമാരുടെ പ്രവർത്തനം മെച്ചം എന്നും റിപ്പോർട്ടിൽ. കൂടാതെ നിലമ്പൂരിൽ മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ വെട്ടിവെച്ച് കൊന്നു എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഇസ്മയിലിനെ പ്രതിക്കൂട്ടിലാക്കി പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്. മുതിർന്ന പാർട്ടി നേതാവായ കെ.ഇ.ഇസ്മയിൽ പാർട്ടി അറിയാതെ വിദേശത്ത് പിരിവ് നടത്തി. പാർട്ടി നേതാക്കൾക്കു നിരക്കാത്ത വിധം ആഡംബര ഹോട്ടലിൽ താമസിച്ചു. വിഷയത്തിൽ വസ്തുതകൾ വിശദീകരിക്കാൻ പോലും അദ്ദേഹം തയാറായില്ല എന്നിങ്ങനെയാണ് ഇസ്മയിലിനെതിരായ കുറ്റപത്രത്തിലെ ആരോപണങ്ങൾ.

പാർട്ടിയിൽ ഒറ്റപ്പെട്ടു നിൽക്കവെയാണ് കെ.ഇ. ഇസ്മയിലിനെ പ്രതിക്കൂട്ടിലാക്കി സിപിഐ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കപ്പെട്ടത്. ഇസ്മയിലിനൊപ്പം നിന്ന ഒരു ജില്ലാ കൗൺസിൽ പോലും ഇപ്പോൾ അദ്ദേഹത്തിനൊപ്പമില്ല. പാർട്ടി എക്‌സിക്യൂട്ടീവിൽ അദ്ദേഹത്തിന്റെ ശക്തമായ നാവായിരുന്ന മന്ത്രി വി എസ്. സുനിൽകുമാറും ഇപ്പോൾ കാനത്തിനൊപ്പമാണ്. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ കൂടി കാനത്തിനൊപ്പം ചേർന്നതോടെ പാർട്ടിയിൽ കാനം കൂടുതൽ ശക്തനായി.

കെ.എം മാണിയെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച വിഷയങ്ങൾക്കിടെ മാണിക്കെതിരെയും സമ്മേളനം ആഞ്ഞടിച്ചു. അവസര വാദികളേയും അഴിമതിക്കാരെയും മുന്നണിയിലെടുത്ത് അടിത്തറ വിപുലീകരിക്കാമെന്ന വ്യാമോഹം അപകടമാണെന്ന് പ്രവർത്തന റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു. മലപ്പുറത്ത് ഇന്ന് ആരംഭിച്ച സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ പരാമർശങ്ങൾ.

മാണിയെ ഒപ്പം കൂട്ടുന്നത് വിപരീത ഫലമുണ്ടാക്കും. അത് മുന്നണിയുടെ പ്രതിച്ഛായ തകർക്കുമെന്നും കുറ്റപ്പെടുത്തുന്ന റിപ്പോർട്ടിൽ പണ്ടത്തെ മദനി ബന്ധം ഓർക്കുന്നത് നല്ലതായിരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. പി.ജെ ജോസഫ് മുന്നണിയിലുണ്ടായിരുന്നപ്പോഴും ന്യൂനപക്ഷ വോട്ടിൽ ഗുണമുണ്ടായിട്ടില്ലെന്ന് മുന്നണി വിലയിരുത്തിയതാണ്. ഇടതുമുന്നണിയുടെ മതനിരപേക്ഷ നിലപാട് ജനങ്ങൾ അംഗീകരിച്ചതാണ്. മലപ്പുറം, വേങ്ങര ഉപതെരെഞ്ഞെടുപ്പുകളിൽ ഇത് തെളിഞ്ഞതുമാണ്. ഇടതുമുന്നണിയിൽ എല്ലാവരും തുല്യരാണ്. കെട്ടുറപ്പോടെ കൊണ്ടു പോകേണ്ടത് വലിയ പാർട്ടിയുടെ ചുമതലയാണെന്നും എൽ.ഡി.എഫിൽ നിന്നും വിട്ട് പോയവരെ തിരിച്ച് കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ജാതി മത പാർട്ടികളെയും മുന്നണിക്ക് ആവശ്യമില്ല. എൽഡിഎഫിനെ അധികാരത്തിലെത്തിച്ചത് അഴിമതി വിരുദ്ധ പോരാട്ടമാണ്. അത് കളഞ്ഞുകുളിക്കാൻ പാർട്ടി കൂട്ടുനിൽക്കില്ല. ഏക പക്ഷീയമായി തീരുമാനങ്ങൾ നടപ്പിലാക്കിയാൽ അത് മുന്നണി സംവിധാനത്തെ ശിഥിലമാക്കുമെന്നും റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു. നാലു ദിവസം നീണ്ടു നിൽക്കുന്ന സംസ്ഥാന സമ്മേളനം നാലാം തീയ്യതി സമാപിക്കും.

നേരത്തെ, കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണിക്കെതിരെ രൂക്ഷ വിമർശനവും സിപിഐ പ്രവർത്തന റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരുന്നു. മാണിയെ ഇടതു മുന്നണിയിൽ എടുക്കുന്നത് എൽഡിഎഫിന്റെ പ്രതിച്ഛായ തകർക്കുമെന്നായിരുന്നു റിപ്പോർട്ടിലെ ആരോപണം. പി.ജെ. ജോസഫിനെ മാണി ഒപ്പം കൂട്ടിയിട്ടും ന്യൂനപക്ഷവോട്ട് കൂടിയില്ലെന്നും ഇടതുമുന്നണിയിൽ എല്ലാവരും തുല്യരാണെന്നും പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.