കണ്ണൂർ: മാനസിക വൈകല്യമുള്ള യുവാവിന് നേരെ കണ്ണൂരിൽ സിപിഎം ആക്രമണം. കണ്ണൂർ ഇരിട്ടിയിലെ പുന്നാടിൽ മാനസിക രോഗിയായ യൂനുസിന് നേർക്കാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി പുന്നാടിലെ വീട്ടിൽ നിന്നും പിടിച്ചിറക്കിയാണ് മർദ്ദിച്ചത്.ഗുരുതരമായ പരുക്കേറ്റ യൂനുസ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. യൂനുസിന്റെ കാലിന്റെ എല്ലു പൊട്ടുകയും ദേഹമാസകലം പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തല്ലിയതിന്റെ കാരണം വ്യക്തമല്ല.

സംഭവം വിവാദമായതിനെ തുടർന്ന് കേസ് ഒതുക്കി തീർക്കാൻ സിപിഎം നേതൃത്വം ശ്രമം തുടരുകയും ചെയ്തിട്ടുണ്ട്. പൊലീസിനെ സ്വാധീനിച്ച് കേസ് ഒതുക്കാനാണ് ശ്രമിക്കുന്നത്. യൂനുസിനെ അറിയാം. പക്ഷെ മർദ്ദനത്തിനെ കുറിച്ച് അറിയില്ല. ആരും പരാതി നൽകിയിട്ടില്ല. പക്ഷെ ഇങ്ങിനെ ഒരന്വേഷണം വന്നതിനെ തുടർന്ന് സംഭവം ഞങ്ങൾ അന്വേഷിക്കാം-ഇരിട്ടി പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. യൂനുസ് പരാതി നല്കാതിരിക്കാനും പാർട്ടി നേതൃത്വം ശ്രദ്ധിക്കുന്നുണ്ട്. അതിനാൽ മർദ്ദനത്തിനു നേതൃത്വം നൽകിയവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇപ്പോഴും യൂനുസിന് ഒപ്പമുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. നല്ല ചികിത്സ നൽകി യൂനുസിനെ ഒപ്പം നിർത്താനാണ് സിപിഎം ശ്രമിക്കുന്നത്.

മാനസിക രോഗിയായ യൂനുസ് പരാതി നൽകിയാൽ ഉള്ള പുകിൽ ഓർത്താണ് കേസ് ഒതുക്കാൻ ശ്രമിക്കുന്നത്. കേസ് ആയാൽ അകത്താകുക സിപിഎമ്മിന്റെ യുവ ടീമാണ് എന്നതിനാൽ യൂനുസിന്റെ കാര്യത്തിൽ ഒരു പ്രത്യേക ശ്രദ്ധ തന്നെയാണ് പാർട്ടി നേതൃത്വം നൽകിയിരിക്കുന്നത്. മാനസിക രോഗിയായതിനെ തുടർന്ന് വീട്ടുകാർ കയ്യൊഴിഞ്ഞ യൂനുസ് ഒറ്റയ്ക്കാണ് പുന്നാടിലെ വീട്ടിൽ താമസിച്ചിരുന്നത്. പുന്നാട് റോഡിനോട് ചേർന്നുള്ള വീട്ടിൽ നിന്നും പിടിച്ചിറക്കിയാണ് യൂനുസിനെ മർദ്ദിച്ചത്. സിപിഎമ്മിലെ യുവ സംഘമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് അറിവായത്. അടി കിട്ടി ഗുരുതരാവസ്ഥയിലായ യൂനുസിനെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയ്യാറാവാത്തതിനെ തുടർന്ന് മർദ്ദിച്ചവർ തന്നെയാണ് യൂനുസിലെ ഇരിട്ടിയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്.

