തിരുവനന്തപുരം: സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ. ഇ ഇസ്മയിലിനെ പാർട്ടിക്കകത്ത് ശാസിക്കും. ഡൽഹിയിൽ നടക്കുന്ന പാർട്ടി ദേശിയ എക്‌സിക്യൂട്ടീവ് യോഗത്തിൽ ഉച്ചയോടെ ഇക്കാര്യം തീരുമാനിക്കും. പാർട്ടിക്ക് അകത്തുള്ള രഹസ്യ ശാസന ആയതുകൊണ്ട് അച്ചടക്ക നടപടി പരസ്യമാക്കില്ല. എന്നാൽ പാർട്ടി ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യും.

തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും മന്ത്രിമാർ കാബിനറ്റ് യോഗത്തിൽ നിന്ന് വിട്ടു നിന്നത് പാർട്ടി തീരുമാനം അല്ലെന്നും ഉള്ള പ്രസ്താവനയാണ് ഒരുകാലത്ത് സിപിഐയിലെ ശക്തനായിരുന്ന കെ.ഇ.ഇസ്മായിലിനെതിരെ അച്ചടക്ക നടപടി എടുക്കാൻ സമൃമിമാ. സീനിയർ നേതാവായ ഇസ്മയിലിന്റെ പ്രതികരണത്തിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതാണ് പാർട്ടി സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സമയത്തും നടപടി എടുക്കാൻ ദേശിയ നേതൃത്വത്തെ നിർബന്ധിതമാക്കിയത്.

നടപടി ആയതോടെ എൽ.ഡി.എഫ് യോഗത്തിന് പോകുന്ന പാർട്ടി പ്രതിനിധികളുടെ സംഘത്തിൽ നിന്ന് ഇസ്മായിലിനെ ഒഴിവാക്കാൻ ബുധനാഴ്ച നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിചിരുന്നു. അച്ചടക്ക നടപടിക്ക് സമാനമായ എൽ.ഡി.എഫിൽ നിന്നുള്ള ഒഴിവാക്കലും ദേശീയ എക്‌സിക്യൂട്ടീവിന്റെ രഹസ്യ ശാസനയും വന്നതോടെ സിപിഐക്ക് അകത്തെ ഇസ്മായിൽ എഫക്ട് കുറയുകയാണ്. വെളിയം ഭാർഗവൻ സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലത്ത് സിപിഐയിലെ നിർണായക തീരുമാനങ്ങൾ എല്ലാം കൈക്കൊണ്ടിരുന്നത് കെ.ഇ .ഇസ്മായിലാണ് .

2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ തോറ്റതിന് തൊട്ട് പിന്നാലെ രാജ്യസഭാ അംഗമായത് എല്ലാവരെയും അത്ഭുതപെടുത്തിയിരുന്നു. രാജ്യ സഭയിലെക്ക് വന്ന അടുത്ത ഒഴിവിൽ വിശ്വസ്ത അനുയായി എം .പി .അച്ചുതനെ നിശ്ചയിച്ചു ഇസ്മായിൽ വീണ്ടും തന്റെ കരുത്ത് തെളിയിച്ചു. എന്നാൽ കാനം രാജേന്ദ്രനെ വെട്ടിക്കൊണ്ട് ഉള്ള ഈ നീക്കം സിപിഐ യിലെ വിഭാഗീയതക്ക് ആക്കം കൂട്ടി. ഇത് പിന്നീട് വെളിയം ഭാർഗവനെ ഒഴിവാക്കുന്നതിലെത്തി. സി .കെ .ചന്ദ്രപ്പൻ സെക്രട്ടറി ആയതോടെ ഇസ്മയിലിന്റെ കഷ്ടകാലം തുടങ്ങി.

ചന്ദ്രപ്പന്റെ മരണ ശേഷം സെക്രട്ടറി ആകാൻ ശ്രമിച്ചെങ്കിലും കാനം എതിരാളി ആയി. ഒത്തു തീർപ്പ് സ്ഥാനാർത്തി ആയി പന്യൻ രവീന്ദ്രൻ സെക്രട്ടറി സ്ഥാനത്തേക്ക് വന്നതോടെ ആ മോഹവും പൊലിഞ്ഞു. കോട്ടയം സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങിയെങ്കിലും ട്രെൻഡ് കാനത്തിന് അനുകൂലമാണെന്ന് കണ്ടു പിൻവാങ്ങി. കാനം സെക്രട്ടറി ആയതോടെ തീർത്തും അപ്രസക്തനായി പോയ ഇസ്മായിലിനു വിനയായത് സി.പി.എം ബന്ധമാണ്.

എൽ.ഡി.എഫ് പ്രതിനിധി സംഘത്തിൽ നിന്ന് ഒഴിവാക്കിയതിനൊപ്പം ഇസ്മായിലിന്റെ വിവാദ നടപടിയിലെ അതൃപ്തി ദേശീയ എക്‌സിക്യൂട്ടീവിനെ അറിയിക്കുകയും ചെയ്തു. ഇസ്മായിൽ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായതിനാൽ നടപടി സ്വീകരിക്കേണ്ടത് ആ ഘടകമാണ്. തോമസ് ചാണ്ടി വിഷയത്തിൽ സ്വീകരിച്ച നിലപാടിലൂടെ പൊതുസമൂഹത്തിൽ സിപിഐയുടെ പ്രതിച്ഛായ വർദ്ധിച്ച സമയത്താണ് ഇസ്മായിലിന്റെ പ്രതികരണം പാർട്ടിയിൽ ഭിന്നസ്വരം ഉണ്ടെന്ന പ്രതീതി ജനിപ്പിച്ചത്.

കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ രൂക്ഷമായ വിമർശനമാണ് ഇസ്മായിലിനെതിരെ ഉയർന്നത്. സംസ്ഥാന എക്‌സിക്യൂട്ടീവിലെന്നപോലെ ദേശീയ എക്‌സിക്യൂട്ടീവിലും കടുത്ത വിമർശനമുയരും.