ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ നിന്നും പശ്ചിമ ബംഗാളിൽ അധികാരം തിരിച്ചു പിടിക്കാൻ കോൺഗ്രസുമായി കൂട്ടുകൂടേണ്ടെന്ന് സിപിഐ(എം) കേന്ദ്രകമ്മിറ്റി യോഗത്തിൽ തീരുമാനം. മുന്നണി ബന്ധം വേണ്ടെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്. അതേസമയം കോൺഗ്രസുമായി മുന്നണി ബന്ധമോ സഖ്യമോ വേണ്ടെന്നാണ് തീരുമാനം. പകരം പ്രദേശിക നീക്കുപോക്കുകൾ ആകാമെന്ന ധാരണയാണ് പാർട്ടി കൈക്കൊണ്ടത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എുക്കുന്നതിന് ബംഗാൾ ഘടകത്തെ പാർട്ടി ചുമതലപ്പെടുത്തി.

കേന്ദ്രകമ്മിറ്റിയിൽ ഭൂരിപക്ഷം അംഗങ്ങളും സഖ്യത്തെ എതിർത്തു. കേരളത്തിൽ നിന്ന് വി എസ്. അച്യുതാനന്ദനും തോമസ് ഐസക്കും മാത്രമാണ് സഖ്യത്തെ അനുകൂലിച്ചത്. കേരളം, അസം, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് സംസാരിച്ചവർ സഖ്യത്തെ എതിർത്തിരുന്നു. എന്നാൽ, സഖ്യമില്ലെങ്കിൽ പാർട്ടിക്ക് തിരിച്ചുവരാനാകില്ലെന്ന് ബംഗാളിൽ നിന്നു സംസാരിച്ച ഗൗതംദേവ് ചൂണ്ടിക്കാട്ടി. സഖ്യമുണ്ടാക്കിയാൽ കേരളത്തിൽ വലിയ തിരിച്ചടിയാകുമെന്ന് എ.വിജയരാഘവൻ പറഞ്ഞു.

കോൺഗ്രസുമായി സഖ്യം വേണമെന്ന സിപിഐ.എം ബംഗാൾ ഘടകത്തിന്റെ ആവശ്യത്തിൽ പോളിറ്റ് ബ്യൂറോ യോഗത്തിൽ ഭിന്നതയുണ്ടായിരുന്നു. തർക്കത്തെത്തുടർന്ന് പി.ബിയിൽ തീരുമാനമായില്ല. ബംഗാൾ നേതാക്കളും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സഖ്യത്തിന് അനുകൂലമായ നിലപാടെടുത്തു. എന്നാൽ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻപിള്ള തുടങ്ങിയവരും കേരള ഘടകവും സഖ്യമുണ്ടാക്കുന്നതിനെ ശക്തമായി എതിർത്തു. ഇതേതുടർന്ന് തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിട്ടത്.

ബംഗാളിൽനിന്നുള്ള ബിമൻ ബോസ്, സൂര്യകാന്ത് മിശ്ര തുടങ്ങിയ പി.ബി അംഗങ്ങൾ ബംഗാൾ സംസ്ഥാന സമിതി വലിയ ഭൂരിപക്ഷത്തോടെ തീരുമാനിച്ച കോൺഗ്രസ് സഖ്യത്തിന് അനുമതി നൽകണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചു. ബംഗാൾ ജനതയുടെ പൊതുവികാരം തൃണമൂൽ കോൺഗ്രസിനെതിരാണെന്നും അത് മുതലെടുക്കാൻ കഴിയുന്ന രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്നും ബംഗാൾ ഘടകം പി.ബിയെ അറിയിച്ചു.

സഖ്യമുണ്ടാക്കിയില്ലെങ്കിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അവർ മുന്നറിയിപ്പ് നൽകി. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി തുടങ്ങി കേരളത്തിൽ നിന്നുള്ളവർ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന പാർട്ടി കോൺഗ്രസ് തീരുമാനത്തിൽ മാറ്റം വേണ്ടെന്നും വാദിച്ചു. കേന്ദ്രകമ്മിറ്റിയിൽ ഭൂരിപക്ഷം അംഗങ്ങളും കോൺഗ്രസ് സഖ്യത്തെ എതിർത്തതോടെ കോൺഗ്രസിനേയും ബിജെപിയേയും ഒരുപോലെ എതിർക്കുക എന്ന പാർട്ടി കോൺഗ്രസ് തീരുമാനം നടപ്പാക്കാൻ കേന്ദ്ര കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

ഇപ്പോഴത്തെ തീരുമാനം സിപിഎമ്മിന് വിജയപ്രതീക്ഷയുള്ള കേരളത്തിൽ ഗുണകരമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ബംഗാളിൽ സിപിഎമ്മുമായി സഖ്യത്തിൽ ഏർപ്പെട്ടാൽ അത് കേരളത്തിൽ പ്രചരണ വിഷയമാക്കാൻ ബിജെപിയും തീരുമാനിച്ചിരുന്നു.