തിരുവനന്തപുരം: വിജയലക്ഷ്യം മുന്നിൽ കണ്ട് കൂട്ടലും കിഴിക്കലുമായി മുന്നണികൾ മുന്നേറുമ്പോൾ കാലാകാലങ്ങളായ കീഴ്‌വഴക്കങ്ങളിൽ മാറ്റം വരുത്തിയാണ് ഇത്തവണ തദ്ദേശതെരഞ്ഞെടുപ്പിനെ നേരിടുന്നത്. പാർട്ടികളിലെ മുതിർന്ന നേതാക്കൾ സീറ്റുകൾ കയ്യടക്കി ഒന്നോ രണ്ടോ സീറ്റുകളിൽ മാത്രം യുവത്വത്തെ ഒതുക്കി നിർത്തിയതെങ്കിൽ ഇത്തവണ ഒന്നു മാറ്റിപിടിക്കാൻ തന്നയാണ് പാർട്ടികളുടെ ശ്രമം. യുവത്വത്തിന് മുൻതൂക്കം നൽകി സ്ഥാനാർത്ഥികളെ നിശ്ചയിച്ചിരിക്കുന്നതിൽ സിപിഐഎയാണ് മുന്നിൽ എന്നത് ശ്രദ്ധേയമാണ്. 21നും 40നും ഇടയ്ക്കുള്ളവരെ കൂടുതൽ ഉൾപ്പെടുത്തി സ്ഥാനാർത്ഥി പട്ടിക നിശ്ചയിച്ചതും ഈ പാർട്ടി തന്നെ. ബിജെപിയെയും കോൺഗ്രസിനെയും തറപറ്റിക്കുക എന്ന ലക്ഷ്യമാണ് പാർട്ടി നേതൃത്വത്തെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചതും. തദ്ദേശതിരഞ്ഞെടുപ്പിലെ ബിജെപി-എസ്.എൻ.ഡി.പി കൂട്ടുകെട്ടും കോൺഗ്രസ്-ലീഗ് കൂട്ടുകെട്ടും തറപറ്റിക്കാൻ ഇതിലും വലിയ അടവ് വേറെയില്ല.

മികച്ച വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരെയാണ് സിപിഐഎം സ്ഥാനാർത്ഥിയായി നിശ്ചയിച്ചിട്ടുള്ളത്. മുൻകാല തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായ ഇത്തവണ സൈബർ കാമ്പയിൻ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നുള്ളതും ഈ തീരുമാനത്തിന്റെ പുറകിലുണ്ട്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ യുവത്വത്തിന് പ്രധാന്യം നൽകിയിട്ടുണ്ട്. തിരുവനന്തപുരം നഗരസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥികളായി മൽസരിക്കുവരിൽ ഏറെയും യൗവനത്തിന്റെ തിളക്കമുള്ളവരാണ്. തിരുവനന്തപുരം തൈക്കാട് വാർഡിൽ നിന്ന് മൽസരിക്കുന്ന വിദ്യാ മോഹൻ, മുട്ടത്തറ വാർഡ് സ്ഥാനാർത്ഥി അഞ്ജു, കൊടുങ്ങാനൂരിൽ നിന്ന് മൽസരിക്കുന്ന അമൽ മൂന്നു പേരും 25വയസിൽ താഴെയുള്ളവരാണ്. നേമം സ്ഥാനാർത്ഥി ഉണ്ണികൃഷ്ണൻ കഴക്കൂട്ടം സ്ഥാനാർത്ഥി പ്രശാന്ത്, കുന്നുകുഴി മണ്ഡലത്തിലെ സ്ഥാനാർത്ഥി ബിനു എന്നിവർ 40 വയസിനു താഴെയുള്ളവരും. കൊച്ചി നഗരസഭയിലെ ഭരണം ലക്ഷ്യമിട്ട് ഇതേ തന്ത്രമാണ് അവിടെയും പാർട്ടി സ്വീകരിച്ചത്.

കൊച്ചി നഗരസഭ വാർഡിലെ മൂന്നിലൊന്നു വാർഡുകളും നാൽപത് വയ്‌സിൽ താഴെയുള്ളവർക്കായി മാറ്റി വച്ചു. ആകെയുള്ള 74 സീറ്റുകളിൽ 25 സീറ്റുകളിലാണ് യുവതീ-യുവാക്കൾ ജനപിന്തുണ തേടുന്നത്. മറ്റുള്ള സീറ്റുകളിൽ അധികം വാർധക്യം കടന്നു വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 40നും 50നും വയസിനിടയ്ക്കുള്ളവരാണ് മറ്റു സ്ഥാനാർത്ഥികൾ. എറണാകുളം നോർത്തിൽ നിന്ന് ജനവിധി തേടുന്ന ഫെനിഷ ഫിലോമിന റോയിയാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി. 21 വയസുകാരിയായ ഫെനിഷ എം.സി.എ വിദ്യർഥിനിയാണ്. ഡിവൈഎഫ്‌ഐ വൈറ്റില വൈസ്പ്രസിഡന്റ് രാജീവ് കെ.ചന്ദ്രശേഖരനും സ്ഥാനാർത്ഥിയാണ്. 23 ഡിവിഷനുകളിലെ 16 ഡിവിഷനുകളിലേക്ക് പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ പ്രശസ്ത പിന്നണിഗായികയായ ദലീമ ജോജോ സ്ഥാനാർത്ഥി പട്ടികയിലെ താരമാണ്. അരൂരിൽ നിന്നാണ് ദലീമ ജനവിധി തേടുന്നത്. തുടർച്ചയായി മൽസരിച്ചവരെ ഒഴിവാക്കാനും പാർട്ടി ശ്രദ്ധിച്ചിട്ടുണ്ട്.

