ആലപ്പുഴ: സിപിഐ എം സംസ്ഥാനസമ്മേളന പ്രചാരണത്തിന് മാറ്റുകൂട്ടി ചെങ്കൊടിയേന്തിയ തൊഴിലാളിയുടെ ശിൽപം കോട്ടയത്തുനിന്ന്. 1000 കിലോയോളം ഭാരമുള്ള കൂറ്റൻ ശിൽപമാണ് പ്രതിനിധി സമ്മേളന നഗരിയോട് ചേർന്ന് കളർകോട് ജങ്ഷനു സമീപം സ്ഥാപിച്ചത്. ചങ്ങനാശേരി നാലുകോടി റിനി വില്ലയിൽ വിൽസൺ പൂക്കായിൽ (42) ആണ് ഈ മനോഹരശിൽപം നിർമ്മിച്ചത്. രണ്ടു ലക്ഷത്തോളം രൂപ നിർമ്മാണച്ചെലവുവരുന്ന ശിൽപം സൗജന്യമായാണ് വിൽസൺ നിർമ്മിച്ചു നൽകിയത്. ഇതിനാവശ്യമായ സാമഗ്രികൾ നാലുകോടിയിലെ പാർട്ടി പ്രവർത്തകർ എത്തിച്ചുനൽകുകയായിരുന്നു.തൊഴിലാളിവർഗത്തിന്റെ ആധിപത്യത്തെ ധ്വനിപ്പിക്കുന്ന പതാകയേന്തിയ സമരഭടന്റെ രൂപമാണ് വിൽസന്റെ കരവിരുതിൽ തലയുയർത്തി നിൽക്കുന്നത്.

കോൺക്രീറ്റും സ്റ്റീലും ഫൈബറും ഉപയോഗിച്ചുള്ള നിർമ്മാണം പൂർത്തിയാക്കാൻ ഒരുമാസത്തിലേറെ വേണ്ടിവന്നു. ശിൽപം സംസ്ഥാനസമ്മേളന കേന്ദ്ര സ്വാഗതസംഘമാണ് കളർകോട് എത്തിച്ചത്. കളർകോട് പൂജപ്പറമ്പിൽ പരേതനായ ഭാഗ്യനാഥിന്റെയും റോസമ്മയുടെയും മകനായ വിൽസൺ 1992ൽ രവിവർമ കോളേജിൽനിന്നാണ് ശിൽപകലയിൽ ബിരുദം നേടിയത്. ഇതിനകം നിരവധി പുരസ്‌കാരം നേടിയിട്ടുള്ള ഇദ്ദേഹം നിരവധി പ്രശസ്ത ശിൽപങ്ങൾ നിർമ്മിച്ചിട്ടുണ്ട്. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ച വാരിക്കുന്തമേന്തിയ സമരഭടന്റെ വീരത്വം തുളുമ്പുന്ന ശിൽപം നിർമ്മിച്ചത് ഇദ്ദേഹമാണ്.


കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് ഈ ചരിത്രദൗത്യം ഏറ്റെടുത്തത്. പുന്നപ്ര സമര സേനാനികൂടിയായ പി കെ ചന്ദ്രാനന്ദനാണ് അന്ന് വിൽസനെ ഇതിനായി ചുമതലപ്പെടുത്തിയത്. വിൽസൺ പൊതുസ്ഥലത്ത് നിർമ്മിച്ച ആദ്യ ശിൽപവുമാണിത്. 1992ൽ ലളിതകലാ അക്കാദമിയുടെ ദേശീയ പുരസ്‌കാരവും 1991ലും 2003ലും സംസ്ഥാന അവാർഡും ലഭിച്ചു. 199697ൽ നിയമസഭാ മന്ദിരത്തിൽ 26 അടി ചുറ്റളവിൽ നിർമ്മിച്ച വെങ്കലമുദ്ര ഏറെ പ്രശംസ പിടിച്ചുപറ്റി.