ന്യൂഡൽഹി: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും കേരള സംസ്ഥാന സെക്രട്ടറിയുമായി കോടിയേരി ബാലകൃഷ്ണന്റെ നില പരുങ്ങലിൽ. മകൻ ബിനോയ് കോടിയേരി ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസ് പാർട്ടിയുടെ പ്രതിച്ഛായയെ ദോഷമായി ബാധിക്കുന്നു എന്ന വിമർശനവുമായി ബംഗാൾ സംസ്ഥാന ഘടകം രംഗത്തെത്തി. ഇത് കേരള ഘടകത്തിന് എതിരായ ബംഗൾ ഘടകത്തിന്റെ പടപ്പുറപ്പാടിയി തന്നെ വിലയിരുത്തുന്നു. വിഷയത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കണമെന്നും ബംഗാൾ ഘടകം ആവശ്യപ്പെട്ടു.ഈ കേസ് പാർട്ടിക്ക് തീരാ കളങ്കമുണ്ടാക്കിയെന്നും കേസിൽ യെച്ചൂരിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ ഒഴിവാക്കാമായിരുന്നവെന്നും ബംഗാൾ ഘടകത്തിന്റെ ആരോപണം.

ചൊവ്വ ബുധൻ ദിവസങ്ങളിലായി ചേർന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് കേരളത്തിലെ സംസ്ഥാന സെക്രട്ടറി കോടയേരി ബാലകൃഷ്ണന്റെ മക്കളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായത്. മുതിർന്ന അംഗങ്ങളായ മാനവ് മുഖർജിയും മൊയ്നുൽ ഹസ്സൻ എന്നിവരുമാണ് വിഷയം ഉന്നയിച്ചത്. ബിനോയ് കോടിയെരിക്കെതിരെ 13 കോടിയുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയം പാർട്ടിക്ക് ദേശീയ തലത്തിൽ തീരാകളങ്കമായിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറിയുടെ മകൻ തന്നെ ഇത്തരം ആരോപണത്തിൽ ഉൾപ്പെട്ടത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടിയാണ്. ഇക്കാര്യത്തിൽ അതു കൊണ്ട് തന്നെ പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കണമെന്നും പാർട്ടിയുടെ നിലപാടറിയിക്കണമെന്നും ബംഗാളിലെ മുതിർന്ന പാർട്ടി അംഗങ്ങൾ സംസ്ഥാനകമ്മറ്റി യോഗത്തിൽ ഉന്നയിച്ചു.

തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വെച്ച് ബിനോയ് കോടിയേരി വിഷയത്തിൽ ഉയർന്ന ചർച്ചകളിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കുള്ള പങ്ക് പരാമർശിച്ചത് ശരിയായില്ലെന്നും ബംഗാൾ ഘടക യോഗത്തിൽ വിമർശനം ഉയർന്നു. 'തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങൾ പാർട്ടിക്ക് അവഹേളനമായി. പ്രത്യേകിച്ച് ജനറൽ സെക്രട്ടറിയെ കുറ്റരാപിതനായി സമ്മേളനത്തിൽ ചർച്ച ഉയർന്നു വന്നു'.ഇത് പാടില്ലായിരുന്നുവെന്നും ഇത് ഒഴിവാക്കാമായിരുന്നുവെന്നും അംഗങ്ങൾ ഉന്നയിച്ചു. യെച്ചൂരിയെ പ്രതിക്കൂട്ടിലാക്കിയത് അപലപനീയമാണെന്നും ബംഗാളിൽ നിന്നുള്ള നേതാക്കൾ യോഗത്തെ അറിയിച്ചു.