കാലിനു സർജറി ആവശ്യമായതിനാൽ തലശ്ശേരിക്ക് കൊണ്ടുപോകാൻ ഇരിട്ടിയിൽ നിന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് തലശ്ശേരി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെനിന്നു കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അടിച്ചവർ തന്നെയാണ് ഇപ്പോഴും യൂനുസിന്റെ കൂടെയുള്ളത് എന്നാണ് സൂചന. അടിയുടെ കാരണം എന്താണെന്നു വ്യക്തമല്ല. രാത്രി ഒമ്പതോടെ വീട്ടിലെ കതകിൽ മുട്ടിയതിനെ തുടർന്ന് പുറത്തെത്തിയ യൂനുസിനെ ആക്രമിസംഘം റോഡിലേക്ക് കൂട്ടിക്കൊണ്ടു വരുകയും റോഡിൽ നിന്ന് ക്രൂരമർദ്ദനം അഴിച്ചുവിടുകയുമായിരുന്നു.

മാനസിക രോഗം വർദ്ധിച്ചതിനെ തുടർന്ന് വീട്ടുകാർ യൂനുസിനെ കയ്യൊഴിയുകയായിരുന്നു. വിവാഹിതനായിരുന്നെങ്കിലും ഈ കാര്യം ചൂണ്ടിക്കാട്ടി ഭാര്യയും യൂനുസിനെ ഒഴിവാക്കുകളായിരുന്നു. പിതാവ് മരിച്ചതിനെ തുടർന്ന് ഉമ്മയുടെയും സഹോദരങ്ങളുടെയും കൂടെയായിരുന്നു യൂനുസ് കഴിഞ്ഞിരുന്നത്. പക്ഷെ എല്ലാവരും ഈ മാനസിക രോഗം ചൂണ്ടിക്കാട്ടി യുവാവിനെ കയ്യൊഴിയുകയായിരുന്നു. ഒറ്റയ്ക്കായതിനെ തുടർന്ന് ഭക്ഷണത്തിനു ആളുകളെ ആശ്രയിച്ചാണ് യൂനുസ് ജീവിച്ചത്.

രാവിലെ റോഡിൽ എത്തി പത്തോ, ഇരുപതോ രൂപയോ ആളുകളിൽ നിന്ന് വാങ്ങിച്ചാണ് യൂനുസ് ആഹാരം കഴിച്ചിരുന്നത്. പൈസ ചോദിക്കുന്നത് ഒഴിവാക്കി നിർത്തിയാൽ യൂനുസിനെ കുറിച്ച് നാട്ടുകാർക്ക് വേറെ പരാതികളില്ല. അതുകൊണ്ട് തന്നെ യൂനുസിനെ മർദ്ദിച്ചവർക്ക് എതിരെ പുന്നാട് ജനരോഷം ശക്തമാണ്. ആരും സഹായിക്കാനില്ലാത്ത മാനസിക രോഗിയെ വീട്ടിനുള്ളിൽ നിന്നും പിടിച്ചിറക്കി മർദ്ദിച്ചതിനാണ് രോഷം ഉയരുന്നത്. ജനരോഷം മനസിലാക്കിയതിനെ തുടർന്ന് ഈ പ്രശ്‌നത്തിൽ ശ്രദ്ധിച്ചാണ് സിപിഎം ചുവടുവയ്പുകൾ നടത്തുന്നത്. ആക്രമ വിവരം അറിഞ്ഞതിനെ തുടർന്ന് പാർട്ടി നേതൃത്വം തന്നെയാണ് യൂനുസിനെ ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശം നൽകിയത്.

സംഭവം ഒതുക്കി തീർക്കാനാണ് പാർട്ടി നേതൃത്വം ശ്രമിക്കുന്നത്. ഈ സംഭവത്തിൽ വാർത്ത വരാതിരിക്കാനും പാർട്ടി നേതൃത്വം ശ്രദ്ധ ചെലുത്തുന്നുണ്ട്. യൂനുസിനെ കൊണ്ട് പരാതി നല്കിക്കാതിരിക്കാനാണ് നീക്കം നടത്തുന്നത്. . അതിനാണ് യൂനുസിന് ചികിത്സ ഉറപ്പു വരുത്തുന്നത്. ഒപ്പം ആരും പൊലീസ് സ്റ്റേഷനിൽ പരാതി നല്കാതിരിക്കാനും പാർട്ടി നേതൃത്വം ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ മാനസിക രോഗിയായ യുവാവിനെ രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ദിച്ച സംഭവം പുന്നാട് പുകയുകയാണ്.