കോഴിക്കോടും ചെങ്കൊടിയുടെ പേരിൽ ജനവിധി തേടുന്നത് ചെറുപ്പക്കാരനാണ്. കോഴിക്കോട് കോർപറേഷനിലേക്ക് മൽസരിക്കുന്നവരിൽ 10 പേർ സിപിഐഎമ്മിന്റെ യുവജനസംഘടനയായ ഡിവൈഎഫ്‌ഐയിൽ നിന്നും എസ്എഫ്‌ഐയിൽ നിന്നുമുള്ളവരാണ്. ഡിവൈഎഫ്‌ഐയിലെ എം.എം.ലത, കെ.സിനി, പി.അനിത, ടി.എം.ഷിംജിത്ത് എന്നിവരാണ് കോഴിക്കോട്ടെ യുവസ്ഥാനാർത്ഥികളിൽ ചിലർ. കണ്ണൂർ കോർപറേഷനിൽ മൽസരിക്കുന്ന 55 എൽ.എഡി.എഫ് സ്ഥാനാർത്ഥികളിൽ 20 പേരും 40 വയസിൽ താഴെയുള്ളവരാണ്.

ജില്ലാ പഞ്ചായത്തിലേക്കുള്ള 24 സ്ഥാനാർത്ഥികളിൽ 10 പേർ യുവസ്ഥാനാർത്ഥികളാണ്. ഡിവൈഎഫ്‌ഐ നേതാവ് പിപി ദിവ്യയും ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥിയാണ്. ഇതിന് ചില അപവാദങ്ങളുമുണ്ട്. കാസർഗോഡ് ജില്ലയിലെ എൽഡിഎഫ് സ്ഥാനാർത്ഥികളിൽ അഞ്ചു പേർ മാത്രമാണ് 40 വയസിൽ താഴെയുള്ളത്. പട്ടികജാതി വിഭാഗത്തിൽ പെട്ട് രണ്ട് യുവസ്ഥാനാർത്ഥികളാണ് വയനാട് ജില്ലാ പഞ്ചായത്തിലേക്ക് മൽസരിക്കുന്നത്. മുട്ടിൽ ഡിവിഷനിൽ 28 വയസുള്ള ശ്രീജ, എം.എസ്.ഡബ്ല്യു വിദ്യാർത്ഥിയായ പുൽപ്പള്ളി സ്ഥാനാർത്ഥി ഇ.ബി.അനീഷ്, ബിന്ദു മനോജ്, സജി തൈപ്പറമ്പിലും സ്ഥാനാർത്ഥികളാണ്

തൃശൂർ കോർപറേഷനിലേക്കുള്ള പാർട്ടിസ്ഥാനാർത്ഥികളിൽ 15 പേർ 40 വയസിൽ താഴെയാണ്. കോർപറേഷനിലേക്ക് 25 എൽഡിഎഫ് സ്ഥാനാർത്ഥികളാണ് മൽസരിക്കുന്നത്. പഞ്ചായത്ത് തലത്തിലും പത്തോളം യൗവനങ്ങൾ ജനവിധി തേടുന്നുണ്ട്. പ്രമുഖരായ ഡിവൈഎഫ്‌ഐ നേതാക്കളെ അണിനിരത്തിയാണ് പാലക്കാട് എൽഡിഎഫ്് കോൺഗ്രസിനോടും ബിജെപിയോടും മൽസരിക്കുന്നത്. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥികളിൽ പകുതിയിലധികം 45 വയസിൽ താഴെയുള്ളവരാണ്. മറ്റു ജില്ലകളിലും ഇത്രയുമില്ലെങ്കിലും അനുപാതത്തിൽ മാറ്റം വരുത്താൻ ഇടത് മുന്നണി തയ്യാറായിട്ടുണ്ട്. യുവജനങ്ങളെ സ്ഥാനാർത്ഥികളാക്കിയതിൽ ബിജെപിയും ഒട്ടും പുറകിലല്ല. ചില ഒറ്റപ്പെട്ട ജില്ലകളിലെ പാർട്ടി പരീക്ഷണത്തിന് തയ്യാറായതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കൊല്ലം ജില്ലയിലെ തഴവ ഗ്രാമപഞ്ചായത്തിലെ ബിജെപി സ്ഥാനാർത്ഥി സനൽകുമാർ. 21 ആം വയസിലാണ് സനൽ കുമാർ ജനവിധി തേടുന്നത്. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പൊതുപ്രവർത്തനത്തിലെ കാര്യക്ഷമതയാണ് പരിഗണിച്ചതെന്നാണ് വ്യക്തമാക്കുന്നത്.