കോൺഗ്രസുമായി സഖ്യത്തിന് എതിര് നിന്നത് സിപിഎം കേരള ഘടകമായിരുന്നു. അതുകൊണ്ട് തന്നെ കടുത്ത എതിർപ്പാണ് ഈ വിഷയത്തിൽ ബംഗാൾ ഘടകത്തിന് കേരളത്തിലെ നേതാക്കളോടുള്ളത്. ഈ വിഷയം സജീവമായി നിന്ന വേളയിലാണ് കോടിയേരി വിഷയം ഉയർന്നു വന്നത്. കേരള ഘടകം സി പി എമ്മും അച്ഛൻ കോടിയേരിയും ബിനോയി കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് പറയുന്ന ന്യായങ്ങളൊന്നും ബംഗാൾ സി പി എമ്മും തൊണ്ട തൊടാതെ വിഴുങ്ങുനില്ലെന്നതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

മക്കളായ ബിനീഷിന്റെയും, ബിനോയിയുടെയും പേരിൽ ഗൾഫിനിന്ന് ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുകളുടെ വാർത്തകൾ കോടിയേരിയുടെ പ്രതിച്ഛായയേയും സാരമായി ബാധിച്ചുകഴിഞ്ഞു. ഇക്കാര്യം സിപിഎം സംസ്ഥാന ഘടകത്തിനും ബോധ്യമുണ്ട് താനും. ഇപ്പോഴത്തെ വിമർശനത്തോടെ കേരള ഘടകത്തിൽ കോടിയേരിയുടെ നില ഭദ്രമാണെങ്കിലും കേന്ദ്ര നേതൃത്വത്തിൽ കാര്യങ്ങൾ മറിച്ചാണ്. കോൺഗ്രസ് സഹകരണവുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ വോട്ടിനിട്ട് തോൽപ്പിച്ചതോടെ ഈ അകൽച്ച വർധിച്ചിരിക്കായാണ്. ബിനോയ് കോടിയേരിക്കെതിരെ നേരത്തെതന്നെ യെച്ചൂരിക്ക് പരാതി കിട്ടിയിരുന്നെന്നും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽനിന്നാണ് ഈ പരാതി മാധ്യമങ്ങൾക്ക് ലഭിച്ചതെന്നും നേരത്തെതന്നെ ആരോപണമുണ്ട്.ഇതിനിടെ ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലും യെച്ചൂരി,കോടിയേരി അടക്കമുള്ള സിപിഎം കേരളാ നേതൃത്വത്തെ പരോക്ഷമായി വിമർശിക്കുന്നുണ്ട്.

ബിനോയ്കോടിയേരിക്കെതിരായ പരാതി തനിക്ക് കിട്ടിയെന്ന് സ്ഥിരീകരിച്ച യെച്ചൂരി, പാർട്ടിയിൽ യാതൊരു തരത്തിലുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും, നേതാക്കളുടെയും മക്കളുടെയും ആഡംബര ജീവിത ശൈലി പരിശോധിക്കണമെന്നും തുറന്നടിച്ചിരുന്നു.ഈ വിഷയങ്ങൾ സംസ്ഥാന സമ്മേളനത്തിൽ ഗൗരവമായ ചർച്ചക്ക് വന്നാൽ കോടിയേരി പ്രതിരോധത്തിലാവുമെന്ന് ഉറപ്പാണ്.

കേന്ദ്ര കമ്മിറ്റിയിൽ പരാജയം രുചിച്ച യെച്ചൂരി രണ്ടും കൽപ്പിച്ച് ഇറങ്ങിത്തിരിച്ചോ എന്ന ചോദ്യം അടുത്തിടെ ശക്തമായി ഉയരുന്നുണ്ട്. ദേശീയ തലത്തിൽ സിപിഎമ്മിന്റെ ഭാവി നിർണയിക്കുന്ന കേസാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണ വിധേയനായ ലാവലിൻ കേസ്. ഈ കേസ് സുപ്രീംകോടതി പരിഗണിക്കാൻ ഇരിക്കയാണ്. ഇതിനിടെയാണ് സുപ്രധാന പ്രസ്താവന സീതാറം യെച്ചൂരിയിൽ നിന്നും ഉണ്ടായത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾ ആലോചിക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്. ജസ്റ്റിസ് ചെലമേശ്വറും കൂട്ടരും ഉയർത്തിവിട്ട ആരോപണങ്ങളെ പിന്തുടർന്നാണ് യെച്ചുരി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാൻ ആലോചിക്കുന്നതായി യെച്ചൂരി പറഞ്ഞത്.

