തിരുവനന്തപുരം: തൊഴിലാളി വർഗ പാർട്ടിയെന്ന് അറിയപ്പെടുന്ന സിപിഐ(എം) തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ കേന്ദ്രകമ്മറ്റി കൂടുന്നത് സോഷ്യൽ മീഡിയിലടക്കം വൻ വിവാദമായതോടെ വിശദീകരണവുമായി പാർട്ടിനേതാക്കൾ രംഗത്ത്. തലസ്ഥാനം ആദ്യമായി ആതിഥ്യമരുളുന്ന കേന്ദ്ര കമ്മറ്റിയോഗത്തിനായി, ബംഗാളിൽനിന്നും ത്രിപുരയിൽനിന്നം തെലുങ്കാനയിൽനിന്നുമൊക്കെയായി സുരക്ഷാപ്രശ്‌നങ്ങളുള്ള നിരവധി നേതാക്കൾ പങ്കെടുക്കുന്നതിനാണ് യോഗം ഹോട്ടലിലേക്ക് മാറ്റിയതെന്നും, പാർട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിൽ ഇത്രയും വിപുലമായ യോഗത്തിനുള്ള സൗകര്യമില്‌ളെന്നുമാണ് പാർട്ടി നേതാക്കൾ ഇപ്പോൾ പ്രതികരിക്കുന്നത്.

ഇന്നലെ സംസ്ഥാന കമ്മറ്റിയംഗങ്ങളുൾപ്പെടെ പങ്കടെുത്ത വാർത്താ സമ്മേളനത്തിൽ 'തൊഴിലാളി വർഗ പാർട്ടിക്ക് നല്ല ഭക്ഷണം കഴിച്ചു കൂടേ' എന്നായിരുന്നു വിമർശനത്തോട് സംസ്ഥാന കമ്മറ്റിയംഗം കോലിയക്കോട് കൃഷ്ണൻനായരുടെ പ്രതികരണം. രുപാട് സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ള തൊണ്ണൂറോളം പേർ യോഗത്തിൽ പങ്കടെുക്കുന്നുണ്ടെന്നും അതിനാലാണ് പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് യോഗം നടത്തുന്നതെന്ന് സിപിഐ.(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. വാടക കുറവുള്ളതും സർക്കാർ നിയന്ത്രണത്തിലുള്ളതുമായ കെ.ടി.ഡി.സിയുടെ മസ്‌ക്കറ്റ് ഹോട്ടൽ ഉണ്ടായിരുന്നില്ലേ എന്ന ചോദ്യം മാദ്ധ്യമപ്രവർത്തരിൽനിന്ന് ഉയർന്നപ്പോൾ മസ്‌ക്കറ്റ് ഹോട്ടൽ ഇപ്പോൾ ഇത്തരം പരിപാടികൾക്കൊന്നും വിട്ടുകൊടുക്കുന്നില്ലെന്നായിരുന്നു ആനാവൂർ നാഗപ്പന്റെ മറുപടി.

പക്ഷേ ഈ മറുപടിയും സോഷ്യൽ മീഡയയിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. സുരക്ഷാപ്രശ്‌നങ്ങളില്ലാതെ യോഗം നടത്താൻ കഴിയുന്ന എത്രയോ കേന്ദ്രങ്ങൾ തിരുവനന്തപുരത്തുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.മുമ്പ് കോഴിക്കോട്ട് പാർട്ടി കോൺഗ്രസ് ചേർന്നപ്പോഴും, പാലക്കാട് പ്‌ളീനം നടന്നപ്പോഴും പഞ്ചനക്ഷത്ര ഹോട്ടലുകളെയല്ല പാർട്ടി ആശ്രമിച്ചതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് പാർട്ടികോൺഗ്രസ് നടന്നപ്പോൾ ത്രിപുര മുഖ്യമന്ത്രി മണിക്ക് സർക്കാർ അടക്കമുള്ളവർ താമസിച്ചത് ഒരു സാധാരണ ഹോട്ടലിലാണ്. അന്നൊന്നും ഇല്ലാത്ത സുരക്ഷാപ്രശ്‌നം ഇപ്പോൾ എവിടെനിന്നാണ് ഉണ്ടായതെന്നും ബന്ധപ്പെട്ടവർ ചോദിക്കുന്നു.

ഈ സമിതി ചർച്ച ചെയ്യന്ന വിഷയമാണ് അതിലും രസകരം. നോട്ട് അസാധുവാക്കൽ നടപടിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ദുരിതത്തെ കുറിച്ചാണ് കേന്ദ്രകമ്മിറ്റിയിലെ പ്രധാന ചർച്ച. കേന്ദ്രസർക്കാറിനെ അടക്കം രൂക്ഷമായി വിമർശിക്കാൻവേദിയാകുന്നതും തമ്പാനൂരിൽ സ്ഥിതി ചെയ്യന്ന നക്ഷത്ര ഹോട്ടലായ ഹൈസിന്താണ്. കേന്ദ്രക്കമ്മറ്റിയിലെ പ്രധാന ചർച്ചയും ഇന്ത്യയിലെ പണ പ്രതിസന്ധിയും സാധാരണക്കാരന്റെ ദുരിതവും ആണെന്നിരിക്കേ, യോഗത്തിനായി നക്ഷത്ര ഹോട്ടൽ തെരഞ്ഞെടുത്തതിന് എതിരെ അണികളിലും അമർഷം രൂപപ്പെട്ടിട്ടുണ്ട്.

കേന്ദ്രകമ്മിറ്റി യോഗത്തിന്റെ മുന്നോടിയായുള്ള പൊളിറ്റ് ബ്യൂറോ യോഗം ഇന്നലെ തലസ്ഥാനത്ത് ചേർന്നു. എ കെ ജി സെന്ററിൽ വ്യാഴാഴ്ച രാവിലെ ആരംഭിച്ച പൊളിറ്റ്ബ്യൂറോ യോഗത്തിൽ എസ് രാമചന്ദ്രൻപിള്ള അധ്യക്ഷനായി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബിമൻ ബസു, പിണറായി വിജയൻ, ബി വി രാഘവുലു, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി, സൂര്യകാന്തമിശ്ര, എ കെ പത്മനാഭൻ, ബൃന്ദ കാരാട്ട്, മുഹമ്മദ് സലിം, സുഭാഷിണി അലി, ഹന്നന്മൊള്ള, ജി രാമകൃഷ്ണൻ എന്നിവർ പങ്കടെുത്തു.വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഹൈസിന്ത് ഹോട്ടലിലാണ് കേന്ദ്രകമ്മിറ്റി യോഗം.

തലസ്ഥാനം ആദ്യമായി ആതിഥ്യമരുളുന്ന സിപിഐ (എം) പൊളിറ്റ്ബ്യൂറോ യോഗത്തിനും കേന്ദ്രകമ്മിറ്റിക്കും അനുബന്ധമായി ശനിയാഴ്ച വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ജില്ലയിലെ എല്ലാ ജനങ്ങളും അണിനിരക്കണമെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അഭ്യർത്ഥിച്ചു. ജില്ലയിലെ 18 ഏരിയയിൽനിന്നും പാർട്ടി പ്രവർത്തകർ കുടുംബസമേതമത്തെും.

ലക്ഷങ്ങൾ പങ്കെടുക്കുന്ന വൻ സമ്മേളനത്തെ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻപിള്ള, ബിമൻ ബസു, പിണറായി വിജയൻ, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ അഭിസംബോധനചെയ്ത് സംസാരിക്കും.