സുപ്രധാനമായി കേസിൽ സിപിഎം മുഖ്യമന്ത്രിക്കെതിരായ ആരോപണം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കെ സിപിഎം ജനറൽ സെക്രട്ടറി നടത്തിയ ആരോപണത്തിന്റെ ഉദ്ദേശ ലക്ഷ്യം സിപിഎമ്മിനുള്ളിൽ തന്നെ ചർച്ചയായിട്ടുണ്ട്. കാരാട്ട് പക്ഷത്ത് ശക്തമായി നിലയുറപ്പിച്ചിരിക്കുന്ന പിണറായി വിജയനെ ഒതുക്കാൻ പോന്ന പ്രസ്താവനയായി ഇതിനെയും വ്യാഖ്യാനിക്കുന്നുണ്ട്. ലാവലിൻ കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി അനാവശ്യമായി ജസ്റ്റിസുമാരെ പ്രകോപിപ്പിക്കേണ്ടിയിരുന്നില്ലെന്നാണ് കേരള നേതാക്കൾ പറയുന്നത്. ഇംപീച്ച്മെന്റ് നടപടികളിലേക്ക് കടക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ സിപിഎമ്മിന് സാധിക്കില്ലെന്നിരിക്കെ യെച്ചൂരി നടത്തിയത് അനാവശ്യ പ്രസ്താവനയാണെന്നാണ് കാരാട്ട് പക്ഷം പറയുന്നത്.

വിവാദമായ ഈ പ്രസ്താവനക്ക് ശേഷമാണ് ഇന്ന് മനോരമ ഡൽഹി ബ്യൂറോയിൽ നിന്നും സിപിഎം സംസ്ഥാന നേതാവിന്റെ മകൻ 13 കോടിയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതി ലഭിച്ചെന്ന വാർത്ത പുറത്തുവന്നത്. ജോമി തോമസ് പുറത്തുവിട്ട ഈ വാർത്തയിൽ കോടിയേരിയുടെ മകന്റെ പേര് പറഞ്ഞില്ലെങ്കിലും ഇന്ന് മറുനാടൻ പേര് പുറത്തുവിട്ടതും പരാതിയുടെ പകർപ്പ് പുറത്തുവരികയും ചെയ്തതോടെ അതിവേഗം വിവാദം കത്തിപ്പടർന്നു.

ബിനോയ് കോടിയേരി നടത്തിയ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച പരാതി സിപിഎം പോളിറ്റ് ബ്യൂറോക്കാണ് ലഭിച്ചിരുന്നത്. ഇക്കഴിഞ്ഞ അഞ്ചാം തിയ്യതിയാണ് പരാതി നൽകിയത്. അതിന് ശേഷമാണ് സിപിഎമ്മിൽ കോൺഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള നിർണായ തീരുമാനങ്ങൾ എടുക്കുന്നതും കേരള-ബംഗാൾ ഘടകങ്ങൾ വ്യത്യസ്ത ധ്രുവങ്ങളിൽ ആയതും. ഈ വിഷയത്തിൽ തീരുമാനമായതിന് പിന്നാലെയാണ് കോടിയേരിയുടെ മകനെതിരായ പരാതി മാധ്യമങ്ങൾക്ക് ലഭിക്കുന്നതും. യെച്ചൂരിയോട് അടുപ്പം പുലർത്തുന്ന സിപിഎം ബീറ്റ് സ്ഥിരമായി കൈകാര്യ ചെയ്യുന്ന മനോരമ ഡൽഹി ലേഖകൻ ജോമി തോമസിന് പരാതിയുടെ പകർപ്പ് ലഭിച്ചത് എങ്ങനെയെന്ന ചോദ്യവും ഉയരുന്നു.